കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും ഒാണം കേമമാക്കാൻ മലയാളികൾ
text_fieldsമസ്കത്ത്: കോവിഡ് വ്യാപനം തടയുന്നതിനുള്ള നിയന്ത്രണങ്ങൾ നിലവിലുണ്ടെങ്കിലും ഒാണാഘോഷം കേമമാക്കാൻ മലയാളികൾ. തിരുവോണത്തെ സാധ്യമാകുന്നത്ര പൊലിമകളോടെ വരവേൽക്കുന്നതിനുള്ള ഒരുക്കത്തിലാണ് ഒമാനിലെ മലയാളികളും. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി എല്ലാവരും അവരവരുടെ വീടുകളിലാകും ഒാണസദ്യയൊരുക്കി ആഘോഷിക്കുക. കോവിഡ് പശ്ചാത്തലത്തിൽ ഒത്തുചേരലുകൾക്കുള്ള വിലക്ക് നിലനിൽക്കുന്നതിനാൽ സംഘടനകളും കൂട്ടായ്മകളും സംഘടിപ്പിക്കുന്ന വിപുലമായ ഒാണാഘോഷങ്ങൾ ഇക്കുറി ഉണ്ടാകില്ല. മുൻ വർഷങ്ങളിലെ പോലെ മാസങ്ങൾ നീളുന്ന ആഘോഷ പരിപാടികളും നാട്ടിൽനിന്നടക്കം അതിഥികൾ എത്തിയുള്ള ആഘോഷ പൊലിമയും ഇൗ വർഷം മറക്കേണ്ടിവരും. ആഘോഷം ഒാണ ദിവസം മാത്രം ഒതുങ്ങുകയും ചെയ്യും. വീട്ടിലുള്ളവർ മാത്രമായിരിക്കും ഇതിൽ പെങ്കടുക്കുക. ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ വിദേശികളും സ്വദേശികളും വീടുകളിലും പുറത്തുമുള്ള ഒത്തുചേരലുകൾ ഒഴിവാക്കണമെന്ന് റോയൽ ഒമാൻ പൊലീസ് ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത്തരം ഒത്തുചേരലുകൾ കുറ്റകരമായ പ്രവൃത്തിയായാണ് കണക്കാക്കുകയെന്നും പിഴ ശിക്ഷയടക്കം ചുമത്തുമെന്നും അധികൃതർ അറിയിച്ചിരുന്നു.
ഒാണ വിഭവങ്ങളെല്ലാം വിപണിയിൽ എത്തിക്കഴിഞ്ഞു. വെള്ളിയാഴ്ച വൈകീട്ടോടെ ഒാണ വിഭവവുമായെത്തുന്ന അവസാന വിമാനവും എത്തി. ഒാണ വിഭവങ്ങളെല്ലാമുണ്ടെങ്കിലും അളവ് കഴിഞ്ഞ വർഷത്തെക്കാൾ 50 ശതമാനം കുറവാണ്. ഇൗ വർഷം 68 ടൺ ഒാണവിഭവങ്ങളാണ് ഒമാനിലെത്തിച്ചതെന്ന് പഴം- പച്ചക്കറി മൊത്ത വ്യാപാര സ്ഥാപനമായ സുഹൂൽ അൽ ഫൈഹ മാനേജിങ് ഡയറക്ടർ അബ്ദുൽ വാഹിദ് പറഞ്ഞു. 