മസ്കത്തിൽ നാളെ മാനവികതയുടെ മലയാളാരവം
text_fieldsമസ്കത്ത്: പ്രവാസമണ്ണിൽ മലയാളത്തിന്റെ മാനവിക സന്ദേശത്തെ അടയാളപ്പെടുത്തുന്ന മഹാസംഗമത്തിന് മസ്കത്ത് ഖുറം സിറ്റി ആംഫി തിയേറ്ററിൽ ഒരുക്കം പൂർത്തിയായി. പ്രവാസ മലയാളത്തിന്റെ മുഖപത്രമായ ‘ഗൾഫ് മാധ്യമം’ രജത ജൂബിലി ആഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ‘ഹാർമോണിയസ് കേരള’യുടെ അഞ്ചാം പതിപ്പ് വെള്ളിയാഴ്ചയാണ് അരങ്ങേറുന്നത്.
കേരളത്തിന്റെ തനിമയും സംസ്കാരവും ചേർത്തുവെക്കുന്ന സാംസ്കാരിക പരിപാടികൾ അരങ്ങേറുന്ന വേദിയിൽ പ്രവാസലോകത്തെ പ്രമുഖർ സംബന്ധിക്കും.
വെല്ലുവിളികൾക്കു മുന്നിൽ ജാതി, മത വ്യത്യാസമില്ലാതെ ചേർന്നുനിന്ന് സാഹോദര്യത്തിന്റെ യഥാർഥ മുഖം ലോകത്തിന് കാണിച്ചു കൊടുത്ത മലയാളി സമൂഹത്തിന്റെ മസ്കത്തിലെ ഏറ്റവും വലിയ ഒത്തുചേരലാകും പരിപാടി. കലയെയും കലാകാരന്മാരെയും ഇരുകൈയും നീട്ടി സ്വീകരിക്കുന്ന മസ്കത്ത് പ്രവാസി സമൂഹത്തിന്റെ ഒത്തൊരുമക്ക് ആഘോഷത്തിന്റെ നിറം പകരുകയാണ് ‘ഗൾഫ് മാധ്യമം ഹാർമോണിയസ് കേരള’.
മലയാള ഭാഷക്കും സംസ്കാരത്തിനും കടലിനക്കരെ പുതുജീവൻ പകർന്ന ‘ഗൾഫ് മാധ്യമ’ത്തിന്റെ രജത ജൂബിലിയുടെ ഒമാൻതല ആഘോഷങ്ങൾക്ക്കൂടിയാണ് ഹാർമോണിയസ് കേരളയിലൂടെ തുടക്കമാകുന്നത്. മുഴുവൻ ഗൾഫ് രാജ്യങ്ങളിലും പടർന്നുപന്തലിച്ച ഏക മലയാള പത്രമെന്ന ആഹ്ലാദത്തോടെയാണ് രജത ജൂബിലി ആഘോഷിക്കുന്നത്. വിവിധ രാജ്യങ്ങളിൽ വ്യത്യസ്തമായ പരിപാടികളുമായാണ് രജതജൂബിലി അടയാളപ്പെടുത്തുന്നത്.
‘ഹാർമോണിയസ് കേരള’ക്ക് ആവേശം പകർന്ന് മസ്കത്തിൽ മലയാള മണ്ണിലെ എണ്ണം പറഞ്ഞ കലാകാരന്മാരാണ് അരങ്ങിലണിനിരക്കുന്നത്. മുൻ പതിപ്പുകളിൽനിന്ന് വ്യത്യസ്തമായി കെട്ടിലും മട്ടിലും ഏറെ പുതുമയോടെയാണ് ഹാർമോണിയസ് കേരള മസ്കത്തിൽ അണിയിച്ചൊരുക്കുന്നത്.
ശ്രദ്ധേയമായ കഥാപത്രങ്ങളിലൂടെയും ശക്തമായ നിലപാടുകളിലൂടെയും പ്രേക്ഷക മനസ്സുകളിൽ ഇടം നേടിയ പാർവതി തിരുവോത്ത്, അഭിനയത്തിലും ഗായികയെന നിലയിലും ശ്രദ്ധേയായ അനാർക്കലി മരക്കാർ, പിന്നണി ഗായകരായ വിധു പ്രതാപ്, മൃദുല വാര്യർ, അക്ബർ ഖാൻ, ശ്രീജിഷ് സുബ്രഹ്മണ്യൻ, ശിഖ പ്രഭാകരൻ, വയലിനിസ്റ്റ് വേദ മിത്ര, കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരം കൗഷിക്, ചടുല നൃത്ത ചുവടുകളുമായി റംസാൻ മുഹമ്മദ്, അനുകരണ കലയിലെ പകരംവെക്കാനില്ലാത്ത കലാകാരൻ മഹേഷ് കുഞ്ഞിമോൻ എന്നിവരാണ് എത്തിച്ചേരുന്നത്.
പരിപാടിയുടെ അവതാരകനായി മിഥുൻ രമേശും കൂടെയുണ്ടാകും. ഷാഹി ഫുഡ്സ് ആൻഡ് സ്പൈസസ്, ലുലു ഹൈപ്പർമാർക്കറ്റ്, സീപേൾസ് ഗോൾഡ് ആൻഡ് ഡയമണ്ട്, ജോയ്ആലുക്കാസ് എക്സചേഞ്ച് എന്നിവരാണ് പരിപാടിയുടെ മുഖ്യ പ്രായോജകർ.
ഇനി ഡയമണ്ട് ടിക്കറ്റുകൾ മാത്രം
മസ്കത്ത്: ഹാർമോണിയസ് കേരളയുടെ ടിക്കറ്റ് വിൽപന പുരോഗമിക്കുന്നു. അഞ്ച് റിയാലിന്റെ പ്ലാറ്റിനം, മൂന്ന് റിയാലിന്റെ ഗോൾഡൻ ടിക്കറ്റുകൾ എന്നിവ മുഴുവനും വിറ്റഴിഞ്ഞതായി പ്രോഗ്രാം കമ്മിറ്റി അറിയിച്ചു. ഇനി 10 റിയാലിന്റെ പരിമിതമായ ഡയമണ്ട് ടിക്കറ്റുകൾ മാത്രമാണ് ബാക്കിയുള്ളത്. ടിക്കറ്റുകൾക്കായി 9562 9600, 9604 2333 ഈ നമ്പറുകളിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.