‘ഹാർമോണിയസ് കേരള’ സീസൺ-3; വരവേൽക്കാനൊരുങ്ങി മസ്കത്ത്
text_fieldsമസ്കത്ത്: സ്നേഹത്തിന്റെയും ഐക്യത്തിന്റെയും സന്ദേശവുമായെത്തുന്ന ‘ഹാർമോണിയസ് കേരള’യുടെ മൂന്നാം പതിപ്പിനെ വരവേൽക്കാൻ മസ്കത്തൊരുങ്ങി. ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന വിശ്വമാനവികതയുടെ ഉത്സവം ഡിസംബർ 30ന് മസ്കത്ത് ആംഫി തിയറ്ററിലാണ് നടക്കുന്നത്. കോവിഡിന് ശേഷമുള്ള ഒമാനിലെ മലയാളികളുടെ ഏറ്റവും വലിയ ഒത്തുചേരലിന്റെ അവസാന ഘട്ട ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ആഘോഷ രാവിന് നിറംപകർന്ന് വരും ദിവസങ്ങളിൽ താരങ്ങൾ മസ്കത്തിൽ എത്തിത്തുടങ്ങും. പരിപാടിയുടെ റിഹേഴ്സൽ നാട്ടിൽ പുരോഗമിക്കുകയാണ്. ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത് നാരങ് മുഖ്യാതിഥിയാകും.
ഒമാൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ (ഒ.സി.സി.ഐ) പുതിയ ചെയർമാനായി തെരഞ്ഞെടുത്ത ഫൈസൽ ബിൻ അബ്ദുല്ല അൽ റവാസ് വിശിഷ്ടാതിഥിയായും പങ്കെടുക്കും. ഒത്തൊരുമയുടെ ഉത്സവത്തിന്റെ വരവ് അറിയിച്ചുള്ള റോഡ് ഷോ 16, 17 തീയതികളിൽ പ്രമുഖ അവതാരകൻ രാജ് കലേഷിന്റെ നേതൃത്വത്തിൽ ബൗഷർ, ദാർസൈത്, റൂവി ലുലുവുകളിൽ നടന്നിരുന്നു.
നൂർ ഗസൽ ഫുഡ്സ് ആൻഡ് സ്പൈസസ്, ലുലു ഹൈപ്പർ മാർക്കറ്റ്, സീ പേൾസ് ഗോൾഡ് ആൻഡ് ഡയമണ്ട് ജ്വല്ലറി, ബദർ അൽ സമ ഗ്രൂപ് ഓഫ് ഹോസ്പിറ്റൽസ് എന്നിവരാണ് പരിപാടിയുടെ മുഖ്യപ്രായോജകർ. പരിപാടിക്ക് ആവേശം പകർന്ന് മലയാള മണ്ണിലെ എണ്ണം പറഞ്ഞ കലാകാരന്മാരാണ് അരങ്ങിലണിനിരക്കുന്നത്.
നടൻ കുഞ്ചാക്കോ ബോബൻ, സംവിധായകൻ കമൽ, ഗായകരായ സുദീപ് കുമാർ, നിത്യ മാമ്മൻ, അക്ബർ ഖാൻ, യുംന അജിൻ, ജാസിം, ചിത്ര അരുൺ, ഗ്രാമി അവാർഡ് ജേതാവ് വയലിനിസ്റ്റ് മനോജ് ജോർജ്, നർത്തകൻ റംസാൻ, മിമിക്രി താരം മഹേഷ് കുഞ്ഞുമോൻ എന്നിവരുടെ മാസ്മരിക പ്രകടനങ്ങൾ ആംഫി തിയറ്ററിനെ കലാവിരുന്നിന്റെ പൂരപ്പറമ്പാക്കും. സിനിമ നടൻ മിഥുൻ രമേശാണ് പരിപാടിയുടെ അവതാരകൻ. ടിക്കറ്റുകൾക്ക് +968 92369485, +968 95629600.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.