മുന്‍ പ്രവാസി മലയാളി ഡോക്ടര്‍ക്ക് അയര്‍ലൻഡ് സര്‍ക്കാറിന്റെ അംഗീകാരം
text_fieldsമസ്കത്ത്: ഒമാനില്‍ ദീര്‍ഘകാലം ആതുരസേവന രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന മലയാളി ഡോക്ടർക്ക് അയർലൻഡ് സർക്കാറിന്റെ അംഗീകാരം.അയര്‍ലൻഡിന്റെ ചരിത്രത്തിലെ ഐറിഷ് പൗരനല്ലാത്ത ആദ്യത്തെ പീസ് കമീഷണര്‍ സ്ഥാനത്തേക്കാണ് തൃശൂർ സ്വദേശിയായ ഡോ. ജോര്‍ജ് ലെസ്ലി നിയമിച്ചിരിക്കുന്നത്. ഈ സ്ഥാനത്തേക്ക് എത്തുന്ന ആദ്യ ഇന്ത്യക്കാരനുമാണ് ഇദ്ദേഹം. ഡോ. ജോര്‍ജ് ലെസ്ലി ഇരുപതോളം വര്‍ഷം ഒമാനില്‍ ആതുരരംഗത്ത് പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹിക, സാംസ്കാരിക രംഗങ്ങളിലും സജീവമായിരുന്നു. 'മലയാളം' ഒമാന്‍ ചാപ്റ്ററിന്റെ സ്ഥാപകരിലൊരാളും നിലവില്‍ ചെയര്‍മാനുമാണ്. കേരള സര്‍ക്കാറിന്റെ 'മലയാളം മിഷന്' പദ്ധതിയുടെ ഒമാനിലെ ആദ്യ പ്രസിഡന്റുമായിരുന്നു.
രണ്ടു പതിറ്റാണ്ടുകള്‍ക്ക് മുമ്പാണ് ഉപരിപഠനാർഥം അയര്‍ലൻഡില്‍ എത്തിയത്. നിരവധി യാത്രാക്കുറിപ്പുകളിലൂടെ അയർലൻഡിനെ കുറിച്ച് ലോകത്തിന് പരിചയപ്പെടുത്തിയിട്ടുണ്ട്. ഐറിഷ് സംസ്കാരവും പാരമ്പര്യവും ചരിത്രവും വിവരിക്കുന്ന പുതിയ പുസ്തകത്തിന്റെ പണിപ്പുരയിലാണ് ജോര്‍ജ് ലെസ്ലി. തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍നിന്ന് എം.ബി.ബി.എസ് ബിരുദം, പീഡിയാട്രിക്സില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കി. ഒമാന്റെ പാരമ്പര്യത്തെയും സംസ്കാരത്തെയും കുറിച്ച് വിവരിക്കുന്ന ഡോക്യുമെന്ററി 'സ്ക്രീന്‍ വേള്‍ഡ്' അയര്‍ലൻഡിന്റെ സഹായത്തോടെ ഒരുക്കാനുള്ള പദ്ധതിയിലാണ്. ഭാര്യ: ലൈജ. മക്കള്‍: എബി തോമസ് ലെസ്ലി, അമേരിക്കയിലെ ഒഹോയില് എന്‍ജിനീയറാണ്. രണ്ടാമത്ത മകന് ആബേല്‍ പോള്‍ ലെസ്ലി അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിയാണ്.
തയാറാക്കിയത്: മുഹമ്മദ് അന്‍വര്‍ ഫുല്ല
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.