ഒമാനിൽ കാലാവധി പൂർത്തീകരിക്കാതെ തൊഴിൽ കരാർ അവസാനിപ്പിക്കാൻ കഴിയുമോ?
text_fieldsചോദ്യം:
നിയമാനുസരണമുള്ള നോട്ടീസ് ഒഴിവാക്കപ്പെട്ട് ആനുകൂല്യങ്ങൾ കിട്ടാതെ ഒരു തൊഴിലാളി എങ്ങിനെ പിരിച്ചു വിടപ്പെടാമെന്ന് 'മാധ്യമം' ലോ പോയിൻറിലെ അവസാന ലേഖനത്തിൽ വായിക്കുകയുണ്ടായി. ഇതുപോലെ ഒരു തൊഴിലാളിക്ക് ഏതെല്ലാം സാഹചര്യങ്ങളിലാണ് തൊഴിലിൽ നിന്നും പിരിഞ്ഞു പോകുവാൻ കഴിയുക? തൊഴിലുടമകൾ പിരിച്ചുവിടുകയോ അതല്ലെങ്കിൽ തൊഴിലിൽ നിന്നും പിരിഞ്ഞുപോകലും മാത്രമാണോ ഇത്തരത്തിൽ തൊഴിൽ കരാർ അവസാനിക്കുന്നതിനുള്ള വഴികൾ?
(ജോസ് പോൾ ചെറുവക്കൽ, നിസ്വ)
മറുപടി:
തൊഴിൽ കരാർ അവസാനിക്കുന്നതിന് മുമ്പ് തൊഴിലാളിക്ക് ഒമാൻ തൊഴിൽ നിയമം (റോയൽ ഡിക്രി 35 / 2003 ഭേദഗതികളോടെ) ആർട്ടിക്കിൾ 41ൽ വ്യവസ്ഥ ചെയ്തിരിക്കുന്ന കാരണങ്ങളാൽ ആനുകൂല്യങ്ങൾ നഷ്ടപ്പെടാതെ തന്നെ തൊഴിൽ അവസാനിപ്പിക്കാവുന്നതാണ്. തൊഴിൽ കരാർ ഒരു നിശ്ചിത കാലയളവിലേക്കാണെങ്കിലും പ്രസ്തുത കാലാവധി കഴിഞ്ഞും തൊഴിലുടമയും, തൊഴിലാളിയും യോജിച്ച് തൊഴിൽ മുന്നോട്ടു കൊണ്ടുപേകാൻ തീരുമാനിച്ചാൽ തൊഴിൽ കരാർ നിലവിലുള്ള വ്യവസ്ഥയിൽ പുതുക്കപ്പെട്ടതായി കണക്കാക്കാവുന്നതാണെന്ന് തൊഴിൽ നിയമത്തിലെ 36ാം വകുപ്പിൽ പറയുന്നു.
തൊഴിൽ നിയമത്തിൽ വിശദീകരിച്ചിരിക്കുന്നതനുസരിച്ച് ജോലിയിൽ പ്രവേശിക്കുന്ന ഏതൊരു തൊഴിലാളിക്കും ഒരു പ്രൊബേഷൻ പീരിയഡ് ഉണ്ടായിരിക്കുന്നതാണ്. പ്രതിമാസ വേതനം നൽകുന്നവരുടെ കാര്യത്തിൽ മൂന്നു മാസത്തിലും മറ്റു തരത്തിൽ വേതനം നൽകുന്നവരുടെ കാര്യത്തിൽ ഒരു മാസത്തിലും പ്രൊബേഷൻ പിരീഡ് കൂടരുതെന്നാണ് തൊഴിൽ നിയമത്തിെൻറ 24ാം വകുപ്പിൽ പറയുന്നു. ഇത്തരത്തിൽ നിശ്ചയിക്കപ്പെട്ടിരിക്കുന്ന പ്രോബേഷൻ കാലയളവ് തൊഴിലുടമക്ക് തൊഴിലാളിയുടെ തൊഴിൽപരമായ വൈദഗ്ധ്യം വിലയിരുത്തുന്നതിനും, തൊഴിലാളിക്ക് തെൻറ തൊഴിൽ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതിനുമായുള്ളതാണ്. മേൽ പറഞ്ഞ കാലയളവിൽ യോജിച്ച് പ്രവർത്തിക്കുവാൻ കഴിയില്ലെന്ന് ബോധ്യം വരുന്ന പക്ഷം ഇരു കൂട്ടർക്കും 7 ദിവസത്തെ നിയമാനുസരണമുള്ള മുൻകൂർ നോട്ടീസ് നൽകി തൊഴിൽ കരാർ അവസാനിപ്പിക്കാവുന്നതാണ്. കാലാവധി അവസാനിക്കുന്നതിനു മുമ്പ് തന്നെ ഒരു തൊഴിലാളിക്ക് ചുവടെ പ്രതിപാദിക്കുന്ന കാരണങ്ങളാൽ ആനുകൂല്യങ്ങൾ നഷ്ടപ്പെടാതെ തന്നെ തൊഴിൽ കരാർ അവസാനിപ്പിക്കാവുന്നതാണ്;
1.തൊഴിലുടമയോ ചുമതലപ്പെടുത്തപ്പെട്ടവരോ തൊഴിൽ കരാറിൽ ഏർപ്പെടുന്ന സമയത്ത് കരാറിലെ വ്യവസ്ഥകളിലും നിബന്ധനകളിലും വഞ്ചന നടത്തിയെന്ന് ബോധ്യപ്പെട്ടാൽ.
