ഹാർമോണിയസ് കേരള-5; ലോഗോ പ്രകാശനം ചെയ്തു
text_fieldsമസ്കത്ത്: ഒത്തൊരുമയുടെയും ഐക്യത്തിന്റെയും സന്ദേശങ്ങൾ പകർന്ന് ‘ഗൾഫ് മാധ്യമം’ സംഘടിപ്പിക്കുന്ന ‘ഹാർമോണിയസ് കേരള’ അഞ്ചാം പതിപ്പിന്റെ ലോഗോ പ്രകാശനം ചെയ്തു. മലയാള സിനിമയിലെ യുവ താരങ്ങളിൽ ശ്രദ്ധേയനായ ടൊവിനോ തോമസ്, ഗൾഫ് മാധ്യമം മാർക്കറ്റിങ് മാനേജർ ഷൈജു സലാഹുദ്ദീന് ലോഗോ നൽകിയാണ് പ്രകാശനം നിർവഹിച്ചത്.
നവംബർ എട്ടിന് മസ്കത്ത് ഖുറം സിറ്റി ആംഫി തിയറ്ററിലാണ് വിശ്വമാനവികതയുടെ മഹോത്സവം അരങ്ങേറുന്നത്. മുൻ പതിപ്പുകളിൽനിന്ന് വ്യത്യസ്തമായി കെട്ടിലും മട്ടിലും ഏറെ പുതുമയോടെയാണ് ഹാർമോണിയസ് കേരള മസ്കത്തിന്റെ മണ്ണിലേക്ക് വീണ്ടുമെത്തുന്നത്. ആഘോഷ രാവിന് നിറം പകരാൻ മലയാള മണ്ണിലെ എണ്ണംപറഞ്ഞ കലാകാരന്മാർ അരങ്ങിലണിനിരക്കും.
ലോകസമാധാനത്തിനും ഐക്യത്തിനും വേണ്ടി എന്നും നിലകൊള്ളുന്ന സുൽത്താനേറ്റിലേക്ക് ഇന്ത്യയുടെ സാഹോദര്യ സന്ദേശവുമായി ഹാർമോണിയസ് കേരള വീണ്ടുമെത്തുന്നത് ഇരു രാജ്യങ്ങളും തമ്മിലുള്ള ഉറ്റബന്ധത്തിന്റെയും അടയാളപ്പെടുത്തലാകും. ഗൾഫ് മാധ്യമം രജത ജൂബിലി ആഘോഷ നിറവിലാണ് ഹാർമോണിയസ് കേരള ഇത്തവണ കൊണ്ടാടുന്നത്. രജത ജൂബിലിയുടെ ഒമാൻതല ആഘോഷങ്ങൾക്കുകൂടിയാണ് ഹാർമോണിയസ് കേരളയിലൂടെ തുടക്കമാകുന്നത്. പരിപാടിക്ക് മുന്നോടിയായി വിവിധ സാമൂഹിക, സംസ്കാരിക പരിപാടികളും റോഡ് ഷോയും നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.