‘ഹീൽമി കേരള’ക്ക് ഉജ്ജ്വല പരിസമാപ്തി; കൂടുതൽ പൊലിമയോടെ അടുത്ത വർഷം വീണ്ടും കാണാം...
text_fieldsമസ്കത്ത്: അടുത്ത വർഷം കൂടുതൽ പൊലിമയോടെ വീണ്ടും കാണാമെന്ന പ്രഖ്യാപനവുമായി ഗൾഫ് മാധ്യമം ‘ഹീൽമി കേരള’യുടെ രണ്ടാം പതിപ്പിന് ഉജ്ജ്വല പരിസമാപ്തി. ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷനിൽ മൂന്നു ദിവസങ്ങളിലായി നടന്ന പ്രദർശനത്തിൽ സ്വദേശികളും വിദേശികളുമടക്കം ആയിരക്കണക്കിനാളുകളാണ് എത്തിയത്.
കേരളത്തിന്റെ ആരോഗ്യമേഖലയിലെ നേട്ടങ്ങൾ ഒമാനി സമൂഹം നേരിട്ടറിഞ്ഞ മൂന്നു ദിനങ്ങളായിരുന്നു കടന്നുപോയത്. സ്റ്റാളുകളിലൂടെ തങ്ങളുടെ സേവനങ്ങളെയും നൂതന ചികിത്സ സൗകര്യങ്ങളെയും ഒമാനി സമൂഹത്തിനു മുന്നിൽ പരിചയപ്പെടുത്താൻ പ്രദർശകർക്ക് സാധിക്കുകയും ചെയ്തു. സ്വദേശി പൗരന്മാരിൽനിന്ന് നല്ല പ്രതികരണമാണ് ലഭിച്ചതെന്ന് പ്രദർശനത്തിൽ പങ്കെടുത്തവർ പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ആരോഗ്യപ്രവർത്തകരുമായും സേവനദാതാക്കളുമായി സംവദിക്കാനും കഴിഞ്ഞുവെന്ന് പ്രദർശനത്തിൽ പങ്കെടുത്ത കേരളത്തിൽനിന്നുള്ള സംഘങ്ങൾ പറഞ്ഞു. സമാപനദിവസമായ ബുധനാഴ്ചയും മേളയിലേക്ക് സ്വദേശികളുടെയും വിദേശികളുടെയും ഒഴുക്കാണുണ്ടായിരുന്നത്. കേരളത്തിൽനിന്നുള്ള പ്രമുഖരായ 20ലധികം ആരോഗ്യസ്ഥാപനങ്ങളാണ് മേളയുടെ ഭാഗമായി പങ്കെടുത്തത്. ഒമാനിൽനിന്ന് ആയുർവേദ, ട്രാവൽ സ്ഥാപനങ്ങളും പങ്കാളികളായി. പ്രമേഹം, നടുവേദന, വന്ധ്യത, നേത്രരോഗം, ഇ.എൻ.ടി, ആയുർവേദം, യൂനാനി തുടങ്ങിയ വിഭാഗങ്ങളിലായി സൗജന്യ പരിശോധനയും കേരളത്തിലെ പ്രശസ്ത ആതുരാലയങ്ങളിലെ ഡോക്ടർമാരുടെ സേവനവും സ്റ്റാളുകളിൽ ലഭ്യമാക്കിയിരുന്നു. കേരളത്തിന്റെ ആരോഗ്യമേഖലയിലെ നേട്ടങ്ങളും സേവനങ്ങളും പരിചയപ്പെടുത്തുക എന്നതാണ് ‘ഗൾഫ് മാധ്യമം’ ഹീൽമി കേരള പവിലിയനിലൂടെ ലക്ഷ്യമിട്ടത്.
