നായെയും പൂച്ചയെയും കൊണ്ടുവരുന്നവർക്ക് മാർഗനിർദേശങ്ങൾ
text_fieldsമസ്കത്ത്: ഒമാനിലേക്ക് വളർത്തുമൃഗങ്ങളായ നായെയും പൂച്ചയെയും കൊണ്ടുവരുന്നവർക്ക് സിവിൽ ഏവിയേഷൻ അതോറിറ്റി മാർഗനിർദേശങ്ങൾ പുറത്തിറക്കി. ഇവ പൂർണമായി പാലിക്കണമെന്നും ഒമാനിൽ നിരോധനമുള്ള വിഭാഗത്തിൽപെട്ട നായ്ക്കളെ കൊണ്ടുവരാൻ അനുവദിക്കരുതെന്നും എയർലൈൻസുകളോട് അധികൃതർ ആവശ്യപ്പെട്ടു.
നായെയും പൂച്ചയെയും ഒമാനിലേക്ക് കൊണ്ടുവരുന്നവർ ഇവയെ വിമാനത്തിൽ കയറ്റുന്നതിന് മുമ്പ് ‘Bayan’ വെബ്സൈറ്റ് വഴി ഇറക്കുമതി പെർമിറ്റ് എടുത്തിരിക്കണം. കയറ്റുമതിചെയ്യുന്ന രാജ്യത്തിലെ ബന്ധപ്പെട്ട അധികൃതർ നൽകുന്ന മൃഗ ആരോഗ്യ സർട്ടിഫിക്കറ്റ് കരുതണം. വളർത്തുമൃഗത്തിന് നാല് മാസത്തിൽ കൂടുതൽ പ്രായം വേണം.
കുത്തിവെപ്പ് സംബന്ധമായ രേഖകൾക്ക് മൈക്രോ ചിപ്പ് ഐഡി ആവശ്യമാണ്. പേവിഷ കുത്തിവെപ്പ് നടത്തിയതിന് ഒരു മാസത്തിന് ശേഷവും ഒരുവർഷത്തിനുള്ളിലുമാണ് ഇറക്കുമതി ലൈസൻസിന് അപേക്ഷിക്കേണ്ടത്. പിറ്റ്ബുൾ, സ്റ്റാഫോർഡ്ഷെയർ ടെറിയർ, അമേരിക്കൻ ബുള്ളി, മാസ്റ്റിഫ്, ഫിലാ ബ്രസിലീറോ, ഡോഗോ അർജൻറീനോ, ജപാനീസ് ടോസ്റ്റ, റോട്ട്വീലർ, ഡോബർമാൻ പിൻചർ, പ്രസാ കനാറിയോ, ബോക്സർ, ബുഇർബോഇൽ, കാസോസിയൻ ഷെപ്പർഡ് ഡോഗ്, അനാട്ടോളിയൻ കരബാഷ്, ഗ്രേറ്റ് ഡയിൻ, മേൽ പറഞ്ഞ വിഭാഗത്തിൽപെട്ട സങ്കരയിനം നായ്ക്കൾക്ക് ഒമാനിൽ ഇറക്കുമതി വിലക്കുണ്ട്. മേൽപറഞ്ഞ നിയമങ്ങൾ ലംഘിച്ച് ഇവയെ ഇറക്കുമതി ചെയ്യുന്നവർ നിയമനടപടികൾക്ക് വിധേയരാവും.
അതിനിടെ പൊതുസ്ഥലങ്ങളിൽ നായ്ക്കളെ കൊണ്ടുപോവുന്നവർക്ക് മസ്കത്ത് മുനിസിപ്പാലിറ്റി നേരത്തെ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. പൊതുജനങ്ങൾ എത്തുന്ന സ്ഥലങ്ങൾ നായ്ക്കൾ വിസർജനം നടത്തുന്നതും ഇവയുടെ മാലിന്യങ്ങൾ ഇടുന്നതും പൊതുജനങ്ങൾക്ക് പ്രയാസങ്ങൾ സൃഷ്ടിക്കുന്നതായി കണ്ടെത്തിയിരുന്നു.
പൊതുയിടങ്ങളിൽ നായ്ക്കൾ വിസർജിക്കുന്നത് തടയാൻ ഉടമകൾ മുൻകരുതലുകൾ എടുക്കുകയും കൂടെ ഉണ്ടാവുകയും വേണം. ബന്ധപ്പെട്ട മൃഗസംരക്ഷണ വിഭാഗത്തിൽനിന്നുള്ള കുത്തിവെപ്പ് സർട്ടിഫിക്കറ്റുകൾ ഉണ്ടായിരിക്കുകയും കഴുത്തിൽ പട്ട ഉണ്ടായിരിക്കുകയും വേണം. നിയമം ലംഘിക്കുന്നവർ 50 റിയാൽ പിഴ അടക്കേണ്ടിവരും. പൊതുജനങ്ങൾ ഇത്തരം നിയമലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ 1111 നമ്പറിൽ വിളിക്കാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.