ആരോഗ്യജാലകം തുറന്ന് ഹീൽമി കേരള
text_fieldsമസ്കത്ത്: കടൽ കടന്ന് പലവട്ടം അവർ മലയാളമണ്ണിൽ എത്തിയിട്ടുണ്ട്. ആതുരാലയങ്ങളിലെ സേവനവും മാലാഖമാരുടെ ചേർത്തുവെപ്പും കാരണം, രോഗപീഡകൾ മാറുന്നതോടൊപ്പം മനസ്സും നിറഞ്ഞായിരുന്നു അവർ മടങ്ങിയിരുന്നത്. കഴിഞ്ഞ ദിവസം ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്‍ററിൽ തുടങ്ങിയ ഹെൽത്ത് എക്സിബിഷനിലെ കേരളത്തിന്‍റെ ഹീൽമി കേരള പവിലിയനിലേക്ക് ഒമാനികളെ കൂട്ടത്തോടെ ആകർഷിച്ചതും ഇതുതന്നെയായിരുന്നു. ലോകനിലവാരത്തോട് കിടപിടിക്കുന്ന കേരളത്തിന്‍റെ ആരോഗ്യരംഗത്തെ നേരിട്ടറിയാനും ഒപ്പം മറ്റുസേവനങ്ങളെ കുറിച്ച് മനസ്സിലാക്കാനും വേണ്ടിയായിരുന്നു സ്വദേശി പൗരന്മാർ പവിലിയനിലെത്തിയിരുന്നത്. ഒമാനികളിൽനിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് പ്രദർശനത്തിൽ പങ്കെടുക്കുന്ന ആരോഗ്യസ്ഥാപനങ്ങളിലെ ജീവനക്കാർ പറഞ്ഞു.
രാവിലെ മുതൽ നല്ല തിരക്കായിരുന്നു മിക്ക സ്റ്റാളുകളിലും അനുഭവപ്പെട്ടത്. ഉച്ചയോടെ കുറവ് വന്നെങ്കിലും വൈകീട്ടോടെ തിരക്ക് വർധിക്കുകയും ചെയ്തു. ഹീൽമി കേരളയിൽ പങ്കെടുക്കുന്നവർക്ക് കേരളത്തിൽ സൗജന്യ ഹോളിഡേ പാക്കേജ് നേടാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവരിൽനിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന രണ്ട് കുടുംബങ്ങൾക്കാണ് കേരളത്തിൽ രണ്ട് ദിവസത്തെ ഫാമിലി ഹോളിഡേ പാക്കേജ് സൗജന്യമായി ലഭിക്കുക. പ്രമുഖ ആയുർവേദ, യൂനാനി ആശുപത്രികളിലായിരിക്കും ഭക്ഷണമുൾപ്പെടെയുള്ള ആരോഗ്യചികിത്സ പാക്കേജ് ലഭ്യമാകുക. ആരോഗ്യരംഗത്ത് ലോകമാതൃക രചിച്ച സംസ്ഥാനമാണ് കേരളം. ദന്തരോഗങ്ങൾക്കുപോലും മികച്ച ചികിത്സതേടി ഒമാൻ പൗരന്മാർ കേരളമണ്ണിൽ എത്താറുണ്ട്. മറ്റ് ജി.സി.സി രാജ്യങ്ങളെ അപേക്ഷിച്ച് കേരളത്തിലേക്ക് ചികിത്സക്കായെത്തുന്നവരിൽ കൂടുതൽ ഒമാനിൽനിന്നാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ലോകനിലവാരമുള്ള ചികിത്സയും മികച്ച പരിചരണവും ചെലവ് കുറവുമൊക്കെയാണ് കേരളത്തിലേക്ക് ആകർഷിപ്പിക്കുന്നതിനുള്ള പ്രധാന കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.