പരമ്പരാഗത ചികിത്സാരീതിയുൾപ്പെടെ കേരളത്തിന്റെ ആരോഗ്യമേഖലയിലെ ഉണർവുകൾ ഒമാനി സമൂഹത്തിന് പരിചയപ്പെടുത്തുന്നതിനൊപ്പം ആഗോളതലത്തിലേക്കുകൂടി വ്യാപിപ്പിക്കാനും മേളയിലൂടെ ലക്ഷ്യമിടുന്നു. സുൽത്താനേറ്റിലെ ഏറ്റവും വലിയ ആരോഗ്യമേളയാണ് ഒമാൻ ഹെൽത്ത് എക്സിബിഷൻ ആൻഡ് കോൺഫറൻസ്. ഇന്ത്യയുൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 160ലധികം പ്രദർശകരാണ് മേളയുടെ ഭാഗമായത്.
കൂടുതൽ ആളുകൾ എത്തി
പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭവങ്ങളാണ് കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി ലഭിച്ചത്. മികച്ച സൗകര്യങ്ങളായിരുന്നു ഇവിടെ ഒരുക്കിയിരുന്നത്. കൂടുതൽ ആളുകൾ സ്റ്റാളുകൾ സന്ദർശിച്ചതും എടുത്തുപറയേണ്ട കാര്യമാണ്. ഓരോ രോഗിക്കും നമ്മൾ നൽകുന്ന സേവനങ്ങളെക്കുറിച്ച് കൃത്യമായി വിശദീകരിച്ചിട്ടുണ്ട്. മികച്ച രീതിയിൽ പരിപാടി സംഘടിപ്പിച്ച ഗൾഫ് മാധ്യമത്തിന് നന്ദി അറിയിക്കുന്നു- ഡോ. മാതംഗി ആനന്ദ് (ഗൈനക്കോളജിസ്റ്റ് ആൻഡ് ഇൻഫെർട്ടോളജിസ്റ്റ്, വിജയലക്ഷ്മി മെഡിക്കൽ സെന്റർ, കൊച്ചി)
പുതിയ കാര്യങ്ങൾ പഠിക്കാൻ സഹായകമായി
പുതിയ കാര്യങ്ങൾ പഠിക്കാൻ ‘ഹീൽമി കേരള’ സഹായകമായി. ആദ്യദിവസം ബിസിനസുമായി ബന്ധപ്പെട്ട ആളുകളായിരുന്നു പവിലിയനിൽ എത്തിയിരുന്നത്. ഏജൻസി മുഖേനയുള്ള ഇത്തരം ആളുകൾ മെഡിക്കൽ ടൂറിസവുമായി ബന്ധപ്പെട്ട കാര്യങ്ങളും മറ്റും അറിയാനായിരുന്നു ആഗ്രഹിച്ചിരുന്നത്. ഏറ്റവും കൂടുതൽ ആളുകൾ വന്നത് രണ്ടാംദിവസമായിരുന്നു. ഇതിൽ കൂടുതലും രോഗികളും അവരുടെ ബന്ധുക്കളുമായിരുന്നു. മൂന്നാം ദിവസം ചികിത്സയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയാൻ മെഡിക്കൽ റിപ്പോർട്ടും മറ്റുമായി എത്തിയവരും നിരവധിയായിരുന്നു. ഇപ്രാവശ്യം ഇറാനിൽനിന്നടക്കമുള്ള ആരോഗ്യമേഖലയിലെ വിദഗ്ധരുമായി കൂടിക്കാഴ്ചകൾ നടത്താനും കഴിഞ്ഞു- നീതു രാജൻ ശ്രീജ, മാനേജർ- ഇന്റർനാഷനൽ പേഷ്യന്റ് റിലേഷൻസ്, ജെമിനി മോൾ -സ്റ്റാഫ് നഴ്സ് ആൻഡ് ട്രാൻസ്ലേറ്റർ (കാരിത്താസ് ഹോസ്പിറ്റൽ, കോട്ടയം)
സംരംഭങ്ങൾ ഒമാനി സമൂഹത്തിലേക്ക് എത്തിക്കും
രാജഗിരി ആശുപത്രി ആറു വർഷത്തിലേറെയായി ഒമാൻ ഹെൽത്ത് എക്സിബിഷനിൽ പങ്കെടുക്കുന്നു. ഹീൽമി കേരളയുടെ രണ്ടാം പതിപ്പ് കേരളത്തിലെ ആശുപത്രികൾക്ക് അവരുടെ സൗകര്യങ്ങളും വൈദഗ്ധ്യവും പ്രദർശിപ്പിക്കാൻ സഹായിച്ചു.
