മുന്തിരി ഫെസ്റ്റിവൽ വൻ വിജയമെന്ന് ഗവർണർ; മേളയുടെ വരുമാനം 58,000 റിയാൽ
text_fieldsമസ്കത്ത്: മുന്തിരി വിളവെടുപ്പിനോട് അനുബന്ധിച്ച് വടക്കൻ ശർഖിയ ഗവർണറേറ്റിൽ നടന്ന ഫെസ്റ്റിവൽ വൻ വിജയമായിരുന്നെന്ന് ഗവർണർ അലി ബിൻ അഹ്മദ് അൽ ശംസി. മേള ചരിത്രത്തിലെ വലിയ വിജയമായെന്നും ആകെ 58,000 റിയാൽ ഉൽപാദിപ്പിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജൂൺ മാസത്തിൽ നടന്ന രണ്ടു ദിവസത്തെ ഫെസ്റ്റിവലിൽ നിരവധി മുന്തിരി കർഷകരും വിവിധ ബന്ധപ്പെട്ട ബിസിനസ് സ്ഥാപനങ്ങളും പങ്കെടുത്തിരുന്നു. വിൽപനക്കും ഉൽപന്നങ്ങളുടെ പരിചയപ്പെടുത്തലിനും മേളയിൽ അവസരമൊരുക്കുകയും ചെയ്തിരുന്നു.
കർഷകർ, ചെറുകിട-ഇടത്തരം സംരംഭകർ, ഉൽപാദകരായ കുടുംബങ്ങൾ, തൊഴിലന്വേഷകർ എന്നിവർക്കും ഏറെ ഉപകാരപ്രദമായ നിലയിലായിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്. ഇതാണ് വലിയ വരുമാനമുണ്ടാകാൻ സഹായിച്ചതെന്നും ഗവർണർ വ്യക്തമാക്കി. മുന്തിരി ഉൽപന്നങ്ങളുടെ മേഖലയിൽ നിക്ഷേപം വർധിപ്പിക്കുകയെന്ന ലക്ഷ്യവും മേളക്കുണ്ടായിരുന്നു. വിവിധ പാക്കേജിങ്, മാർക്കറ്റിങ് കമ്പനികളുടെ പ്രവർത്തനം വ്യാപിപ്പിക്കാനും സ്വകാര്യ മേഖലക്ക് കാർഷിക മേഖലയിൽ നിക്ഷേപത്തിനുള്ള അവസരങ്ങൾ തുറക്കാനും മേള ഉപകരിച്ചു.
ഗവർണറേറ്റും കാർഷിക, ഫിഷറീസ്, ജലവിഭവ വകുപ്പ് മന്ത്രാലയവും ഭവന, നഗരാസൂത്രണ മന്ത്രാലയവും വിവിധ കരാറുകളിലെത്തുന്നതിനും പരിപാടി വേദിയായി. പ്രാദേശിക കർഷകർക്ക് 40 ഹെക്ടർ ഭൂമി കൃഷിക്കായി അനുവദിച്ചതും മോഡൽ മുന്തിരി ഫാമുകൾ തുടങ്ങുന്നതിനുള്ള നിക്ഷേപം സ്വീകരിച്ചതുമടക്കം സുപ്രധാന നേട്ടങ്ങളും ഫെസ്റ്റിവലിനുണ്ടായി. അൽ റൗദ ഗ്രാമത്തിലാണ് ഇത്തവണ മേള നടന്നത്. 35 വ്യത്യസ്തയിനം മുന്തിരികളുടെ 10,000 കിലോ മേളയിൽ വിറ്റുപോയിട്ടുണ്ട്. അന്താരാഷ്ട്ര, പ്രാദേശിക മാധ്യമങ്ങളും ഇത്തവണ മേളയെ വലിയ പ്രാധാന്യത്തോടെയാണ് അവതരിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.