പ്രഭാത പത്രവായന ഗൾഫിൽ സാധ്യമാക്കിയ ഗൾഫ് മാധ്യമം -കെ.ജി. ബാബുരാജൻ
text_fieldsകുട്ടിക്കാലം മുതൽ പത്രം മുടങ്ങാതെ വായിക്കുന്നയാളാണ് ഞാൻ. തിരുവനന്തപുരം പേട്ടയിൽ കേരള കൗമുദി പത്രം ഓഫിസിന് സമീപമാണ് വീട്. കേരള കൗമുദിയുമായി ചെറുപ്പം മുതലേ അടുത്ത ആത്മബന്ധമുണ്ട്. വിദ്യാർഥിയായിരുന്ന നാളിലൊക്കെ കേരള കൗമുദിയിൽ പോകും. പത്രാധിപർ കെ. സുകുമാരനുമായും അദ്ദേഹത്തിന്റെ മക്കളുമായുമെല്ലാം സൗഹൃദമുണ്ട്. എം.കെ. കുമാരൻ ആണ് ചില ദിവസങ്ങളിൽ എഡിറ്റോറിയൽ എഴുതുന്നത്. അദ്ദേഹത്തിന്റെ അടുത്തുചെല്ലുമ്പോൾ എന്നെ വിളിച്ച് എഴുതിക്കും. അദ്ദേഹം പറഞ്ഞുതരും. ഞാൻ എഴുതും.
പിന്നീട് തിരുവനന്തപുരം ആർട്സ് കോളജിലും യൂനിവേഴ്സിറ്റി കോളജിലും തുടർന്ന് എൻജിനീയറിങ് കോളജിലും പഠിക്കുമ്പോഴും ആ പതിവ് തുടർന്നു. അങ്ങനെ നോക്കിയാൽ ഞാനും പത്രപ്രവർത്തനം നടത്തിയിട്ടുണ്ടെന്ന് വേണമെങ്കിൽ പറയാം. അന്നു മുതൽ പത്രവായന മുടക്കേണ്ടി വന്നിട്ടില്ല. ഗൾഫിൽ എത്തിയ കാലത്തും അത് തുടർന്നു. ഗൾഫിൽ പക്ഷേ രണ്ടും മൂന്നും ദിവസം പഴക്കമുള്ള പത്രമായിരുന്നു കിട്ടിക്കൊണ്ടിരുന്നത്. ആ അവസ്ഥ മാറിയത് ഗൾഫ് മാധ്യമം ബഹ്റൈനിൽ പ്രസിദ്ധീകരണം ആരംഭിച്ചപ്പോഴാണ്. അന്നു മുതൽ ഇടക്കാലത്ത് നഷ്ടമായിരുന്ന പ്രഭാത പത്രവായന വീണ്ടും സാധ്യമായി. പിന്നീട് ഡിജിറ്റൽ മാധ്യമങ്ങൾ വന്നു. വാർത്തകൾ അറിയാൻ പലവിധ സംവിധാനങ്ങൾ വന്നു. എങ്കിലും പത്ര പാരായണത്തിന്റെ സുഖം ഒന്നു വേറെ തന്നെയാണ്. അത് ഡിജിറ്റൽ മാധ്യമങ്ങൾക്ക് നൽകാനാകില്ല. വാർത്തകൾ മാത്രമല്ല, വാർത്ത അവലോകനങ്ങളും വിശകലനങ്ങളും രാജ്യത്തെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചുമൊക്കെ മികച്ച അവബോധമുണ്ടാക്കാൻ സഹായിക്കും.
കേരളത്തിലെ സംഭവവികാസങ്ങൾ മാത്രമല്ല, ഇന്ത്യൻ രാഷ്ട്രീയവും വിവിധ സംസ്ഥാനങ്ങളിലെ സംഭവവികാസങ്ങളുമെല്ലാം മാധ്യമത്തിൽ നിന്ന് അറിയാൻ സാധിക്കുന്നു. എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് പ്രവാസികളുടെ ലോകത്ത് കാൽനൂറ്റാണ്ട് പൂർത്തിയാക്കിയ ഗൾഫ് മാധ്യമത്തിന് എല്ലാവിധ ആശംസകളും നേരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.