ചൂടിന് അയവ്; വിനോദസഞ്ചാര കേന്ദ്രങ്ങളിലും ബീച്ചുകളിലും തിരക്ക്
text_fieldsമസ്കത്ത്: കഴിഞ്ഞ ദിവസങ്ങളിൽ ഒമാന്റെ ചില ഭാഗങ്ങളിൽ മഴ ലഭിക്കുകയും ചൂടിന് അയവു വരുകയും ചെയ്തതോടെ ബീച്ചുകളിലും പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലും തിരക്കനുഭവപ്പെട്ടു. വെള്ളിയാഴ്ച മസ്കത്തിൽ 32-37 ഡിഗ്രിക്ക് ഇടയിലായിരുന്നു താപനില. ശനിയാഴ്ചയും സമാന താപനിലയാണ് അനുഭവപ്പെടുക.
ഒരാഴ്ച മുമ്പുവരെ ഒമാനിൽ കൊടുംചൂടാണ് അനുഭവപ്പെട്ടിരുന്നത്. പലയിടങ്ങളിലും ചൂട് 50 ഡിഗ്രി സെൽഷ്യസിനടുത്തെത്തിയിരുന്നു. ചൂട് കൂടിയത് ജനജീവിതത്തെ ബാധിച്ചു. പലരും പകൽ സമയത്ത് പുറത്തിറങ്ങുന്നത് ഒഴിവാക്കുകയും ചെയ്തിരുന്നു. എന്നാൽ, പെരുന്നാൾ അവധി എത്തിയതോടെ കൊടും ചൂടിന് അയവുവരുകയായിരുന്നു.
അവധി ആരംഭിച്ചതോടെ ബീച്ചുകളിലാണ് ഏറ്റവും കൂടുതൽ തിരക്കനുഭവപ്പെടുന്നത്. മസ്കത്ത് മേഖലയിലെ ഖുറം അടക്കമുള്ള ബീച്ചുകളിലും മത്ര കോർണിഷിലുമാണ് കൂടുതലായും ആളുകൾ എത്തുന്നത്. എല്ലാവർക്കും എളുപ്പം എത്തിപ്പെടാൻ പറ്റുന്ന മേഖലയായതിനാൽ കൂടുതലായും വരുന്നത് സാധാരണക്കാരാണ്. സാധാരണ ജനങ്ങളുടെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് മത്ര കോർണിഷ്.
സ്വന്തമായി വാഹനമില്ലാത്തവർക്ക് ഇവിടേക്കെത്താൻ ബസ്, ടാക്സി സർവിസുകളും യഥേഷ്ടം ലഭിക്കുന്നത് വലിയ അനുഗ്രഹമാണ്. ചൂടുകാലത്തുപോലും ഇവിടെ സുഖകരമായ കാലാവസ്ഥ പകരാൻ കടലിൽനിന്ന് തണുത്ത കാറ്റ് എത്തുന്നുണ്ട്. അതിനാൽ വൈകുന്നേരത്തോടെ പെരുന്നാൾ ദിനത്തിലും മറ്റും വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
ചൂടായതിനാൽ ഫാം ഹൗസുകൾക്ക് ഈ വർഷവും ആവശ്യക്കാരേറെയാണ്. ബുക്കിങ്ങുകൾ നേരത്തേ തന്നെ പൂർത്തിയായതിനാൽ ഫാം ഹൗസുകൾ കിട്ടാത്ത അവസ്ഥയാണ്. പെരുന്നാൾ സീസണായതോടെ ഫാം ഹൗസുകൾക്ക് ഡിമാൻഡ് വർധിച്ചതായും നിരവധി പേർ ദിവസവും വിളിക്കുന്നുണ്ടെന്നും ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു.
