'ഹീൽമി കേരള' മികച്ച ചുവടുവെപ്പ് -ഒമാൻ മെഡിക്കൽ അസോ. പ്രസിഡന്റ്
text_fieldsമസ്കത്ത്: ഒമാൻ ഹെൽത്ത് എക്സിബിഷൻ ആൻഡ് കോൺഫറൻസിനോടനുബന്ധിച്ച് 'ഗൾഫ് മാധ്യമം' സംഘടിപ്പിക്കുന്ന 'ഹീൽമി കേരള' ആരോഗ്യമേഖലയിലെ മികച്ച ചുവടുവെപ്പായിരിക്കുമെന്ന് ഒമാൻ മെഡിക്കൽ അസോസിയേഷൻ പ്രസിഡന്റ് ഡോ. വലീദ് അൽസദ്ജാലി പറഞ്ഞു. നിരവധി ആളുകൾ ചികിത്സക്കായി കേരളത്തിലേക്ക് പോകുന്നുണ്ട്. ഇന്ത്യയിലേക്കുള്ള വിസ അടക്കമുള്ള നടപടിക്രമങ്ങൾ ലളിതമാണ്. മനസ്സിന് തൃപ്തിപ്പെടുത്തുന്ന മികച്ച പരിചരണമാണ് അവിടെനിന്നും ലഭിക്കുന്നത്. ഈ സാഹചര്യത്തിൽ കേരളത്തിൽനിന്നുള്ള സംഘങ്ങൾ ഇവിടേക്ക് വരുന്നത് കൂടുതൽ മികച്ച സേവനങ്ങൾ ലഭ്യമാക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, 'ഹീൽമി കേരള'യുടെ രജിസ്ട്രേഷൻ നടപടികൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. www.healmekerala.com എന്ന വെബ്സൈറ്റ് വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. രജിസ്റ്റർ ചെയ്യുമ്പോൾ ഇ-മെയിൽ വഴി ലഭിക്കുന്ന എൻട്രി പാസുമായി മേളയിലെത്താം. ഇത് കാണിച്ചാൽ നഗരിയിലേക്കുള്ള വെർച്വൽ പാസ് സംഘാടകരിൽനിന്ന് ലഭ്യമാകും. ഹീൽമി കേരള'യിൽ പങ്കെടുക്കുന്നവർക്ക് കേരളത്തിൽ സൗജന്യഹോളിഡേ പാക്കേജ് നേടാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവരിൽനിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന രണ്ട് കുടുംബങ്ങൾക്കാണ് കേരളത്തിൽ രണ്ടു ദിവസത്തെ ഫാമിലി ഹോളിഡേ പാക്കേജ് സൗജന്യമായി ലഭിക്കുക.
പ്രമുഖ ആയുർവേദ, യൂനാനി ആശുപത്രികളിലുമായിരിക്കും ഭക്ഷണമുൾപ്പെടെയുള്ള ആരോഗ്യ ചികിത്സ പാക്കേജ് ലഭ്യമാകുക. കേരളത്തിന്റെ പ്രത്യേക പവിലിയനുമായാണ് 'ഗൾഫ് മാധ്യമം' ഒമാൻ ഹെൽത്ത് എക്സിബിഷന്റെ ഭാഗമാകുന്നത്. കേരളത്തിന്റെ ആരോഗ്യമേഖലയിലെ നേട്ടങ്ങളും സേവനങ്ങളും പരിചയപ്പെടുത്തുക എന്നതാണ് പവിലിയനിലൂടെ ലക്ഷ്യമിടുന്നത്. പരമ്പരാഗത ചികിത്സരീതിയുൾപ്പെടെ കേരളത്തിന്റെ ആരോഗ്യമേഖലയിലെ ഉണർവുകൾ ഒമാനി സമൂഹത്തിന് പരിചയപ്പെടുത്തുന്നതിനൊപ്പം ആഗോളതലത്തിലേക്കുകൂടി വ്യാപിപ്പിക്കാനും ഇതിലൂടെ സാധിക്കും.
ഒമാനിൽനിന്നടക്കം നിരവധിപേരാണ് വർഷംതോറും ചികിത്സതേടി മലയാളമണ്ണിൽ എത്തുന്നത്. ഇത്തരം ആളുകളിലേക്ക് തങ്ങളുടെ സ്ഥാപനങ്ങളെയും സേവനങ്ങളെയും കൂടുതൽ പരിചയപ്പെടുത്തുന്നതിനുള്ള വിശാലകവാടമായി 'ഹീൽമി കേരള' മാറും. 'ഹീൽമി കേരള'യുടെ ലോഗോ എക്സിബിഷൻ സംഘാടകരായ 'കണക്ടു'മായി ചേർന്ന് മാർച്ചിൽ പുറത്തിറക്കിയിരുന്നു. ഇന്ത്യൻ പവിലിയൻ ഒരുക്കുന്ന 'ലിങ്ക്സ് മൈസ് ഒമാനു'മായി സഹകരിച്ചാണ് 'ഹീൽമി കേരള' നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.