ഒമാൻ ഹെൽത്ത് എക്സിബിഷനിൽ 'ഹീൽമി കേരള'യുമായി 'ഗൾഫ് മാധ്യമം'
text_fieldsമസ്കത്ത്: രാജ്യത്തെ ഏറ്റവും വലിയ ആരോഗ്യമേളയായ ഒമാൻ ഹെൽത്ത് എക്സിബിഷൻ ആൻഡ് കോൺഫറൻസിൽ 'ഹീൽമി കേരള'യുമായി 'ഗൾഫ് മാധ്യമം'. ഒമാൻ ആരോഗ്യമന്ത്രാലയത്തിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 26 മുതൽ മൂന്ന് ദിവസങ്ങളിലായി ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ നടക്കുന്ന മേളയിലാണ് കേരളത്തിന്റെ പ്രത്യേക പവലിയനൊരുങ്ങുന്നത്. 'ഹീൽമി കേരള'യുടെ ലോഗോ എക്സിബിഷൻ സംഘാടകരായ 'കണക്ടു'മായി ചേർന്ന് പുറത്തിക്കി. ഗൾഫ് മാധ്യമം-മീഡിയവൺ മിഡിലീസ്റ്റ് ഡയറക്ടർ സലീം അമ്പലൻ, ഗ്ലോബൽ ബിസിനസ് ഓപറേഷൻസ് ജനറൽ മാനേജർ മുഹമ്മദ് റഫീഖ്, കണക്ട് ഇവന്റ് ഡയറക്ടർ സത്യം ചോപ്ര, സെയിൽസ് മാനേജർ ഇദ്രീസ് അൽസദ്ജാലി, ഗൾഫ് മാധ്യമം ഒമാൻ റെസിഡന്റ് മാനേജർ ഷക്കീൽ ഹസ്സൻ, മാർക്കറ്റിങ് മാനേജർ ഷൈജു സലാഹുദ്ദീൻ, ലിങ്ക്സ് മൈസ് ഒമാൻ ഡയറക്ടർ ലിജിഹാസ് ഹുസൈൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
കേരളത്തിന്റെ ആരോഗ്യമേഖലയിലെ നേട്ടങ്ങളും സേവനങ്ങളും പരിചയപ്പെടുത്തുക എന്നതാണ് പവലിയനിലൂടെ ലക്ഷ്യമിടുന്നത്. പരമ്പരാഗത ചികിത്സാരീതിയുൾപ്പെടെ കേരളത്തിന്റെ ആരോഗ്യമേഖലയിലെ ഉണർവുകൾ ഒമാനി സമൂഹത്തിന് പരിചയപ്പെടുത്തുന്നതിനൊപ്പം ആഗോളതലത്തിലേക്കുകൂടി വ്യാപിപ്പിക്കാനും ഇതിലൂടെ സാധിക്കും. യൂറോപ്പിനെ കിടപിടിക്കുന്നതാണ് കേരളത്തിലെ ആരോഗ്യരംഗം.
ഒമാനിൽനിന്നടക്കം നിരവധിപേരാണ് വർഷംതോറും ചികിത്സതേടി മലയാളമണ്ണിൽ എത്തുന്നത്. ഇത്തരം ആളുകളിലേക്ക് തങ്ങളുടെ സ്ഥാപനങ്ങളെയും സേവനങ്ങളെയും കൂടുതൽ പരിചയപ്പെടുത്തുന്നതിനുള്ള വിശാലകവാടമായി 'ഹീൽമി കേരള' മാറും. ആരോഗ്യരംഗത്തെ വിപണിസാധ്യതകളും ഉയർന്നുവരുന്ന അവസരങ്ങളും പരിചയപ്പെടുത്തുന്ന അന്താരാഷ്ട്ര വാർഷികപരിപാടിയാണ് ഒമാൻ ഹെൽത്ത് എക്സിബിഷൻ ആൻഡ് കോൺഫറൻസ്. ഇതോടനുബന്ധിച്ച് ഒമാൻ മെഡിക്കൽ സ്പെഷാലിറ്റി ബോർഡ് സംഘടിപ്പിക്കുന്ന മെഡിക്കൽ കോൺഫറൻസിൽ ആരോഗ്യരംഗത്തെ പ്രമുഖരെ പങ്കെടുപ്പിക്കാനും ഗൾഫ് മാധ്യമം പദ്ധതിയിടുന്നുണ്ട്.
എല്ലാ വർഷവും നടക്കുന്ന ഈ മഹാമേളയിൽ മെഡിക്കൽ ടൂറിസം, ഹെൽത്ത്കെയർ എക്സിബിഷൻ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളാണുള്ളത്. മെഡിക്കൽ പ്രഫഷനലുകൾ, നിർമാതാക്കൾ, വിതരണക്കാർ, സേവനദാതാക്കൾ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവർ പങ്കാളികളാകും. പുതിയ സാങ്കേതികവിദ്യകൾ, സേവനങ്ങൾ,
പ്രദർശിപ്പിക്കുന്നതിനും വ്യാപാരത്തിനും നിക്ഷേപത്തിനുമുള്ള സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനും മേള അവസരമൊരുക്കും. ഒമാന്റെ ഹെൽത്ത് വിഷൻ 2050ന് അനുസൃതമായിക്കൊണ്ടാണ് കോൺഫറൻസ് നടത്തുന്നത്. 2009ൽ ആരംഭിച്ച മേള 2013ൽ യു.എഫ്.ഐ അംഗീകൃത അന്താരാഷ്ട്ര പരിപാടിയായി സാക്ഷ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന എക്സിബിഷനിൽ ഇന്ത്യൻ പവലിയൻ ഒരുക്കുന്നത് 'ലിങ്ക്സ് മൈസ് ഒമാൻ' ആണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.