ജി.എസ്.ടി ഇളവ്: ഒമാനിൽ കാർഗോ നിരക്കുകൾ കുറച്ചു
text_fieldsമസ്കത്ത്: ഒമാനിൽ കാർഗോ നിരക്കുകൾ കുറച്ചു. വിദേശത്തുനിന്ന് സമ്മാനമായി അയക്കുന്ന 5000 രൂപ വരെയുള്ള സാധനങ്ങളെ ജി.എസ്.ടിയിൽനിന്ന് ഒഴിവാക്കിയതിെൻറ പശ്ചാത്തലത്തിലാണ് നിരക്കുകൾ കുറക്കാൻ തീരുമാനിച്ചതെന്ന് ഒമാനിലെ കാർഗോ ഏജൻറുമാരുടെ കൂട്ടായ്മ അറിയിച്ചു. കിലോക്ക് 1.400 റിയാലാണ് പുതുക്കിയ നിരക്ക്. നിരക്കിളവ് ഇന്നുമുതൽ പ്രാബല്യത്തിൽ വരുമെന്നും ഏജൻറുമാർ അറിയിച്ചു. സാധനങ്ങൾക്കുള്ള െഎ.ജി.എസ്.ടിയിൽ (ഇൻറഗ്രേറ്റഡ് ജി.എസ്.ടി) അയ്യായിരം രൂപ വരെയുള്ള സാധനങ്ങൾക്ക് ഇളവ് നൽകുന്നത് സംബന്ധിച്ച അറിയിപ്പ് കഴിഞ്ഞ 13നാണ് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചത്. സാധനങ്ങളുടെ വിലയും ചരക്കുകൂലിയും ചേർത്താണ് 5000 രൂപ പരിധി നിശ്ചയിച്ചത്. ഇതിന് മുകളിൽ മൂല്യമുള്ള സാധനങ്ങൾക്ക് 28 ശതമാനം െഎ.ജി.എസ്.ടി, പത്തു ശതമാനം അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടി, മൂന്നു ശതമാനം സെസ് എന്നിങ്ങനെ നേരത്തേ പ്രഖ്യാപിച്ച നികുതി നിരക്ക് നൽകണം.
ഇളവ് ഏതുരീതിയിലാണ് എന്നതു സംബന്ധിച്ച് വ്യക്തത ലഭിച്ചശേഷമാണ് ആനുകൂല്യം നേരിട്ട് ഉപഭോക്താക്കൾക്ക് നൽകാൻ ഏകകണ്ഠമായി തീരുമാനിച്ചതെന്ന് ഏജൻറുമാരുടെ കൂട്ടായ്മയുമായി ബന്ധപ്പെട്ടവർ പറഞ്ഞു. സാധനങ്ങൾ അയക്കുന്നവർ കെ.വൈ.സി നിബന്ധനകൾ കർശനമായി പാലിക്കണം. സാധനങ്ങൾ അയക്കുന്നവരുടെയും സ്വീകർത്താവിെൻറയും തിരിച്ചറിയൽ രേഖകൾ നിർബന്ധമായും നൽകണമെന്നും ഏജൻറുമാർ പറഞ്ഞു. നേരത്തേ 20,000 രൂപയുടെ സാധനങ്ങൾ നാട്ടിലേക്ക് നികുതിയൊന്നുമില്ലാതെ അയക്കാമായിരുന്നു.
കഴിഞ്ഞ ജൂണിലാണ് ഇൗ സൗകര്യം റദ്ദാക്കിയത്. ഇതേ തുടർന്ന് കാർഗോ മേഖല പ്രതിസന്ധിയിലായിരുന്നു. കിലോക്ക് 1.300 റിയാൽ ആയിരുന്ന നിരക്ക് ‘ജി.എസ്.ടി’ കുരുക്കിന് ശേഷം ഇത് 1.600 റിയാലായി വർധിപ്പിക്കുകയും ചെയ്തു. നിരക്ക് ഉയർന്നതോടെ നാട്ടിലേക്ക് പാർസൽ അയക്കുന്നവരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായി. നിരക്കുകൾ കുറക്കുന്നതോടെ കാർഗോ മേഖലയിലും ഒപ്പം സാധനങ്ങൾ വിറ്റുപോകുന്നത് വഴി പൊതു വിപണിയിലും ഉണർവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.