ഈ വർഷം ഹജ്ജിന് അർഹരായവരുടെ പട്ടിക പ്രസിദ്ധീകരിച്ചു
text_fieldsമസ്കത്ത്: രാജ്യത്ത് ഈ വർഷം ഹജ്ജിന് അർഹരായവരുടെ പട്ടിക എൻഡോവ്മെന്റ്-മതകാര്യ (മെറ) മന്ത്രാലയം പ്രസിദ്ധീകരിച്ചു. അവസരം ലഭിച്ചവരെ ടെക്സ്റ്റ് സന്ദേശം വഴി വിവരം അറിയിച്ചിട്ടുണ്ട്. അർഹരായവർ 10 ദിവസത്തിനകം http://hajj.om പോർട്ടലിൽ തീർഥാടകർക്കുള്ള ഇലക്ട്രോണിക് രജിസ്ട്രേഷൻ സംവിധാനം വഴി 50 ശതമാനം തുക അടച്ച് ഹജ്ജ് കമ്പനികളുമായി കരാർ നടപടിക്രമങ്ങൾ പൂർത്തിയാക്കണം. കഴിഞ്ഞ ദിവസം ചേർന്ന് ഹജ്ജ് കാര്യത്തിനുള്ള സ്ഥിരം സമിതിയാണ് ഇക്കാര്യം അറിയിച്ചത്. എൻഡോവ്മെൻറ് മതകാര്യ മന്ത്രാലയം അണ്ടർസെക്രട്ടറി അഹമ്മദ് ബിൻ സാലിഹ് ബിൻ സുഫ്യാൻ അൽ റാഷിദിയുടെ കാർമികത്വത്തിലായിരുന്നു സമിതി ചേർന്നത്. ഈ വർഷത്തെ ഹജ്ജിനുള്ള സേവന ഫീസ് എൻഡോവ്മെൻറ്, മതകാര്യ മന്ത്രാലയം നേരത്തേ പ്രഖ്യാപിച്ചിരുന്നത്. മദീനയിലേക്ക് വിമാനമാർഗ്ഗം 6,274.98 സൗദി റിയാലും ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് വിമാനത്താവളത്തിലേക്ക് 6,078.33 സൗദി റിയാലുമാണ് നിരക്ക്.
മദീനയിലേക്കോ മക്കയിലേക്കോ റോഡ് മാർഗമുള്ള യാത്രക്ക് 4,613.23 സൗദി റിയാലാണ്. മിനയിലെയും അറഫാത്തിലെയും ക്യാമ്പുകൾക്കുള്ള സേവന ഫീസ്, ടെൻറ്, ഉപകരണങ്ങൾ, ആരോഗ്യ ഇൻഷുറൻസ്, ഗതാഗത ഫീസ്, 15 ശതമാനം മൂല്യവർധിത നികുതി, ഹജ്ജ് കാർഡ് പ്രിൻറ് ചെയ്യുന്നതിനുള്ള ചെലവ് ( 2.5 ഒമാൻ റിയാൽ), ഒമാനികൾ അല്ലാത്തവർക്ക് വിസ ഫീസ് (300 സൗദി റിയാൽ) എന്നിവ ഉൾപ്പെടെയുള്ള ചെലവുകൾ ഇതിൽ അടങ്ങിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. ഈ വർഷം ഹജ്ജിനായി 34,126 അപേക്ഷകളാണ് ആകെ ലഭിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.