റോഡ് മാർഗമുള്ള ഹജ്ജ് യാത്ര: അതിർത്തിയിൽ മികച്ച സൗകര്യമൊരുക്കി അധികൃതർ
text_fieldsമസ്കത്ത്: ഒമാനിൽനിന്ന് റോഡ് മാർഗം ഹജ്ജിന് പോവുന്നവർക്ക് അതിർത്തിയിൽ മികച്ച സൗകര്യങ്ങളൊരുക്കി അധികൃതർ. എംറ്റി ക്വാർട്ടർവഴി ഹജ്ജിനു പോകുന്നവർക്ക് ഇബ്രി സോഷ്യൽ ഡവലപ്മെന്റ് കമ്മിറ്റി ഇബ്രി വിലായത്തിൽ പ്രത്യേക സ്റ്റേഷൻ ഒരുക്കുകയും ചെയ്തിരുന്നു. ഒമാൻ അതിർത്തി കടക്കുന്നതിന് സൗകര്യങ്ങളൊരുക്കിയതിനാൽ നടപടി ക്രമങ്ങൾ എളുപ്പമാവുകയും പ്രയാസങ്ങളില്ലാതെ യാത്രക്കാർക്ക് അതിർത്തി വിടാൻ സഹായമാകുകയും ചെയ്തു. ഒമാന്റെ വിവിധ വിലായത്തുകളിൽനിന്നായി 99 ബസുകളാണ് ഇബ്രി അതിർത്തി വഴി ഹജ്ജിനു പോയത്.
ഈ വർഷം 14000 പേരാണ് ഹജ്ജ് കർമത്തിന് രജിസ്റ്റർ ചെയ്തത്. ഇതിൽ 13500 യാത്രക്കാരും സ്വദേശികളായിരുന്നു. ഇതിൽ നല്ലൊരു ഭാഗം എംറ്റി ക്വാർട്ടർ വഴിയാണ് ഹജ്ജിനു പോയത്. റോഡ് മാർഗം ഹജ്ജ് നിർവഹിക്കാൻ പോവുന്നവർ ഒമാൻ ഖൗഖാഫ് മതകാര്യ മന്ത്രാലയത്തിൽനിന്ന് പ്രത്യേകം അനുവാദം നേടേണ്ടതുണ്ട്. ഒമാൻ ഹജ്ജ് മിഷനുമായി ബന്ധപ്പെട്ട് ഹാജിമാരെ കൊണ്ടുപോവുന്ന വാഹനങ്ങളും മുൻകൂട്ടി അനുവാദം നേടണം. ഇത്തരം ആളുകളെ മാത്രമാണ് ഇബ്രി അതിർത്തി വഴി ഹജ്ജിനു പോവാൻ അനുവദിക്കുക. ഈ വർഷം മൊത്തം 500 വിദേശികൾക്കാണ് ഹജ്ജിന് അനുവാദം ലഭിച്ചത്. ഇതിൽ 250 അറബ് രാജ്യക്കാർക്കും ബാക്കി 250 സീറ്റുകൾ മാത്രമാണ് ഇന്ത്യക്കാരടക്കമുള്ള മറ്റു വിദേശികൾക്ക് ലഭിച്ചത്.
ഹജ്ജിന് പോവുന്ന മലയാളികൾക്കും അടുത്ത വർഷം മുതൽ കരമാർഗം പോവാൻ അവസരം ഒരുക്കാൻ ഒമാൻ ഹജ്ജ് മിഷനോടും ഔഖാഫ് മതകാര്യ മന്ത്രാലയത്തോടും ആവശ്യപ്പെടുമെന്ന് മസ്കത്ത് സുന്നി സെന്ററിലെ മുഹമ്മദലി ഫൈസി പ്രതികരിച്ചു. എന്നാൽ, ഇത് ഹജ്ജ് നിരക്കിൽ വലിയ വ്യത്യാസമൊന്നും ഉണ്ടാക്കില്ല. അതിനാൽ മലയാളികൾ അധികവും വിമാനം വഴി തന്നെ പോവാനാണ് താൽപര്യം കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ ഒമാൻ സൗദി അതിർത്തിയിലൂടെ എംറ്റി ക്വാർട്ടറിലൂടെയാണ് ഒമാനിൽനിന്നുള്ളവർ ഉംറക്ക് പോവുന്നത്. ധാരാളം മലയാളികളാണ് ഈ റോഡ് വഴി ഉംറക്ക് പോയത്. ഇതുവരെ ഒമാനിൽനിന്നുള്ള ഒരു മലയാളി സംഘവും ഇബ്രി വഴി ഹജ്ജിന് പോയിട്ടില്ല. വരും വർഷങ്ങളിൽ കൂടുതൽ മലയാളികൾക്ക് ഹജ്ജിനു പോവന്നതിന് അവസരം ലഭിക്കുന്നതോടെ റോഡ് വഴിയും അവസരം ലഭിക്കുമെന്നാണ് കരുതുന്നത്.
ഒമാൻനിന്ന് നേരിട്ട് സൗദിയിലേക്കു പോവാൻ കഴിയുന്ന ഒമാൻ-സൗദി റോഡ് നിർമിക്കുന്നതിനു മുമ്പ് യു.എ.ഇ വഴിയാണ് ഒമാനിൽ നിന്നുള്ളവർ ഹജ്ജിനും ഉംറക്കും പോയിരുന്നത്. അക്കാലത്ത് യു.എ.ഇ വഴിയുള്ള യാത്ര ഏറെ പ്രയാസമുള്ളതായിരുന്നു. യു.എ.ഇയിലെ രണ്ട് ചെക് പോസ്റ്റുകൾ കടന്നാണ് സൗദി അറേബ്യയിലെത്തേണ്ടിരുന്നത്. ഒമാനിൽനിന്ന് യു.എ.ഇയിലേക്കും അവിടെനിന്ന് സൗദിലേക്കുമുള്ള ചെക് പോസ്റ്റുകൾ കടക്കുന്നത് ഏറെ ദുഷ്കരമായിരുന്നു. പലപ്പോഴും മണിക്കൂറുകൾ ഈ ചെക്ക് പോസ്റ്റുകളിൽ കാത്തിരിക്കേണ്ടിയും വന്നിരുന്നു. എന്നാൽ, ഒമാനിൽ നിന്ന് നേരിട്ട് സൗദി അറേബ്യയിലേക്കു റോഡ് തുറന്നതോടെ ഇത്തരം പ്രയാസങ്ങളെല്ലാം അവസാനിച്ചത് യാത്രക്കാർക്ക് വലിയ അനുഗ്രഹമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.