സ്നേഹാദരവിൽ വികാരഭരിതനായി കമൽ
text_fieldsമസ്കത്ത്: ഹാർമോണിയസ് കേരള സീസൺ മൂന്നാം പതിപ്പിൽ ആദരവ് ഏറ്റുവാങ്ങാൻ വേദിയിലെത്തിയ മലയാളികളുടെ പ്രിയപ്പെട്ട സംവിധായകൻ കമൽ വികാരഭരിതനായി. കമലിന്റെ ഹിറ്റ് സിനിമയിലൊന്നായ ‘കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികളി’ലെ കണ്ണാം തുമ്പീ പോരാമോ എന്നോടിഷ്ടം കൂടാമോ... എന്ന ഗാനത്തിന്റെ വയലിൻ സംഗീത പശ്ചാത്തലത്തിലായിരുന്നു വേദിയിലേക്ക് ആനയിച്ചത്.
ആദരസൂചകമായി കാണികൾ മൊബൈൽ ഫ്ലാഷും തെളിച്ചിരുന്നു. ഇങ്ങനെ ഒരു പ്രത്യേക അന്തരീക്ഷത്തിൽ വേദിയിലേക്ക് കയറിവരാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അതിന് ആദ്യമായി പ്രേക്ഷകരോടും മലയാളി സുഹൃത്തുക്കളോടും നന്ദി പറയുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്താണ് പറയേണ്ടതെന്ന് അറിയില്ലെന്ന് വികാരഭരിതനായി അവതാരകനായിരുന്ന മിഥുനെ ആലിംഗനം ചെയ്ത് കമൽ പറഞ്ഞു.
34 വർഷം മുമ്പാണ് ഞാൻ ആദ്യമായി ഒമാനിലെത്തുന്നത്. ഒമാനും കേരളവും തമ്മിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള പൊക്കിൾക്കൊടി ബന്ധമാണുള്ളതെന്നും കമൽ പറഞ്ഞു. സിനിമയിൽ 25 വർഷം പൂർത്തിയാക്കുന്ന കുഞ്ചാക്കോ ബോബനെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. ചാക്കോച്ചന്റെ യാത്ര സ്വപ്നതുല്യമായിരുന്നു. അദ്ദേഹത്തിന്റെ അഭിനയജീവിതത്തിന്റെ 25 വർഷം ആഘോഷിക്കുന്ന വേളയിൽ സംബന്ധിക്കാൻ കഴിഞ്ഞത് സന്തോഷം നൽകുന്നതാണ്. അഭിനയ രംഗത്ത് പുതിയ ഒരു ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് കുഞ്ചാക്കോ എന്നും കമൽ പറഞ്ഞു.
സിനിമയിൽ 40 വർഷം പൂർത്തിയാക്കുന്ന കമലിനെ കുഞ്ചാക്കോ ബോബൻ പൊന്നാടയണിയിച്ച് ആദരിച്ചു. ചടങ്ങിൽ ഗൾഫ് മാധ്യമം-മീഡിയവൺ മിഡിലീസ്റ്റ് ഓപറേഷൻ ഡയറക്ടർ സലീം അമ്പലൻ, മാധ്യമം മാർക്കറ്റിങ് മാനേജർ ഷൈജു സലാഹുദ്ദീൻ, സീപേൾസ് ഗോൾഡ് ആൻഡ് ഡയമണ്ട് ജനറൽ മാനേജർ റിയാസ് പി. ലത്തീഫ്, ജോയ് ആലുക്കാസ് എക്സ്ചേഞ്ച് ജനറൽ മാനേജർ നിക്സൺ ബേബി, മാധ്യമം ചീഫ് സബ് എഡിറ്റർ ഇ.പി. ഷെഫീഖ് എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.