ഹാർമോണിയസ് കേരള സീസൺ 4; സർഗലയ രാവിലലിഞ്ഞ് സലാല
text_fieldsസലാല: വിശ്വമാനവികതയുടെ സന്ദേശങ്ങൾ പകർന്ന് നിറഞ്ഞാടിയ ഹാർമോണിയസ് കേരളയുടെ നാലാം പതിപ്പ് സലാലക്ക് സമ്മാനിച്ചത് സുന്ദര മുഹൂർത്തങ്ങൾ. അതിരുകളില്ലാത്ത സ്നേഹത്തിന്റെയും ഒത്തൊരുമയുടെയും ആഘോഷരാവിലേക്ക് ജനം ഒഴുകിയെത്തി.
സലാലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് ആയിരങ്ങളാണ് വെള്ളിയാഴ്ച അൽമുറൂജ് ആംഫി തിയറ്ററിലേക്ക് എത്തിയത്. സലാലയിലെ ഏറ്റവും വലിയ മഹോത്സവത്തിന് നേർ സാക്ഷികളാവാൻ കലാപ്രേമികളുടെ പ്രവാഹം അരങ്ങുണരുന്നതിന് ഏറെ നേരംമുമ്പ് തന്നെ തുടങ്ങിയിരുന്നു. മലയാളികൾക്ക് എന്നും ഓർത്ത് വെക്കാനുള്ള കലാ മുഹൂർത്തങ്ങൾ സമ്മാനിച്ച ഹാർമോണിയസ് കേരളയുടെ മുൻപതിപ്പ് ആസ്വദിച്ചവരായിരുന്നു ഇവരിലധികവും. വൈകീട്ട് ആറരക്ക് മാനവികതയുടെ ആഘോഷ രാവിന് തിരശ്ശീല ഉയരുമ്പോൾ തന്നെ സ്റ്റേഡിയം നിറഞ്ഞ് കവിഞ്ഞിരുന്നു. ആനന്ദ രാവിന് പൊലിമയും പെരുമയും പകരാൻ കലാ കേരളത്തിന്റെ പ്രതിഭകൾ മികച്ച പ്രകടനവുമായി എത്തിയപ്പോൾ സദസ്സ് ആനന്ദ കൊടുമുടിയിലെത്തി.
സ്വതസിദ്ധമായ അഭിനയശൈലികൊണ്ട് മലയാളികളുടെ മനസ്സിൽ കുടിയേറിയ പ്രിയ നടി അപർണ ബാലമുരളി, മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട അഭിനയ ജീവിതത്തിലൂടെ തെന്നിന്ത്യൻ സിനിമാസ്വാദകരുടെ മനസ്സിൽ ചേക്കേറിയ മനോജ് കെ. ജയൻ എന്നിവരെ വൻ കരഘോഷത്തോടെയാണ് സദസ്സ് വരവേറ്റത്. ആഘോഷ രാവിന് കൊഴുപ്പും മികവുമേകാനെത്തിയ താളമേളങ്ങളും കുറ്റമറ്റതായിരുന്നു. അരങ്ങിൽ നിറഞ്ഞാടിയ വിധുപ്രതാപ്, ചിത്ര അരുൻ, അക്ബർ ഖാൻ, ക്രിസ്റ്റകല, അശ്വന്ത് അനിൽകുമാർ, മേഘ്ന സുമേഷ്, റംസാൻ മുഹമ്മദ് എന്നിവരുടെ പ്രകടനങ്ങൾ ആസ്വാദക മനസ്സുകളെ കുളിരണിയിപ്പിക്കുകയും ചെയ്തു. അന്താരാഷ്ട്ര സാങ്കേതിക വിദ്യയുടെ സഹായത്തോടെ അണിയിച്ചൊരുക്കിയ നാലരമണിക്കൂർ നീണ്ട പരിപാടി ആസ്വാദനത്തിന്റെ നവ്യാനുഭവം സമ്മാനിച്ചാണ് തിരശ്ശീല വീണത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.