ഒമാൻ; ഹജ്ജ് രജിസ്ട്രേഷൻ നടപടികൾ തുടങ്ങി
text_fieldsമസ്കത്ത്: ഈ വർഷത്തെ വിശുദ്ധ ഹജ്ജ് നിർവഹിക്കാൻ ആഗ്രഹിക്കുന്നവരുടെ രജിസ്ട്രേഷൻ നടപടി ആരംഭിച്ചതായി എൻഡോവ്മെന്റ്, മതകാര്യ മന്ത്രാലയം അറിയിച്ചു.
ഒമാനിലെ പൗരന്മാർക്കും താമസക്കാർക്കും ഇലക്ട്രോണിക് വെബ്സൈറ്റ് (www.hajj.om) വഴി ഒക്ടോബർ 23 മുതൽ നവംബർ അഞ്ചുവരെ രജിസ്റ്റർ ചെയ്യാം. കാഴ്ചവൈകല്യമോ ശാരീരിക വൈകല്യമോ ഉള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും കൂടെ ആളുകളെ അനുവദിക്കുമെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. ഇലക്ട്രോണിക് സംവിധാനത്തിൽ മുമ്പ് രജിസ്റ്റർ ചെയ്തവരിൽനിന്നാകും അവരെ തിരഞ്ഞെടുക്കുക. അന്വേഷണങ്ങൾക്കും മറ്റുവിവരങ്ങൾക്കും ഔദ്യോഗിക സമയത്ത് മന്ത്രാലയത്തിന്റെ ഹോട്ട്ലൈൻ നമ്പറായ 80008008 എന്നതിൽ വിളിക്കാവുന്നതാണ്. www.hajj.om വഴിയും അന്വേഷണങ്ങളും മറ്റും ഫയൽ ചെയ്യാവുന്നതാണ്. കഴിഞ്ഞ വർഷം 13,956 (99.7 ശതമാനം) ആളുകളാണ് വിശുദ്ധകർമം നിർവഹിച്ചത്. ആകെ 14,000 പേർക്കായിരുന്നു ഹജ്ജിന് അനുമതിയുണ്ടായിരുന്നത്. ഇതിൽ 13,500 പേർ സ്വദേശികളും 250 പേർ അറബ് നിവാസികളും 250 പേർ അറബ് ഇതര താമസക്കാരുമാണ്. മൊത്തം തീർഥാടകരിൽ 49.3 ശതമാനം സ്ത്രീകളായിരുന്നു. 2022ൽ ഒമാനിൽനിന്നും സ്വദേശികളും വിദേശികളും അടക്കം 8338 പേർക്കാണ് ഹജ്ജിന് അവസരം ലഭിച്ചത്. ആദ്യം 6000 പേർക്കായിരുന്നു അവസരം നൽകിയത്. പിന്നീട് ഒൗഖാഫ് മതകാര്യ മന്ത്രാലയത്തിന്റെ ആവശ്യപ്രകാരം 2338 പേർക്കുകൂടി അവസരം ലഭിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.