ഹബ്തകളിൽ പെരുന്നാളാരവം വ്യാപാര സ്ഥാപനങ്ങളിലും തിരക്ക്
text_fieldsമസ്കത്ത്: വിശുദ്ധ റമദാെൻറ 24 ദിനങ്ങൾ പിന്നിട്ടതോടെ നാടും നഗരവും പെരുന്നാൾ തിരക്കിലായി. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ ആരംഭിച്ച ‘ഹബ്ത’ എന്ന പേരിൽ അറിയപ്പെടുന്ന പരമ്പരാഗത ചന്തകളും പെരുന്നാൾ കാഴ്ചകൾക്ക് നിറം പകർന്നു. പെരുന്നാൾ വിളിപ്പാടകലെ എത്തിയതോടെ നഗരങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും തിരക്ക് വർധിച്ചു. റോഡിൽ തിരക്കനുഭവപ്പെടുന്നത് കാരണം ഗതാഗത കുരുക്കും അനുഭവപ്പെടുന്നുണ്ട്. റൂവി, മത്ര തുടങ്ങിയ നഗരങ്ങിൽ വാഹനങ്ങളുടെ വൻ നിര പ്രത്യക്ഷപ്പെട്ടു തുടങ്ങി. പെരുന്നാൾ പ്രമാണിച്ച് ചെറുതും വലുതുമായ വ്യാപാര സ്ഥാപനങ്ങൾ രാത്രി ഏറെ വൈകിയും തുറന്നു പ്രവർത്തിക്കുന്നുണ്ട്. ഇതിനാൽ, നഗരങ്ങളിൽ രാത്രിയാണ് കൂടുതലും തിരക്ക് പ്രത്യക്ഷപ്പെടുന്നത്.
കടുത്ത ചൂട് കാരണം പെരുന്നാൾ വസ്ത്രങ്ങളും സുഗന്ധ ദ്രവ്യങ്ങളും മറ്റും വാങ്ങുന്നവർ പകൽ ഒഴിവാക്കുന്നതും രാത്രി കാല തിരക്ക് വർധിക്കാൻ കാരണമാക്കുന്നുണ്ട്. പെരുന്നാൾ പ്രമാണിച്ചുള്ള ഒാഫറുകൾ നേരത്തേതന്നെ വ്യാപാരസ്ഥാപനങ്ങൾ പ്രഖ്യാപിച്ചിരുന്നു. റമദാൻ ആരംഭം മുതൽ വിവിധ ഒാഫറുകളാണ് വ്യാപാര സ്ഥാപനങ്ങൾ നൽകുന്നത്. വ്യാപാര സ്ഥാപനങ്ങൾ തമ്മിലുള്ള മത്സരങ്ങളും ഒാഫറുകൾ വർധിപ്പിക്കാൻ കാരണമാക്കിയിട്ടുണ്ട്. ഒമാനിലെ എല്ലാ പ്രധാന ഹൈപ്പർ മാർക്കറ്റുകളും ഒാഫറുകൾ പ്രഖ്യാപിച്ചിരുന്നു.
ഇത്തരം ഒാഫറുകൾ നേരത്തേ പ്രഖ്യാപിച്ചത് ഹൈപ്പർ മാർക്കറ്റുകളിൽ തിരക്ക് കുറക്കാൻ സഹായിച്ചിട്ടുണ്ട്. ഹൈപ്പർ മാർക്കറ്റുകളും വ്യാപാര സ്ഥാപനങ്ങളും വൻ ഒാഫറുകൾ നൽകുന്നത് ചെറുകിട വ്യാപാരികളെയും സാരമായി ബാധിച്ചിട്ടുണ്ട്. ഇത്തരം വ്യാപാര സ്ഥാപനങ്ങളിൽ തിരക്ക് തീരെ കുറഞ്ഞതായി വ്യാപാരികൾ പറയുന്നു. പെരുന്നാളിെൻറ ഭാഗമായ പരമ്പരാഗത ഹബ്ത ചന്തകൾ വാദി ബനീ ഖാലിദ്, ഇബ്രി, റുസ്താഖ് എന്നിവിടങ്ങളിൽ വെള്ളിയാഴ്ച മുതൽ ആരംഭിച്ചു.
