ഹജ്ജ് നറുക്കെടുപ്പ് പൂർത്തിയായി: 200 വിദേശികൾക്ക് അവസരം
text_fieldsമസ്കത്ത്: ഹജ്ജിന് പോകുന്നവരെ കണ്ടെത്താനായി ഔഖാഫ് മതകാര്യ മന്ത്രാലയത്തിന്‍റെ നറുക്കെടുപ്പ് നടന്നു. ഈ വർഷം 200 വിദേശികൾക്കു മാത്രമാണ് അവസരം ലഭിച്ചത്. അപേക്ഷ നൽകിയവരിൽനിന്ന് ഓൺലൈൻ വഴിയാണ് നറുക്കെടുപ്പ് നടത്തിയത്.
ആകെ 6,156 അപേക്ഷകർക്കാണ് അവസരം. ഇതിൽ 5,956 സീറ്റ് സ്വദേശികൾക്കും 200 എണ്ണം വിദേശികൾക്കുമാണ്. അപേക്ഷകരിൽ 14 പേർ കാൻസർ രോഗികളാണ്. ഹജ്ജിനാവശ്യമായ എല്ലാ നിബന്ധനകളും പൂർത്തിയാക്കിയ 5,381 അപേക്ഷകർ, ആഗ്രഹങ്ങൾ നിറവേറാൻ ഹജ്ജ് നിർവഹിക്കുന്ന 61 പേർ, 572 ഹജ്ജ് വളന്‍റിയർമാർ, ഹജ്ജിന് പോകാൻ കഴിയാത്തവർക്കുവേണ്ടി ഹജ്ജ് ചെയ്യുന്ന 128 പേർ എന്നിങ്ങനെയുള്ളവർക്കാണ് ഈ വർഷം അവസരം. ഒമാനിൽ ആദ്യമായാണ് നറുക്കെടുപ്പിലൂടെ ഹജ്ജിന് പോകുന്നവരെ കണ്ടെത്തുന്നത്. ഈ വർഷം അപേക്ഷകരുടെ എണ്ണം കൂടുതലും ക്വോട്ട കുറവുമായിരുന്നു. 23,474 അപേക്ഷയാണ് ഓൺലൈൻ വഴി ലഭിച്ചത്.
നിലവിൽ ഒമാനിൽനിന്ന് ഹജ്ജിന് പോകുന്ന വിദേശികൾക്ക് ഏറെ കടമ്പകളുണ്ടാവും. നറുക്ക് ലഭിച്ചവർ അംഗീകൃത ഏജന്റുമാരുമായി ബന്ധപ്പെട്ടാണ് ഹജ്ജ് യാത്ര ഉറപ്പ് വരുത്തേണ്ടത്.
എന്നാൽ, യാത്രക്കാരുടെ എണ്ണം കുറവായതിനാൽ ബസ് വഴിയും മറ്റും ഹജ്ജിന് പോകുന്നവർക്കും പ്രയാസം നേരിടും. വിദേശികളുടെ എണ്ണം കുറവായതിനാൽ ബസുകളിലെ സീറ്റനുസരിച്ച് ഹജ്ജിന് പോകുന്നവരുടെ എണ്ണം ഒപ്പിക്കാൻ പ്രയാസമായിരിക്കുമെന്ന് ഹജ്ജ് മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു.
-അതിനാൽ വിമാന നിരക്കുകൾ തന്നെ ബസിൽ പോകുന്നവർ നൽകേണ്ടിവരുന്ന സാഹചര്യവും പ്രതീക്ഷിക്കാമെന്നും ഇവർ പറയുന്നു. ഒമാനിലെ മൊത്തം വിദേശികളിൽനിന്നാണ് 200 പേർക്ക് അവസരം ലഭിച്ചത്. അതിനാൽ ഇന്ത്യക്കാരും മലയാളികളുമൊക്കെ ഉണ്ടാകാനുള്ള സാധ്യതയും കുറവാണ്.
ഈ വർഷം ഹജ്ജ് ചെലവ് 2000 റിയാലിൽ കൂടുതൽ കടക്കാനുള്ള സാധ്യതയുമുണ്ട്. ഇതോടെ മലയാളികൾ അടക്കമുള്ളവർക്ക് ഒമാനിൽനിന്ന് ഹജ്ജിന് പോകുന്നതിനുള്ള സാധ്യത മങ്ങുകയാണ്. ഒമാനിൽ ജോലി ചെയ്യുന്നവർപോലും നാട്ടിൽ പോയി ഹജ്ജിന് പോകേണ്ട അവസ്ഥയാണ്. മുൻകാലങ്ങളിൽ ആയിരക്കണക്കിന് മലയാളികളാണ് ഒമാനിൽനിന്ന് ഹജ്ജിന് പോയിരുന്നത്. അവരെ ഹജ്ജിന് കൊണ്ടുപോകാനും മറ്റും സേവനസന്നദ്ധരായി നൂറുകണക്കിന് പ്രവാസി സാമൂഹിക പ്രവർത്തകരും ഉണ്ടായിരുന്നു. നാട്ടിൽനിന്ന് കുടുംബങ്ങളും മറ്റും ഒമാനിലെത്തിച്ച് ഹജ്ജിന് കൊണ്ടുപോയ മലയാളികളും നിരവധിയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.