നിയമ പ്രകാരമുള്ള നോട്ടീസും ആനുകൂല്യവും നൽകാതെ ജോലിയിൽ നിന്ന് പിരിച്ചുവിടാമോ?
text_fieldsചോദ്യം:
ഞാൻ ഒരു ഫുഡ് പ്രോസസിങ്ങ് കമ്പനിയുടെ സെയിൽസ് വിഭാഗത്തിൽ ജോലി നോക്കുന്നു. ഏതാനും ദിവസങ്ങൾക്കു മുമ്പ് കമ്പനിയുടെ കുറച്ചു ടെക്നിക്കൽ കാര്യങ്ങൾ ഇമെയിൽ വഴി എെൻറ ഒരു സുഹൃത്തിന് അയച്ചു കൊടുത്തിരുന്നു. അദ്ദേഹം പുതുതായി തുടങ്ങുവാൻ ഉദ്ദേശിക്കുന്ന കമ്പനിയുടെ കാര്യത്തിലേക്ക് പൊതു അറിവിലേക്കായാണ് ഞാൻ ഇത്തരത്തിൽ വിവരങ്ങൾ നൽകിയത്. അതിൽ എനിക്ക് മറ്റു തരത്തിലുള്ള ദുരുദ്ദേശങ്ങൾ ഉണ്ടായിരുന്നില്ല. എെൻറ കമ്പനി മാനേജ്മെൻറ് ഇക്കാര്യം മനസ്സിലാക്കുകയും എന്നെ ഗ്രാറ്റുവിറ്റിയോ മറ്റു ആനുകൂല്യങ്ങളോ തരാതെ പെട്ടെന്നുതന്നെ ജോലിയിൽ നിന്നും പിരിച്ചുവിടുകയും ചെയ്തു. മാത്രമല്ല എനിക്കെതിരെ നിയമനടപടി സ്വീകരിക്കും എന്നും അറിയിച്ചു. ഞാൻ നിരന്തരമായി മാനേജ്മെൻറുമായി ബന്ധപ്പെട്ട് സത്യാവസ്ഥ ബോധ്യപ്പെടുത്താൻ ശ്രമിച്ചതിനെ തുടർന്ന് എനിക്കെതിരായ നിയമ നടപടികൾ അവർ ഒഴിവാക്കി. എന്നാൽ പിരിച്ചുവിടൽ നടപടിയിൽ നിന്നും കമ്പനി പിന്മാറുവാൻ തയ്യാറായില്ല. നിയമപ്രകാരം കമ്പനിക്ക് എന്നെ ഇത്തരത്തിൽ പിരിച്ചുവിടാൻ അർഹതയുണ്ടോ?
(റിയാസുദ്ദീൻ ചാമവിള)
ഒമാൻ തൊഴിൽ നിയമം (റോയൽ ഡിക്രി 35/2003, ഭേദഗതികളോട് കൂടി) ആർട്ടിക്കിൾ 40 ൽ പ്രതിപാദിക്കുന്ന കാരണങ്ങളാൽ ഒരു തൊഴിലുടമക്ക് തൊഴിലാളിയെ മുൻകൂർ നോട്ടീസ് നൽകാതെയും ആനുകൂല്യങ്ങൾ നൽകാതെയും തൊഴിലിൽ നിന്നും പിരിച്ചു വിടാവുന്നതാണ്. ഒമാൻ തൊഴിൽ നിയമം ആർട്ടിക്കിൾ 40 ൽ ഇതിനെ പറ്റി പറയുന്നുണ്ട്. ആർട്ടിക്കിൾ 40 പ്രകാരം ഒരു കമ്പനിക്ക് ചുവടെ വിശദീകരിക്കുന്ന കാരണങ്ങളാൽ ഒരു തൊഴിലാളിയെ ഗ്രാറ്റുവിറ്റിയോ മറ്റു ആനുകൂല്യങ്ങളോ നൽകാതെ പിരിച്ചു വിടാം.
1. തൊഴിലാളി വ്യാജരേഖകൾ ഹാജരാക്കി തട്ടിപ്പുനടത്തി ജോലി കരസ്ഥമാക്കിയിട്ടുണ്ടെങ്കിൽ
2. തൊഴിലാളി വരുത്തി വെക്കുന്ന പിഴവ് നിമിത്തം തൊഴിലുടമക്ക് ഭീമമായ നഷ്ടം സംഭവിക്കുന്ന പക്ഷം. നഷ്ടം സംബന്ധിച്ച് കമ്പനി യഥാസമയം ബന്ധപ്പെട്ട ഡയറക്ടറേറ്റിെൻറ അറിവിൽ പെടുത്തിയാൽ പിരിച്ചുവിടലിന് സാധിക്കും.
