‘ഹാർമോണിയസ് കേരള’: കൊടിയേറ്റത്തിനായി കല്ലുവെത്തി
text_fieldsമസ്കത്ത്: മാനവികതയുടെയും ഒരുമയുടെയും സന്ദേശമുയർത്തുന്ന ഗൾഫ് മാധ്യമം ‘ഹാർമോണിയസ് കേരള’യുടെ അഞ്ചാം പതിപ്പിന്റെ വിളംബര റോഡ്ഷോക്കായി പ്രമുഖ അവതാരകൻ രാജ് കലേഷ് മസ്കത്തിലെത്തി. മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രോഗ്രാം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ അദ്ദേഹത്തിന് സ്വീകരണം നൽകി. വെള്ളിയാഴ്ച വൈകീട്ട് 6.30മുതൽ റൂവി ലുലു ഹൈപ്പർ മാർക്കറ്റിലാണ് ‘ഹാർമോണിയസ് കേരള’യുടെ റോഡ് ഷോ.
ചിരിയും ചിന്തയുമുണർത്തുന്ന കളികളും പറച്ചിലും മാജിക്കുമായി രാജ് കലേഷ് കലാപൂരത്തിന്‍റെ കൊടിയേറ്റം നിർവഹിക്കും. കുട്ടികൾക്കും കുടുംബത്തിനും പങ്കെടുക്കാൻ സാധിക്കുന്ന വിവിധ മത്സരങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഇതിൽ വിജയിക്കുന്നവർക്ക് കൈനിറയെ സമ്മാനങ്ങളും നേടാം.
‘ഹാർമോണിയസ് കേരള’ അഞ്ചാം പതിപ്പ് നവംബർ എട്ടിന് മസ്കത്ത് ഖുറം സിറ്റി ആംഫി തിയേറ്ററിലാണ് നടക്കുന്നത്. മുൻപതിപ്പുകളിൽനിന്ന് വ്യത്യസ്തമായി കെട്ടിലും മട്ടിലും ഏറെ പുതുമയോടെയാണ് ഹാർമോണിയസ് കേരള മസ്കത്തിന്റെ മണ്ണിലേക്ക് വീണ്ടുമെത്തുന്നത്.
ശ്രദ്ധേയമായ കഥാപത്രങ്ങളിലൂടെയും ശക്തമായ നലപാടുകളിലൂടെയും പ്രേക്ഷക മനസുകളിൽ ഇടം നേടിയ പാർവതി തിരുവോത്ത്, യുവ നടികളിലെ ശ്രദ്ധേയയായ അനാർക്കലി മരക്കാർ, പാട്ടിന്റെ പാലാഴി തീർക്കാൻ പിന്നണി ഗായകരായ വിധു പ്രതാപ്, മൃദുല വാര്യർ, അക്ബർ ഖാൻ, ശ്രീജിഷ് സുബ്രഹ്മണ്യൻ, ശിഖ പ്രഭാകരൻ, വയലിനിസ്റ്റ് വേദ മിത്ര, കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരം കൗഷിക്, ചടുല നൃത്ത ചുവടുകളുമായി റംസാൻ മുഹമ്മദ്, അനുകരണ കലയിലെ പകരംവെക്കാനില്ലാത്ത കലാകാരൻ മഹേഷ് കുഞ്ഞിമോൻ എന്നിവരാണ് കളിയും ചിരിയും ചിന്തയും പകർന്ന് മസ്കത്തിനോട് കൂട്ടുകൂടാൻ എത്തുന്നത്.
പരിപാടിയുടെ അവതാരകനായി മിഥുൻ രമേശും കൂടെയുണ്ടാകും. ഗൾഫ് മാധ്യമം രജത ജൂബിലി ആഘോഷ നിറവിലാണ് ‘ഹാർമോണിയസ് കേരള’ ഇത്തവണ കൊണ്ടാടുന്നത്. രജത ജൂബിലിയുടെ ഒമാൻതല ആഘോഷങ്ങൾക്ക്കൂടിയാണ് ഹാർമോണിയസ് കേരളയിലൂടെ തുടക്കമാകുന്നത്.
പരിപാടിയുടെ ടിക്കറ്റ് വിൽപന പുരോഗമിക്കുകയാണ് .പത്ത് റിയാൽ(ഡയമണ്ട്), അഞ്ച് റിയാൽ (പ്ലാറ്റിനം), മൂന്ന് റിയാൽ (ഗോൾഡ്) എന്നീ നിരക്കുകളിൽ ടിക്കറ്റുകളിൽ ലഭ്യമാണ്. ടിക്കറ്റുകൾക്കായി 9562 9600, 9604 2333 ഈ നമ്പറുകളിൽ ബന്ധപ്പെടാം. ഷാഹി ഫുഡ്‌സ് ആൻഡ് സ്‌പൈസസ്, ലുലു ഹൈപ്പർമാർക്കറ്റ്, സീപേൾസ് ഗോൾഡ് ആൻഡ് ഡയമണ്ട്, ജോയ്ആലുക്കാസ് എക്സ്ചേഞ്ച് എന്നിവരാണ് പരിപാടിയുടെ മുഖ്യ പ്രായോജകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.