75 ടൺ ഒാണ വിഭവങ്ങൾ എത്തിക്കാൻ ശ്രമിച്ചിരുന്നെങ്കിലും വിമാന സർവിസുകളുടെ പ്രശ്നം കാരണം സാധിച്ചില്ല. കഴിഞ്ഞ വർഷം 120 ടൺ സാധനങ്ങളാണ് ഒമാനിലെത്തിയത്. ഒാണ വിഭവങ്ങൾക്ക് ഡിമാൻഡ് അനുഭവപ്പെടുന്നതായും ചില്ലറ വ്യാപാരികളിൽ നിന്ന് കൂടുതൽ ഒാർഡറുകൾ ലഭിക്കുന്നതായും അബ്ദുൽ വാഹിദ് പറഞ്ഞു. എന്നാൽ, സാധാരണ വിമാന സർവിസില്ലാത്തതിനാൽ ചാർേട്ടഡ് വിമാനങ്ങളിലാണ് സാധനങ്ങൾ എത്തിക്കുന്നത്. ഒരു കിലോക്ക് ഒരു റിയാലാണ് ചാർട്ടേഡ് വിമാനങ്ങൾ കാർഗോ ചാർജ് ഇൗടാക്കുന്നത്. ഇത് നേരത്തേയുള്ളതിെൻറ ഇരട്ടിയിലധികമാണ്. അതിനാൽ ഒാണ വിഭവങ്ങൾക്ക് കഴിഞ്ഞ വർഷത്തെക്കാൾ 35 ശതമാനത്തിലധികം അധിക വില നൽകേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് പ്രതിസന്ധി തുടങ്ങിയത് മുതൽതന്നെ ഇന്ത്യയിൽ നിന്നെത്തുന്ന പച്ചക്കറികൾക്കും പഴവർഗങ്ങൾക്കും വില കുത്തനെ ഉയർന്നിട്ടുണ്ട്. ശനി, ഞായർ ദിവസങ്ങളിലെല്ലാം ഒാണവിപണിയിൽ തിരേക്കറും. കോവിഡ് കാരണം നാട്ടിലേക്ക് പോയതിൽ വലിയ ശതമാനം മലയാളികളായതിനാൽ ഒാണ വിപണിയെ ബാധിക്കാനിടയുണ്ടെന്നും അബ്ദുൽ വാഹിദ് പറഞ്ഞു.
ഏത്തപ്പഴം, പൂവൻ, രസകദളി, ചുവന്ന പൂവൻ, പാളയംേകാടൻ, പച്ചക്കായ തുടങ്ങിയ വാഴപ്പഴ ഇനങ്ങളെല്ലാം എത്തിയിട്ടുണ്ട്. കൂടാതെ വാഴയില, പച്ചമാങ്ങ, മുരിങ്ങക്കായ, വെള്ളരി, അമരക്ക, കറിനാരങ്ങ, ചേമ്പ്, കാന്താരി ഉൾപ്പെടെ മുളകിനങ്ങൾ, കാച്ചിൽ, ചേമ്പ്, കൂർക്ക, പടവലം, പയർ, ചെറിയ ഉള്ളി എന്നിവയും എത്തിക്കഴിഞ്ഞു. ഇൗ വർഷം 15 ഇനം പൂക്കളും എത്തിയിട്ടുണ്ട്. എന്നാൽ, ഇൗ വർഷം 360 കിലോ പൂക്കൾ മാത്രമാണ് എത്തിയത്. കഴിഞ്ഞ വർഷം ഒാണക്കാലത്ത് 600 കിലോ പൂവാണ് ഒമാനിെലത്തിയത്.
റസ്റ്റാറൻറുകൾ ഒാണസദ്യക്കായും ഒരുങ്ങിക്കഴിഞ്ഞു. സദ്യ സംബന്ധിച്ച അന്വേഷണങ്ങളും ഒാർഡറുകളും ലഭിക്കുന്നുണ്ടെന്ന് ഇൗ മേഖലയിലുള്ളവർ പറഞ്ഞു. ആരോഗ്യ മുൻകരുതൽ പാലിച്ച് റസ്റ്റാറൻറുകളിൽ ഇരുന്ന് കഴിക്കാൻ അനുമതിയുണ്ടെങ്കിലും കോവിഡ് പശ്ചാത്തലത്തിൽ പാർസൽ സദ്യക്കായിരിക്കും കൂടുതൽ ആവശ്യക്കാർ ഉണ്ടാകാൻ സാധ്യത. പ്രമുഖ ഹൈപ്പർമാർക്കറ്റുകളും സദ്യ പാർസൽ ഒരുക്കുന്നുണ്ട്. ഏതായാലും തൊഴിൽ നഷ്ടം അടക്കം നിരവധി പ്രതിസന്ധികൾക്കിടയിലും മലയാളികൾ ഒാണം ഭംഗിയായി ആഘോഷിക്കാനൊരുങ്ങുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.