കുട്ടികൾക്കും കുടുംബങ്ങൾക്ക് വിനോദത്തിലേർപ്പെടാൻ നിരവധി സൗകര്യങ്ങളാണ് ഫാമിലുള്ളത്. മിക്ക ഫാമുകളിലും അകത്തു പുറത്തും രണ്ടു സ്വിമ്മിങ് പൂളുകൾ, കളിസ്ഥലം, വലിയ അടുക്കള, കുട്ടികൾക്കുള്ള വിനോദ സ്ഥലം, വലിയ മജ്ലിസുകൾ, വിശ്രമ മുറികൾ, തുടങ്ങിയ സൗകര്യങ്ങളുണ്ടാവും. ചില കമ്പനികളിലെ ജീവനക്കാരും കുടുംബസമേതം ഫാം ഹൗസുകളിൽ പെരുന്നാൾ ആഘോഷിക്കുന്നുണ്ട്.
അവധിയാഘോഷിക്കാൻ നിരവധി പേർ സലാലയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. സലാലയിൽ ഖരീഫ് സീസൺ ആരംഭിച്ചിട്ടില്ലെങ്കിലും പെരുന്നാൾ അവധി ആഘോഷിക്കാൻ നിരവധി പേരാണ് എത്തിയത്. ജബൽ അഖ്ദർ, ജബൽ ശംസ് എന്നിവിടങ്ങളിൽ നല്ല തിരക്ക് അനുഭവപ്പെടുന്നുണ്ട്. ജബൽ അഖ്ദറിലിപ്പോൾ പനിനീർ പൂ സീസണാണ്. പനിനീർ പൂ തോട്ടങ്ങളും ഇവയിൽനിന്ന് റോസ് വാട്ടർ പരമ്പരാഗത രീതിയിൽ ഉൽപാദിപ്പിക്കുന്നതുമൊക്കെ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന കാഴ്ചകളാണ്.
ഒമാനിൽ മുന്തിരി സീസൺ ആരംഭിച്ചതിനാൽ മുന്തിരിത്തോട്ടങ്ങൾ കാണാനും നിരവധി പേർ പോവുന്നുണ്ട്. റുസ്താഖ് വിലായത്തിലെ വക്കാൻ ഗ്രാമത്തിലെ മുന്തിരത്തോട്ടത്തിലാണ് കൂടുതൽ വിനോദ സഞ്ചാരികൾ എത്തുന്നത്. ഇവിടത്തേക്കുള്ള ദുർഘടമായ യാത്രയാണ് പലർക്കും ഹരം നൽകുന്നത്. വാഹനം നിർത്തി ഏറെനേരം ദുർഘടമായ വഴികളിലൂടെ പടവുകൾ കയറിയാണ് തോട്ടത്തിലെത്തേണ്ടത്.
തോട്ടത്തിൽ ഏറെ സുഖകരമായ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. ഇവിടെ പടർന്നുകിടക്കുന്ന മുന്തിരിവള്ളികളും വിവിധ വർണത്തിലുള്ള മുന്തിരിക്കുലകളും മനോഹര കാഴ്ചകളാണ്. തെരുവോരങ്ങളിൽ തോട്ടങ്ങളിൽനിന്ന് പറിച്ചെടുത്ത മുന്തിരിയുടെ വിൽപനയും നടക്കുന്നുണ്ട്. മുദൈബിയിലെ അൽ റൗദ ഗ്രാമത്തിലാണ് ഏറ്റവും കൂടുതൽ മുന്തിരി ഉൽപാദിപ്പിക്കുന്നതെങ്കിലും വിനോദ സഞ്ചാരികൾ കൂടുതൽ എത്തുന്നത് വക്കാനിലാണ്.
ശർഖിയ്യയിലെ വാദി ബനീഖാലിദിലും സിങ്ക് ഹോളിലും തിരക്കനുഭവപ്പെടുന്നുണ്ട്. നിസ്വയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രത്തിലും പുതുതായി ആരംഭിച്ച ഒമാൻ എക്രേസ് ദ മ്യൂസിയത്തിലും ആളുകൾ കൂടുതലായി എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.