വിസ്മയ രാവിലാറാടി സലാല
text_fieldsസലാല: സംഗീതത്തിന്റെയും ചിരിയുടെയും വിസ്മയച്ചെപ്പുകൾ തുറന്ന് ഗൾഫ് മാധ്യമം സലാലയിൽ സംഘടിപ്പിച്ച ഹാർമോണിയസ് കേരളയുടെ നാലാം പതിപ്പ് കലാപ്രേമികൾക്ക് പുത്തൻ അനുഭൂതിയായി. കലയുംചിരിയും ചിന്തയുമൊക്കെ പകർന്നാടിയ സന്ധ്യയിൽനിന്ന് മനം നിറഞ്ഞാണ് പ്രേക്ഷകർ മടങ്ങിയത്. മലയാളികളുടെ പ്രിയ താരങ്ങളായ മനോജ് കെ. ജയനും അപർണ ബാലമുരളിയും അണിനിരന്ന ആഘോഷരാവ് മനസ്സിൽ എന്നും സൂക്ഷിച്ചു വെക്കാനുള്ള മറ്റൊരു കലാസംഗീത രാവായി. കുടുംബപ്രേക്ഷകരുടെ ഇഷ്ടതാരമായ മേഘ്ന സുമേഷിന്റെ കൊച്ചുവർത്തമാനങ്ങളും പാട്ടുകളും ഇരുകൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്.
ഒമാൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ് (ഒ.സി.സി.ഐ) ദോഫാർ ഗവർണറേറ്റ് ചെയർമാൻ നായിഫ് ഹമദ് ആമീർ ഫാദിൽ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസ് സലാലയും കേരളവും തമ്മിലുള്ള പാരസ്പര്യ ബന്ധങ്ങളെക്കുറിച്ച് സദസ്സിനെ ഓർമിപ്പിച്ചു.
ഓത്തുപ്പള്ളീൽ എന്ന പാട്ടുമായി മേഘ്നയാണ് സംഗീത കലാവിരുന്നിന് തുടക്കം കുറിച്ചത്. പിന്നാലെയെത്തിയ ചിത്ര അരുൺ ‘യത്തീമിൻ അത്താണി... എന്ന പാട്ടുകൊണ്ട് കാണികളെ വേറൊരു തലത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും ചെയ്തു. പിന്നിട് ഫാസ്റ്റ് നമ്പറും യുഗ്മ ഗാനങ്ങളുമായി വിധു പ്രതാപിന്റെ നേതൃത്വത്തിൽ അക്ബർ ഖാൻ, ക്രിസ്റ്റകല, ശ്രീജിഷ്, മേഘ്ന സുമേഷ്, ചിത്ര അരുൺ എന്നിവർ തകർത്താടിയപ്പോൾ അൽ മറൂജ് ആംഫി തിയറ്റർ സംഗീതരാവിൽ അലിഞ്ഞുചേർന്നു.
ചടുല നൃത്തച്ചുവടുകളുമായി നിറഞ്ഞാടിയ റംസാനും മനസ്സുകൾ കീഴടക്കിയാണ് വേദിയിൽനിന്ന് മടങ്ങിയത്. ശബ്ദാനുകരണ കലയിലെ പുത്തൻ താരോദയം അശ്വന്ത് അനിൽ കുമാറിന്റെ പ്രകടനം വേറിട്ട അനുഭവമാണ് കാണികൾക്ക് സമ്മാനിച്ചത്. വിവിധ നടന്മാരെ ഉൾപ്പെടുത്തി നടത്തിയ സ്പോട്ട് ഡബ്ബിങ് കൈയടികളോടെയാണ് സദസ്സ് ആസ്വദിച്ചത്.
ആഘോഷ മുഹൂർത്തങ്ങൾ നിറഞ്ഞ നാല് മണിക്കൂർ കടന്നുപോയതറിയാതെ നിറഞ്ഞ മനസ്സുമായാണ് ആയിരങ്ങൾ വേദി വിട്ടിറങ്ങിയത്. ഹാർമോണിയസ് കേരളയുടെ അഞ്ചാം പതിപ്പ് മസ്കത്തിൽ നടക്കുമെന്ന പ്രഖ്യാപനത്തോടെയാണ് ആഘോഷരാവിന് തിരശ്ശീല വീണത്. മിഥുൻ രമേഷായിരുന്നു പരിപാടിയുടെ അവതാരകൻ.
ചടങ്ങിൽ പരിപാടിയുടെ സഹ സ്പോൺസർമാരായ നൂർ അൽശിഫ സ്പെഷലൈസ്ഡ് മെഡിക്കൽ കോംപ്ലക്സ് സലാല മാർക്കറ്റിങ് ആൻഡ് ജനറൽ മാനേജർ സുനിൽ ബേബി, പെൻഗ്വിൻ ഇന്റർനാഷനൽ എൽ.എൽ.സി മാനേജിങ് ഡയറക്ടർ ആസിഫ് ബഷീർ, അൽ ദെല്ല ഗ്രൂപ് ഓഫ് കമ്പനീസ് എക്സിക്യൂട്ടിവ് ഡയറക്ടർ ഷഹീർ അഹമ്മദ് കബീർ, സ്റ്റാർ എമിറേറ്റ്സ് ഹോട്ടൽ അപ്പാർട്മെന്റ് ജനറൽ മാനേജർ അബ്ദുൽ നാസർ, ഒളിമ്പിക് ട്രേഡിങ് ഓപറേഷൻ മാനേജർ ടി. സുധാകരൻ, കോസ്മോ ട്രാവൽ ഒമാൻ കൺട്രി മാനേജർ റംഷീദ് മനന്തല, പ്രജേഷ് കുമാർ അറേബ്യൻ സൗണ്ട് എന്നിവർ നടി അപർണ ബാലമുരളിയിൽനിന്ന് ഉപഹാരങ്ങൾ ഏറ്റുവാങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.