ഹജ്ജ്: ഈ വർഷവും മലയാളി ഗ്രൂപ്പുകൾ ഉണ്ടാവില്ല
text_fieldsമസ്കത്ത്: ഈ വർഷം ഒമാനിൽനിന്ന് ഹജ്ജിന് പോവാൻ 6,338 പേർക്ക് സൗദി സർക്കാർ അനുമതി നൽകിയതായി ഒമാൻ ഔഖാഫ് മതകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചെങ്കിലും മലയാളി ഗ്രൂപ്പുകൾ ഈ വർഷവും ഹജ്ജ് സേവനവുമായി രംഗത്തുണ്ടാവില്ല. സാധാരണ റമദാൻ അവസാനത്തോടെയാണ് ഇത്തരം ഗ്രൂപ്പുകൾ സജീവമാവുന്നത്. എന്നാൽ ഈ വർഷം ഇത്തരം ചിന്തകൾ പോലും വന്നിട്ടില്ലെന്ന് മുൻ കാലങ്ങളിൽ ഹജ്ജ് മേഖലകളിൽ പ്രവർത്തിച്ചവർ പറയുന്നു.
കഴിഞ്ഞ രണ്ട് വർഷവും ഹജ്ജ് നടപടികൾ നടന്നിട്ടില്ലെങ്കിലും കോവിഡിന് മുമ്പ് 10,000 സീറ്റുകളുടെ ക്വോട്ടയാണ് ഒമാന് അനുവദിച്ചത്. ക്വോട്ട കൂടി കുറഞ്ഞതോടെ മലയാളികൾക്ക് സ്വന്തം ഭാഷക്കാരോടൊപ്പം ഹജ്ജിന് പോവാനുള്ള വിദൂര സാധ്യതപോലും ഇല്ലാതായിരിക്കുന്നു. ഒമാനിൽനിന്ന് റോഡ് മാർഗം ഹജ്ജിന് സൗദിയിലേക്ക് പോവാൻ സൗകര്യമുണ്ടായിട്ടും അവ ഉപയോഗപ്പെടുത്താൻ മലയാളി ഗ്രൂപ്പുകൾക്ക് കഴിയില്ല.
ഒമാനിൽ ലഭിക്കുന്ന ഹജ്ജ് ക്വോട്ട മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്ത ഹജ്ജ് ഏജൻറുമാർക്ക് വീതിച്ച് നൽകുകയാണ് പതിവ്. ഹാജ്ജിന് പോവുന്നവർക്ക് യാത്ര, താമസ സൗകര്യമൊരുക്കേണ്ടതും ചെയ്യേണ്ടത് ഇത്തരം ഏജൻറുമാരാണ്.
മുൻ വർഷങ്ങളിൽ ഇത്തരം ഏജൻറുമാരിൽനിന്ന് അവരുടെ ക്വോട്ടകൾ മലയാളികളടക്കമുള്ള ഗ്രൂപ്പുകൾ വാങ്ങുകയും ഹജ്ജ് യാത്രക്കും മറ്റുമുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കുകയുമാണ് പതിവ്. അക്കാലങ്ങളിൽ ഹാജിമാരുടെ ക്വോട്ടക്ക് തുച്ഛമായ സംഖ്യ മാത്രമാണ് ഏജൻറുമാർ ഈടാക്കിയിരുന്നത്.