3. തൊഴിലാളികൾക്കോ തൊഴിലാളികളുടെയും, തൊഴിൽ സ്ഥലത്തിെൻറയും സുരക്ഷയെ മുൻനിർത്തി എഴുതി തയാറാക്കി തൊഴിൽ സ്ഥലങ്ങളിൽ പ്രദർശിപ്പിച്ചിട്ടുള്ള അത്യാവശ്യ കാര്യങ്ങളെ ലംഘിക്കുകയും അത് വഴി തൊഴിലാളികൾക്കോ തൊഴിൽ സ്ഥാപനത്തിന്നോ നാശനഷ്ടങ്ങൾ സംഭവിക്കുകയോ ചെയ്താൽ.
4. വ്യക്തമായ കാരണങ്ങൾ കൂടാതെ ഒരു വർഷത്തിൽ പത്തോ അതിലധികമോ ദിവസങ്ങളിൽ (തുടർച്ചയായിട്ട് ആകണമെന്നില്ല) ജോലിക്ക് ഹാജരാകാതിരുന്നാൽ. അഞ്ച് ദിവസം ഹാജരാകാതിരുന്നതിന് ശേഷം നോട്ടീസ് നൽകിയിരിക്കണം. തുടർച്ചയായി ഏഴോ അതിലധികമോ ദിവസങ്ങളിൽ ജോലിക്കു ഹാജരാകാതെ വന്നാലും പിരിച്ചുവിടാവുന്നതാണ്.
5. തൊഴിൽ ചെയ്യുന്ന സ്ഥാപനത്തിെൻറ ഏതെങ്കിലും രഹസ്യ സ്വഭാവമുള്ള കാര്യങ്ങൾ മറ്റാരോടെങ്കിലും വെളിപ്പെടുത്തിയാൽ.
6. ഏതെങ്കിലും ഒരു കുറ്റ കൃത്യത്തിൽ പ്രതിയാവുകയും ആയതിെൻറ അന്തിമവിധി എതിരായി വരികയോ, വിശ്വാസ വഞ്ചനക്കോ ലംഘനത്തിനോ, തൊഴിൽ സ്ഥലത്തുള്ള കുറ്റ കൃത്യങ്ങൾക്കോ ശിക്ഷിക്കപ്പെടുകയും ചെയ്താൽ.
7. ജോലി സമയത്ത് മദ്യപിച്ചോ മറ്റു ലഹരി പദാർത്ഥങ്ങൾ ഉപയോഗിച്ച നിലയിലോ കണ്ടെത്തിയാൽ.
8. തൊഴിൽ ഉടമയെയോ ചുമതലയേൽപ്പിക്കപ്പെട്ട മാനേജറെയോ, ഏതെങ്കിലും തൊഴിൽ മേധാവികളെയോ സഹ തൊഴിലാളികലെയോ ഗുരുതരമായി ആക്രമിച്ചു പരിക്കേൽപ്പിക്കുകയും അത് കാരണം പരിക്ക് പറ്റിയവർക്കു പത്തോ അതിലധികമോ ദിവസം ജോലിക്ക് ഹാജരാകുവാൻ കഴിഞ്ഞില്ലായെങ്കിൽ
9 . തൊഴിൽ കരാറിൽ പറഞ്ഞിരിക്കുന്ന തൊഴിലുമായി ബന്ധപ്പെട്ട തെൻറ ഉത്തരവാദിത്തങ്ങളുടെ നടപ്പാക്കൽ സംബന്ധിച്ച് ഒരു ഗുരുതരമായ ലംഘനം നടത്തിയാൽ.
താങ്കളുടെ പ്രവർത്തി ആർട്ടിക്കിൾ 40 (5) െൻറ ലംഘനമായതിനാൽ താങ്കളെ മുൻകൂർ നോട്ടീസ് നൽകാതെയും ആനുകൂല്യങ്ങൾ നൽകാതെയും പിരിച്ചു വിടുന്നതിനു വ്യവസ്ഥയുള്ളതാണ്. ആകയാൽ പരാതിയുമായി മുന്നോട്ടു പോയാൽ താങ്കൾക്ക് അനുകൂല വിധി കിട്ടുന്നതിനുള്ള സാധ്യത വളരെ വിരളമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.