മസ്കത്ത് ഇന്ത്യൻ സ്കൂളിൽ ഹൈഡ്രോപോണിക് കൃഷി വിളവെടുപ്പ്
text_fieldsമസ്കത്ത്: പുതുപാഠങ്ങൾ പകർന്ന് നൽകി ഹൈഡ്രോപോണിക് കൃഷിയുടെ വിളവെടുപ്പ് മസ്കത്ത് ഇന്ത്യൻ സ്കൂളിൽ നടന്നു. കാർഷികമേഖലയിലെ അടിസ്ഥാന ആശയങ്ങൾ വിദ്യാർഥികൾക്ക് മനസ്സിലാക്കാനുതകുന്നതായിരുന്നു ഹൈഡ്രോപോണിക് കൃഷിരീതി. പുതിന, തുളസി, ചുവപ്പ്, പച്ച ചീര എന്നിവയാണ് ആദ്യഘട്ടത്തിൽ വിളവെടുത്തിരിക്കുന്നത്. നന്മ കൃഷിക്കൂട്ടത്തിെൻറ നേതൃത്വത്തിൽ വിദ്യാർഥികളും അധ്യാപകരുമായിരുന്നു കൃഷിയുടെ പരിപാലനത്തിനും മറ്റും മേൽനോട്ടം വഹിച്ചത്. ഇപ്രാവശ്യം നല്ലവിളവെടുപ്പാണ് ലഭിച്ചതെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. വിളവെടുത്ത ഉൽപന്നങ്ങൾ സ്കൂളിലെ താൽക്കാലിക വിൽപന കൗണ്ടറുകളിൽ വിറ്റു. ലഭിച്ച തുക ഹൈഡ്രോപോണിക് പദ്ധതിക്കായി കൈമാറുകയും ചെയ്തു. പരമ്പരാഗത കൃഷിയേക്കാൾ 80 ശതമാനം വെള്ളം ലാഭിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞുവെന്ന് കൃഷിപരിപാലനത്തിൽ പങ്കെടുത്ത വിദ്യാർഥികളും അധ്യാപകരും സാക്ഷ്യപ്പെടുത്തുന്നു. ഹൈഡ്രോപോണിക് കൃഷി വിജയത്തിലേക്ക് എത്തിക്കുന്നതിൽ പങ്കുവഹിച്ച വിദ്യാർഥികളെയും അധ്യാപകരെയും ഇന്ത്യൻ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് സചിൻ തോപ്രാണി, പ്രിൻസിപ്പൽ ഡോ. രാജീവ് കുമാർ ചൗഹാൻ എന്നിവർ അഭിനന്ദിച്ചു.
വിദ്യാർഥികൾക്ക് കൃഷി നടത്തിപ്പുമായി ബന്ധപ്പെട്ട് നന്മ കൃഷിക്കൂട്ടവുമായി സഹകരിച്ച് പരിശീലനം നൽകിയിരുന്നു. ഒാൺലൈനായി നടന്ന പരിപാടിയിൽ റിസോഴ്സ് പേഴ്സൺ വി. ജയസൂര്യയായിരുന്നു ക്ലാസിന് നേതൃത്വം നൽകിയത്. സ്കൂളിൽ 2017ലാണ് ഹൈഡ്രോപോണിക്സ് പദ്ധതിക്ക് തുടക്കമിടുന്നത്. മണ്ണിലല്ലാതെ, ആവശ്യമായ പോഷകങ്ങൾ വെള്ളത്തിലൂടെ നൽകി സസ്യങ്ങളെ വളർത്തിയെടുക്കുന്ന രീതിയാണ്ഹൈഡ്രോപോണിക്സ്. മണ്ണിൽനിന്നുണ്ടാകുന്ന രോഗങ്ങളും കീടബാധയും ഈ കൃഷിരീതിയിൽ ഒരു പരിധിവരെ ഒഴിവാക്കാനാകും. മാത്രമല്ല, മണ്ണിൽ നടുമ്പോഴത്തേതുപോലെ നിശ്ചിത അകലം വേണമെന്നില്ല. വളരെ അടുത്തുതന്നെ ചെടികൾ വെക്കാനും സാധിക്കും. അതിനാൽ കുറഞ്ഞ സ്ഥലത്തുതന്നെ വലിയ വിളവുണ്ടാക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.