ഹജ്ജ്: രജിസ്റ്റർ ചെയ്തത് 13,541 പേർ
text_fieldsമസ്കത്ത്: ഹജ്ജ് കർമം നിർവഹിക്കാനായി രാജ്യത്ത് ബുധനാഴ്ചവരെ രജിസ്റ്റർ ചെയ്തിരിക്കുന്നത് 13,541 പേർ. തിങ്കളാഴ്ചയായിരുന്നു ഔഖാഫ്, മതകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ ഹജ്ജിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചത്. ഏറ്റവും കൂടുതൽ പേർ അപേക്ഷിച്ചിരിക്കുന്നത് ദാഖിലിയ ഗവർണറേറ്റിൽനിന്നാണ്. 2,455 ആളുകളാണ് ബുധനാഴ്ച വരെ അപേക്ഷിച്ചിരിക്കുന്നത്. 2,054 അപേക്ഷകരുമായി വടക്കൻ ബാത്തിനയാണ് രണ്ടാം സ്ഥാനത്ത്.
മുസന്ദം-106, ബുറൈമി -226, തെക്കൻ ബാത്തിന -1,299, മസ്കത്ത് -2,032, വടക്കൻ ശർഖിയ -1,320, തെക്കൻ ശർഖിയ -1,016, ദാഹിറ -647, അൽ വുസ്ത 127, ദോഫാർ 1,174 എന്നിങ്ങനെയാണ് മറ്റ് ഗവർണറേറ്റുകളിലെ കണക്കുകൾ. പുണ്യകർമം നിർവഹിക്കാനായി ബുധനാഴ്ചവരെ 1,085 വിദേശികളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 200 വിദേശികള്‍ക്കാണ് ഇത്തവണ ഒമാനില്‍നിന്ന് ഹജ്ജിന് അവസരമുള്ളത്. ഹജ്ജിന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് അടുത്ത ദിവസങ്ങളില്‍ മന്ത്രാലയത്തില്‍നിന്ന് സന്ദേശം ലഭിക്കും.
ഹജ്ജിന് പോകുന്നവർക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ ശനിയാഴ്ച അവസാനിക്കും. www.hajj.om എന്ന ലിങ്കിലൂടെയാണ് രജിസ്ട്രേഷൻ നടത്തേണ്ടത്. സിവിൽ നമ്പറോ, മൊബൈൽ നമ്പറോ ഫോണിൽ ഐഡി കാർഡ് റീഡിങ് ഉപയോഗിച്ചും രജിസ്ട്രേഷൻ നടത്താം. ഈവർഷം 6,428 പേർക്കാണ് ഒമാനിൽനിന്ന് ഹജ്ജിന് പോവാൻ സൗകര്യമുണ്ടാവുക. കോവിഡ് പ്രതിസന്ധി കാരണം മുൻ വർഷത്തെക്കാൾ 45 ശതമാനം കുറവാണിത്. രജിസ്ട്രേഷൻ സംബന്ധമായ അന്വേഷണങ്ങൾ 80008008 എന്ന ഹോട്ട് ലൈൻ നമ്പറിൽ ഔദ്യോഗിക പ്രവൃത്തിസമയങ്ങളിൽ ബന്ധപ്പെടാവുന്നതാണ്.
18-65 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്കാണ് അപേക്ഷിക്കാൻ കഴിയുക. അപേക്ഷകർ രണ്ടു ഡോസ് അംഗീകൃത കോവിഡ് വാക്സിൻ എടുത്തവരായിരിക്കുകയും സർട്ടിഫിക്കറ്റിന് ആരോഗ്യമന്ത്രാലയത്തിന്റെ സാക്ഷ്യപ്പെടുത്തൽ ഉണ്ടാകുകയും വേണം. ഹജ്ജ് യാത്രക്ക് 72 മണിക്കൂറിനുള്ളിൽ പി.സി.ആർ ടെസ്റ്റ് എടുക്കുകയും വേണം.കഴിഞ്ഞ രണ്ട് വർഷത്തെ ഇടവേളക്കുശേഷമുള്ള ഹജ്ജ് ആയതിനാൽ ധാരാളം അപേക്ഷകരുണ്ടാവാനാണ് സാധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.