മറ്റു ചന്തകൾ ശനിയാഴ്ച മുതലും ആരംഭിച്ചു. വാദീ ബനീഖാലിദിലെ ഖാലിദിയ്യ, ഉംഖ്, അൽ മുസൽഹ, ഹവീരിയ്യ എന്നിവിടങ്ങളിൽ പെരുന്നാൾ ചന്തകളുണ്ട്. ഇബ്ര, അൽ യഹ്മദി, അൽ സഫാല, സൂർ, സമാഇൗൽ, വാദീ അൽ മഹാവിൽ, ബിദിയ, ഖാബൂറ, ജലാൻ ബനീ ബുആലി, സുവൈഖ്, ബർക, ജലാൻ ബൂ ഹസൻ, നഖൽ, സീബ്, അൽ കാമിൽ അൽ വാഫി, അൽ ഖാബിൽ എന്നിവിടങ്ങളിലും പെരുന്നാൾ ചന്തകളുണ്ടാവും. ചില ഹബ്തകൾ റമദാൻ 28 മുതലാണ് പ്രവർത്തനം ആരംഭിക്കുക.
രണ്ട് ഇൗദുകളോടനുബന്ധിച്ചാണ് ഹബ്ത ചന്തകൾ പ്രവർത്തിക്കുന്നത്. തുറന്ന സ്ഥലങ്ങളിലും മരത്തണലിലും മറ്റുമായാണ് ചന്തകൾ പ്രവർത്തിക്കുന്നത്. ഇത്തരം ചന്തകൾ സന്ദർശിക്കുന്നതും പെരുന്നാൾ ഉൽപന്നങ്ങൾ വാങ്ങുന്നതും ഒമാനികളുടെ പരമ്പരാഗത ശൈലിയാണ്. രാവിലെ 11 മുതൽ അർധരാത്രി വരെ പ്രവർത്തിക്കുന്ന ഹബ്തകളിൽ നല്ല തിരക്ക് അനുഭവപ്പെടാറുണ്ട്. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള കച്ചവടക്കാർ ഇത്തരം ചന്തകളിലെത്തുന്നുണ്ട്. കന്നുകാലികൾ, പരമ്പരാഗത വസ്ത്രങ്ങൾ, വീട്ടുപകരണങ്ങൾ, കളിപ്പാട്ടങ്ങൾ, കൈകൊണ്ടുണ്ടാക്കിയ ഖഞ്ചറുകൾ, ഉൗന്നുവടികൾ, കൈകൊണ്ട് തുന്നിയുണ്ടാക്കിയ ഒമാനി തൊപ്പികൾ തുടങ്ങിയ ഇത്തരം ചന്തകളിൽ സുലഭമായിരിക്കും.
വിവിധ തരം ഒമാനി ഹൽവ, ഇൗത്തപ്പഴം, പഴങ്ങൾ, സുഗന്ധ ദ്രവ്യങ്ങൾ, തുടങ്ങിയവും ഹബ്തയിലുണ്ടാവും. ഇവയിൽ മിക്കതും വീടുകളിൽ നിർമിച്ചതായിരിക്കും. സ്വദേശികൾ വിവിധ സ്ഥലങ്ങളിലെ ചന്തകൾ സന്ദർശിക്കാറുണ്ട്. ചന്തയുടെ അന്തരീക്ഷവും പാരമ്പര്യവും ആസ്വദിക്കാനാണിത്. നല്ല ഉൽപന്നങ്ങൾ തെരഞ്ഞെടുക്കാനായി വിവിധ ചന്തകൾ സന്ദർശിക്കുന്നവരുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.