ഗൾഫ് ട്വന്റി 20: ബഹ്റൈനോട് ഒരു റണ്ണിന്റെ തോൽവി വഴങ്ങി ഒമാൻ
text_fieldsമസ്കത്ത്: ഗൾഫ് ട്വന്റി 20 ഇന്റർനാഷനൽ (ട്വന്റി 20 ഐ) ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിലെ മൂന്നാം മത്സരത്തിൽ ഒമാന് തോൽവി. ദോഹയിലെ വെസ്റ്റ് എൻഡ് പാർക്ക് ഇന്റർനാഷനൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന കളിയിൽ ഒരു റൺസിന് ബഹ്റൈനോടാണ് തോറ്റത്. ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ഒമാൻ ബഹ്റൈനെ ഏഴ് വിക്കറ്റിന് 123 എന്ന കുറഞ്ഞ സ്കോറിന് പുറത്താക്കി. എന്നാൽ, മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒമാന് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 122 റൺസെടുക്കാനേ കഴിഞ്ഞുള്ളു. ഇതോടെ ടൂർണമെന്റിലെ ഒമാന്റെ നില കൂടുതൽ പരിങ്ങലാവുകയും ചെയ്തു. അഞ്ചാം സ്ഥാനത്താണ് ഒമാൻ. ശേഷിക്കുന്ന രണ്ട് കളിയിൽ മികച്ച റൺറേറ്റോടെ വിജയിച്ചാലേ ഇനി കലാശക്കളിയിലേക്ക് നേരിയ സാധ്യതയുള്ളു. ഒമാൻ നിരയിൽ കശ്യപ് പ്രജാപതി (49), അയാൻ ഖാൻ (21) എന്നിവരൊഴികെ മറ്റുള്ളവർക്കൊന്നും കാര്യമായി സംഭാവന ചെയ്യാനായില്ല. സത്തയ്യ വീരപതിരൻ എറിഞ്ഞ അവസാന ഓവറിൽ മൂന്ന് വിക്കറ്റ് കൈയിലിരിക്കെ ഒമാന് ജയിക്കാൻ 11 റൺസായിരുന്നു ആവശ്യമുണ്ടായിരുന്നത്. ആദ്യപന്തിൽ സിക്സറടിച്ച് നസീം കുശിത്ത് വിജയ പ്രതീക്ഷ നൽകിയെങ്കിലും അടുത്തപന്തിൽ പുറത്തായി. പിന്നീട് കണിശമായി ബാൾ എറിഞ്ഞ വീരപതിരൻ ആകെ പത്ത് റൺസ് വിട്ടുനൽകി ബഹ്റൈന് ത്രസിപ്പിക്കുന്ന വിജയം സമ്മാനിക്കുകയായിരുന്നു. ഒമാനുവേണ്ടി ഫയാസ് ബട്ട് മൂന്നും ബിലാൽ ഖാൻ രണ്ടും വിക്കറ്റുകൾ സ്വന്തമാക്കി. ഒമാന്റെ അടുത്ത മത്സരങ്ങൾ സൗദി, കുവൈത്ത് എന്നിവർക്കെതിരെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.