ഒമാന് വലിയ ക്വോട്ടയും അനുവദിച്ചിരുന്നു. ഒരു കാലത്ത് ഒമാനിൽ മലയാളികളുടെ മാത്രം അഞ്ചിലധികം ഗ്രൂപ്പുകൾ പ്രവർത്തിച്ചിരുന്നു. അക്കാലത്ത് രാജ്യത്ത് പ്രവർത്തിച്ചിരുന്ന ഏതാണ്ടെല്ലാ മുസ്ലിം സംഘടനകൾക്കും ഹജ്ജ് ഗ്രൂപ്പുകൾ ഉണ്ടായിരുന്നു. നിരവധി ട്രാവൽ ഏജൻറുമാരും ഹജ്ജ് യാത്രക്ക് സൗകര്യം ഒരുക്കിയിരുന്നു. ഈ മേഖലയിൽ ഒരു സാമ്പത്തിക ലാഭവും പ്രതീക്ഷിക്കാതെയാണ് ബഹുഭൂരിപക്ഷം പേരും സേവനം അനുഷ്ഠിച്ചിരുന്നത്. ഹജ്ജിന് പോവുന്നവർക്ക് ഇത്തരം ഗ്രൂപ്പുകളിൽ പേർ രജിസ്റ്റർ ചെയ്യുകയും രേഖകൾ നൽകുകയും ചെയ്യുന്ന ഉത്തരവാദിത്തം മാത്രമാണുണ്ടായിരുന്നത്.
ഹജ്ജ് ക്ലാസ് അടക്കമുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കുന്നത് ഇത്തരം ഗ്രൂപ്പുകളാണ്. പല സംഘടനകളുടെയും പ്രധാന പ്രവർത്തനം തന്നെ ഹജ്ജ് യാത്ര സംഘടിപ്പിക്കലായിരുന്നു. പൊതുവെ ചെലവ് കുറഞ്ഞതിനാലും സൗകര്യം കൂടിയതിനാലും നാട്ടിൽനിന്ന് നിരവധി പ്രവാസി കുടുംബങ്ങൾ ഒമാനിലെത്തി ഹജ്ജ് യാത്രയും നടത്തിയിരുന്നു. ആദ്യകാലങ്ങളിൽ 400 റിയാലിനടുത്ത് മാത്രമാണ് ഹജ്ജിന് പോവുന്നവർക്ക് ചെലവുണ്ടായിരുന്നത്.
എന്നാൽ, കഴിഞ്ഞ ഏതാനും വർഷമായി ഒമാൻ ഹജ്ജ് ക്വോട്ട കുറഞ്ഞതും ഏജൻറുമാർ ഹാജിമാരുടെ തലവരിക്ക് ഉയർന്ന നിരക്കുകൾ ഈടാക്കുന്നതുമാണ് ഇത്തരം ഗ്രൂപ്പുകൾക്ക് തിരിച്ചടിയായത്. ഒരു ഹാജിക്ക് ആയിരം റിയാലും അതിലധികവുമാണ് ചില ഏജൻറുമാർ ഈടാക്കുന്നത്. മറ്റ് നടപടി ക്രമങ്ങളും താമസ സൗകര്യവുമൊക്കെയാവുേമ്പാൾ ഒമാനിൽനിന്ന് ഇത്തരം ഗ്രൂപ്പുകളിൽ ഹജ്ജിന് പോകുന്നവർക്ക് 2000 റിയാലെങ്കിലും ചെലവ് വരും. ഇത്രയും ഭാരിച്ച ചെലവ് നൽകി മലയാളികൾ ഹജ്ജിന് പോവാൻ സാധ്യതയില്ല. ഇതൊക്കെ പരിഗണിച്ചാണ് ഈ മേഖലയിൽ സജീവമായിരുന്ന പല ഗ്രൂപ്പുകളും ഉൾവലിഞ്ഞത്.
മൂന്നും നാലും ബസുകളിൽ 200ഉം അതിലധികവും പേരെ ഹജ്ജിന് കൊണ്ടുപോയ പാരമ്പര്യമുള്ള ഗ്രൂപ്പുകളും ഈ രംഗത്തുനിന്ന് പിന്മാറി കഴിഞ്ഞു. ഇതോടെ പലരും നാട്ടിൽ പോയി ഹജ്ജ് ചെയ്ത് തിരിച്ചു വരാനാണ് ആലോചിക്കുന്നത്. എന്നാൽ, ജോലി സ്ഥലത്തുനിന്ന് അവധി കിട്ടാത്തവർക്കും മറ്റും ഹജ്ജ് യാത്ര സ്വപ്നം തന്നെയായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.