ഹഫീത് റെയിൽ പദ്ധതി; ട്രെയിൻ എൻജിനുകൾക്കായി കരാർ
text_fieldsമസ്കത്ത്: യു.എ.ഇയെയും ഒമാനെയും ബന്ധിപ്പിച്ച് നിർമിക്കുന്ന ഹഫീത് റെയിലിന് ട്രെയിൻ എൻജിനുകൾ വിതരണം ചെയ്യുന്നതിന് പ്രോഗ്രസ് റെയിലുമായി കരാർ ഒപ്പിട്ടു. ഭാരം കൂടിയ ചരക്കുകൾ കടത്താനുതകുന്ന എൻജിനുകൾ നിർമിക്കുന്നതിനാണ് കരാർ.
പ്രദേശത്തിന്റെ ഭൂമിശാസ്ത്രത്തിനും കാലാവസ്ഥക്കും ഇണങ്ങുന്ന തരത്തിലും സുരക്ഷ, സുസ്ഥിരത, പരിസ്ഥിതി സംരക്ഷണം എന്നിവയുടെ ഉയർന്ന അന്തർദേശീയ മാനദണ്ഡങ്ങൾ പാലിക്കുന്ന തരത്തിലാണ് എൻജിനുകൾ രൂപകൽപന ചെയ്തിരിക്കുന്നത്. അബൂദബിയിൽ നടക്കുന്ന ഗ്ലോബൽ റെയിൽ എക്സിബിഷൻ ആൻഡ് കോൺഫറൻസിന്റെ ഭാഗമായാണ് ഹഫീത് കമ്പനി അധികൃതർ കരാറിലെത്തിയത്.
സംയുക്ത നെറ്റ്വർക്ക് പ്രോജക്ട് വികസിപ്പിക്കുന്നതിന് പിന്തുണ നൽകുന്നതിനായി മാനേജ്മെന്റ്, എൻജിനീയറിങ് കൺസൾട്ടൻസി സേവനങ്ങൾക്കായി പ്രമുഖ ഫ്രഞ്ച് എൻജിനീയറിങ്, കൽസൽട്ടിങ് കമ്പനിയായ സിസ്ട്രയുമായും ധാരണയിലെത്തിയിട്ടുണ്ട്. ദിവസങ്ങൾക്കുമുമ്പ് റെയിലിന്റെ നിർമാണങ്ങൾക്ക് കരുത്തുപകർന്ന് സാമ്പത്തിക കരാറുകളിലും അധികൃതർ ഒപ്പുവെച്ചിരുന്നു. 150 കോടി ഡോളറിന്റെ കരാറിലാണ് ഹഫീത് റെയിൽ അധികൃതർ എത്തിയിരിക്കുന്നത്.
പ്രാദേശിക, അന്തർദേശീയ ബാങ്കുകൾക്ക് പുറമെ ഒമാനി, ഇമാറാത്തി ബാങ്കുകളിൽനിന്നുമാണ് ഇത്രയും ധനസഹായം. ഇത്തിഹാദ് റെയിൽ ഡയറക്ടർ ബോർഡ് ചെയർമാൻ ശൈഖ് തിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിൽ ആയിരുന്നു കരാർ ഒപ്പിട്ടത്. ഹഫീത് റെയിലിനായുള്ള സാമ്പത്തിക കരാറുകളിൽ ഔദ്യോഗികമായി ഒപ്പുവെച്ചതിലൂടെ ഒരു പ്രധാന നാഴികക്കല്ലാണ് പിന്നിട്ടിരിക്കുന്നത്.
പ്രദേശത്തിന്റെ ഗതാഗത-ലോജിസ്റ്റിക് മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിതുറക്കുന്നതാണ് പദ്ധതി. പാതയിൽ 2.5 കിലോമീറ്റർ വീതമുള്ള രണ്ട് തുരങ്കങ്ങളും 36 പാലങ്ങളും ഉണ്ടാകും. പാലത്തിന് ചിലത് 34 മീറ്റർ ഉയരമുണ്ടാകും. വൈവിധ്യമാർന്ന ഭൂപ്രദേശങ്ങളും കാലാവസ്ഥാ സാഹചര്യങ്ങളും പരിഗണിച്ച് വളരെ തന്ത്രപരമായി തയാറാക്കിയതാണ് റെയിൽവേ ശൃംഖല.
ഏറ്റവും നൂതന സാങ്കേതിക വിദ്യകളായിരിക്കും നിർമാണത്തിനായി ഉപയോഗിക്കുക. അത്യാധുനിക റെയിൽ ശൃംഖല വിവിധ വ്യവസായിക മേഖലകളെയും സാമ്പത്തിക പ്രവർത്തനങ്ങളെയും ഉത്തേജിപ്പിക്കും. ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന 300 കി.മീറ്റർ ദൂരത്തിലുള്ള റെയിൽ ശൃംഖല നിർമിക്കുന്നതിന് 2022ൽ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ ഒമാൻ സന്ദർശന വേളയിൽ കരാർ ഒപ്പിട്ടിരുന്നു. മണിക്കൂറിൽ 200 കി.മീറ്റർ വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്ന ട്രെയിനുകൾ അബൂദബിയെയും ഒമാനിലെ സുഹാറിനെയും ബന്ധിപ്പിക്കുന്ന രീതിയിലാണ് നിർമിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.