2. തൊഴിൽ നിയമത്തിലോ, തൊഴിൽ കരാറിലോ പറഞ്ഞിരിക്കുന്ന തൊഴിലുടമയിൽ അർപ്പിതമായിരിക്കുന്ന പ്രധാനപ്പെട്ട ഏതെങ്കിലും ചുമതലകൾ നിർവഹിക്കാതിരുന്നാൽ.
3. തൊഴിലുടമയോ, ചുമതലക്കാരോ തൊഴിലാളിയോടോ, തൊഴിലാളിയുടെ ഏതെങ്കിലും കുടുംബാങ്ങങ്ങളോടോ സദാചാരവിരുദ്ധമായി പെരുമാറിയാൽ.
4. തൊഴിലുടമായാലോ ചുമതക്കാരാലോ തൊഴിലാളി ആക്രമിക്കപ്പെട്ടാൽ.
5.തൊഴിൽ സ്ഥലങ്ങളിൽ തൊഴിലാളിയുടെ ആരോഗ്യത്തെയും സുരക്ഷയെയും ബാധിക്കുന്ന അപകടാവസ്ഥ നിലനിൽക്കുകയും ആത് മനസിലാക്കിയിട്ടും തൊഴിലുടമ വേണ്ട സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടില്ലെങ്കിൽ.
തൊഴിലാളിക്ക് മേൽ പറഞ്ഞ ഏതെങ്കിലും കാരണങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിൽ നിയമ പ്രകാരമുള്ള മുൻകൂർ നോട്ടീസ് നൽകി തൊഴിൽ അവസാനിപ്പിക്കാവുന്നതാണ്. ഇത്തരം സാഹചര്യങ്ങളിൽ തൊഴിലാളിയുടെ കൃത്യമായ സേവന കാലയളവ് കണക്കിലെടുത്ത് ഗ്രാറ്റുവിറ്റിയും തീരുമാനിക്കപ്പെട്ട മറ്റു ആനുകൂല്യങ്ങളും തൊഴിലുടമ നൽകേണ്ടതാണ്.
ഇതു കൂടാതെ ചുവടെ വിവരിക്കുന്ന മറ്റു കാരണങ്ങളാലും തൊഴിൽ കരാർ അവസാനിക്കുന്നതായി കണക്കാക്കാവുന്നതാണ്.
1. തൊഴിൽ കരാറിെൻറ കാലാവധി അവസാനിക്കുകയോ, കരാറിൽ പരസ്പരം സമ്മതിച്ചിരുന്ന
തൊഴിൽ അവസാനിക്കുകയോ ചെയ്താൽ
2. തൊഴിലാളിയുടെ മരണം സംഭവിച്ചാൽ
3. തെൻറ തൊഴിൽ തുടർന്ന് കൊണ്ടുപോകുന്നതിനുള്ള കഴിവ് തൊഴിലാളിക്ക് നഷ്ടമായാൽ.
4. തൊഴിലാളി രാജി വെക്കുകയോ പിരിച്ചു വിടപ്പെടുകയോ ചെയ്താൽ. ഈ നിയമത്തിലെ വ്യവസ്ഥകൾക്കനുസൃതമായി തൊഴിൽ നിർത്തിവെക്കപ്പെട്ടാലും കരാർ അവസാനിക്കും.
5. ഒരു വാർഷിക കാലാവധിയിൽ പത്തോ അതിലധികമോ ദിവസങ്ങളിൽ തൊഴിലാളിക്ക് സുഖമില്ലാത്തതിനാൽ തൊഴിൽ തുടരുവാൻ കഴിയാതെ വന്നാൽ.
തൊഴിലാളിയുടെ തൊഴിൽ ചെയ്യുവാനുള്ള കഴിവില്ലായ്മ അല്ലെങ്കിൽ സുഖമില്ലായ്മ ബന്ധപ്പെട്ട മന്ത്രാലയം രൂപീകരിച്ചിട്ടുള്ള മെഡിക്കൽ കമ്മീഷൻ നൽകുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് പ്രകാരമാണ് അംഗീകരിക്കപ്പെടുക. ഇക്കാര്യത്തിലുള്ള കമ്മീഷെൻറ തീരുമാനം അന്തിമമായിരിക്കും. ഇത്തരത്തിൽ പറഞ്ഞിരിക്കുന്ന ഏതെങ്കിലും കാരണങ്ങളാൽ കരാർ അവസാനിക്കുന്ന പക്ഷം ആർട്ടിക്കിൾ 39 പ്രകാരമുള്ള ഗ്രാറ്റുവിറ്റിക്ക് തൊഴിലാളി അർഹനായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.