ഉള്ളുപിടയുന്ന കാഴ്ചകൾ...
text_fieldsകാബൂറ: വീശിയടിച്ച ഷഹീൻ ചുഴലിക്കാറ്റിൽ കെടുതികളേറെ ഏറ്റുവാങ്ങിയ ബാത്തിന മേഖലയുടെ ദൃശ്യം ഉള്ളുപിടക്കും. ബിദായ, ഖതറ, സുവൈഖ് എന്നിങ്ങനെയുള്ള സ്ഥലങ്ങളിലാണ് കാറ്റും മഴയും ഏറെ ഉഴുതുമറിച്ചത്. ഈ പ്രദേശങ്ങളിലെ ചെറുതും വലുതുമായ കച്ചവട സ്ഥാപനങ്ങൾ ഏറെയും വെള്ളത്തിനടിയിലായിരുന്നു.
ദേശീയപാതക്ക് ഇരുവശവും യുദ്ധസമാനമായ കാഴ്ചകളാണ്. ചളി കടകളിൽ ഉറച്ചുപോയിട്ടുണ്ട്. ഇത് ശുചിയാക്കൽ ശ്രമകരമാണെന്ന് ഭക്ഷണ വിതരണവുമായെത്തിയ സൂരജ് പറയുന്നു. ജലവിതരണവും തടസ്സപ്പെട്ടു. കുടുംബങ്ങൾ താമസിക്കുന്ന ഏരിയകളാണ് അതിലേറെ പ്രയാസത്തിലായിരിക്കുന്നത്.
ഒന്നാം നില മുഴുവനായും വെള്ളത്തിനടിയിലായപ്പോൾ ടെറസിൽ അഭയം തേടിയാണ് ചിലർ രക്ഷപ്പെട്ടത്. കോവിഡ് വ്യാപനം മൂലം ഒന്നരവർഷമായി കച്ചവട സ്ഥാപനങ്ങൾ കടുത്ത പ്രതിസന്ധി നേരിടുകയായിരുന്നു. ഇളവുകൾ അനുവദിച്ച് ചെറിയതോതിൽ വ്യാപാരമേഖല ഉണരുമ്പോഴാണ് ഷഹീെൻറ വരവ്. വലിയ കച്ചവടസ്ഥാപങ്ങളുടെ ഗോഡൗണുകൾ, നിർമാണ യൂനിറ്റുകൾ, വിതരണത്തിന് തയാറായ ഉൽപന്നങ്ങൾ ഇതെല്ലാമാണ് നശിച്ചുപോയത്.
ഇന്ത്യൻ എംബസിയുമായി സഹകരിച്ച് ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിങ്, മലബാർ വിങ്, ഡെക്കാനി വിങ് എന്നിവരുടെ നേതൃത്വത്തിൽ ഭക്ഷണപ്പൊതിയും വെള്ളവും വിതരണം നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.