ഇത്തരം ഉദാത്തമായ സംരംഭങ്ങൾ ഒമാനി സമൂഹത്തിലേക്ക് എത്തിച്ചേരാൻ സഹായിക്കും. ഈ മഹത്തായ പരിപാടിയുടെ ഭാഗമാകാൻ ഞങ്ങൾക്ക് അവസരം നൽകിയ മാധ്യമത്തിനും സംഘാടക സംഘത്തിനും നന്ദി പറയുന്നു- ജോസ് പോൾ (ജനറൽ മാനേജർ -റിലേഷൻസ്, രാജഗിരി ഹോസ്പിറ്റൽ കൊച്ചി)
എക്സ്പോ നൽകിയത് മികച്ച അനുഭവം
മൂന്നു ദിവസത്തെ ഹീൽമി കേരള മികച്ച അനുഭവമാണ് ഞങ്ങൾക്കു നൽകിയത്. ഞങ്ങളുടെ പീഡിയാട്രിക് കേസുമായി ബന്ധപ്പെട്ട് ഒരുപാട് ആളുകളെ കാണാൻ കഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഒമാനിൽ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്നാണ് എക്സ്പോയിൽനിന്ന് മനസ്സിലായത്. കുട്ടികളുടെ വിവിധങ്ങളായ കേസുകൾ ഒമാനിൽ കണ്ടുവരുന്നതുകൊണ്ടുതന്നെ ആയുർവേദശാസ്ത്രവും മറ്റു തെറപ്പികളും ഒരുമിച്ച് ശാസ്ത്രീയമായ രീതിയിൽ ഇവിടത്തെ ജനങ്ങൾക്ക് കൊടുക്കേണ്ടത് അനിവാര്യമാണ്. ഇത്തരം കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കുന്നതായിരുന്നു എക്സ്പോ. മെഡിക്കൽ ടൂറിസം നല്ല രീതിയിൽ പ്രമോട്ട് ചെയ്യാൻ എക്സ്പോ സഹായകമാകുകയും ചെയ്തു- ഡോ. രശ്മി പ്രമോദ് (കൊച്ചി ജീവനീയം ആയുർവേദ ഹോസ്പിറ്റൽ ആൻഡ് റിസർച് സെന്റർ സ്ഥാപക സി.ഇ.ഒ ആൻഡ് മെഡിക്കൽ ഡയറക്ടർ)
അന്താരാഷ്ട്ര മാർക്കറ്റിങ്ങിന് സഹായകമായി
ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായിരുന്നു ഇത്തവണത്തെ ഹീൽമി കേരള എക്സിബിഷൻ. അന്താരാഷ്ട്ര മാർക്കറ്റിങ് നടത്താൻ സഹായമാകുന്നതായിരുന്നു പരിപാടി. ഒപ്പം സംഘടനയിലെ മെംബർമാർക്ക് മുമ്പ് വന്നിരുന്ന രോഗികളെ നേരിട്ട് കാണാനും കൂടുതൽ കാര്യങ്ങൾ നേരിട്ട് പറഞ്ഞുകൊടുക്കാനും സാധിച്ചു. മൂന്നു ദിവസവും നല്ല തിരക്കായിരുന്നു അനുഭവപ്പെട്ടിരുന്നത്. കേരളത്തെ മനസ്സിലാക്കാനും ആരോഗ്യസംവിധാനത്തെക്കുറിച്ചുമുള്ള വിവരങ്ങൾ അടങ്ങിയ സുവനീറും സന്ദർശകർക്കായി നൽകി- നൗഫൽ ചക്കീരി (സെക്രട്ടറി, കേരളത്തിലെ മെഡിക്കൽ ടൂറിസം ഫെസിലിറ്റേറ്റേഴ്സ് ഫോറം)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.