ബാൽക്കണിയിൽ വസ്ത്രം ഉണക്കാനിടുന്നവർ ജാഗ്രതൈ; 'കീശ കീറും’
text_fieldsമസ്കത്ത്: താമസ ഇടങ്ങളിൽ വസ്ത്രങ്ങൾ ഉണക്കാനിടുന്നവർക്കെതിരെ കർശന നടപടിയുമായി മസ്കത്ത് മുനിസിപ്പാലിറ്റി. കഴിഞ്ഞ ദിവസം പുറത്തിറക്കിയ മാർഗനിർദേശം അനുസരിച്ച് നഗരങ്ങളിലും മറ്റും ബാൽക്കണിയിൽ വസ്ത്രം ഉണക്കാനിടുന്നവർ പിഴക്കൊപ്പം തടവുശിക്ഷയും അനുഭവിക്കേണ്ടിവരും. ബാൽക്കണിയിലും മറ്റു പൊതുജനങ്ങളുടെ ശ്രദ്ധ പതിയുന്ന ഇടങ്ങളിലും വസ്ത്രം ഉണക്കാനിടുന്നവർക്ക് ചിലപ്പോൾ 50 റിയാൽ മുതൽ 5,000 റിയാൽ വരെ പിഴയും അല്ലെങ്കിൽ ഒരു ദിവസം മുതൽ ആറു മാസം വരെ തടവുശിക്ഷയും ലഭിക്കും. മറ്റു നിരവധി മാർഗനിർദേശങ്ങളും അധികൃതർ പുറത്തിറക്കിയിട്ടുണ്ട്.
ബാൽക്കണിയിൽ വസ്ത്രങ്ങൾ തൂക്കിയിടുന്നുണ്ടെങ്കിൽ അവ പുറത്തേക്ക് കാണാത്തവിധം മറയ്ക്കണം. മരത്തടിയാൽ നിർമിച്ച നെറ്റുകളോ മറ്റോ ആണ് വസ്ത്രം മറയ്ക്കാനായി ഉപയോഗിക്കേണ്ടത്. മൂന്നിൽ കൂടുതൽ റെസിഡൻഷ്യൽ യൂനിറ്റുള്ള ഏതൊരു ബഹുനില കെട്ടിടവും ഓരോ യൂനിറ്റിനും വസ്ത്രം ഉണക്കാനുള്ള ഒരു ബാൽക്കണി നൽകണമെന്നും അധികൃതർ നിർദേശിച്ചു.
നഗരങ്ങളിലും മറ്റുമുള്ള കെട്ടിടങ്ങളിലെ ബാൽക്കണികളിൽ വസ്ത്രം ഉണക്കാനിടുന്നത് നഗരസൗന്ദര്യത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. പല രാജ്യങ്ങളിലും ഇതിന് വിലക്കുണ്ട്. വലിയ പിഴയും ഈടാക്കുന്നുണ്ട്. ഒമാനിലും ഇത് നിയമവിരുദ്ധമാണെങ്കിലും പലരും പാലിക്കാറില്ല. അതിനാൽ പലയിടങ്ങളിലും ബാൽക്കണിയിൽ തുണിനിറഞ്ഞുകിടക്കുന്നത് നിത്യ കാഴ്ചയാണ്.കുടുംബമില്ലാതെ താമസിക്കുന്നവരുടെ ബാൽക്കണികളിൽ ദിവസങ്ങളോളം വസ്ത്രങ്ങൾ കിടക്കും. വൃത്തിയില്ലാത്തതും പഴകിയതും മുതൽ അടിവസ്ത്രംവരെ ബാൽക്കണിയിൽ ഉണക്കാനിടുന്നവരുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.