ചൂട് ഉയരുന്നു: വേണം കുട്ടികൾക്ക് കരുതൽ
text_fieldsമസ്കത്ത്: രാജ്യത്ത് അനുദിനം ചൂട് ഉയർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കുട്ടികളുടെ കാര്യത്തിൽ ശ്രദ്ധ പുലർത്തേണ്ടതാണെന്ന് ആരോഗ്യ വിദഗ്ധർ. ഒമാന്റെ വിവിധ പ്രദേശങ്ങളിൽ 50 ഡിഗ്രിസെൽഷ്യസിനടുത്താണ് താപനില രേഖപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞദിവസം ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് മഹൂത്തിലാണ്. 48.9 ഡിഗ്രി സെൽഷ്യസാണ് ഇവിടെ അനുഭവപ്പെട്ട ചൂട്.
സമൈം, മുദൈബി 47.5, യാലോനിയിൽ 47.4 ഡിഗ്രി സെൽഷ്യസ് എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ ചൂട്. വേനൽക്കാലത്ത് ഉയർന്ന താപനിലയിൽനിന്ന് കുട്ടികളെ സംരക്ഷിക്കാൻ മാതാപിതാക്കൾ മുൻകരുതലുകളെ ടുക്കണം.
കഠിനമായ ചൂടിൽ കുട്ടി സമ്പർക്കം പുലർത്തുന്നത് നിർജലീകരണം, സൂര്യാതപം എന്നിവക്ക് കാരണമാകും. സുരക്ഷിതവും ആരോഗ്യകരവുമായ വേനൽക്കാലം ഉറപ്പാക്കാനായി കുട്ടികൾക്ക് ധാരാളം കുടിവെള്ളം നൽകുക.
ഉയർന്ന ചൂടിൽ പുറത്തുകളിക്കുകയോ മറ്റു പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ ചെയ്താൽ കുട്ടികളുടെ ശരീരത്തിൽനിന്ന് വലിയ അളവിൽ ദ്രാവകങ്ങളും ലവണങ്ങളും നഷ്ടപ്പെടുമെന്ന് മെഡിക്കൽ വിദഗ്ധർ പറയുന്നു. ഇത് സൂര്യാതപത്തിലേക്ക് നയിച്ചേക്കാം.
തലവേദന, ക്ഷീണം, ഓക്കാനം, വയറുവേദന എന്നിവയാണ് സൂര്യാതപത്തിന്റെ ലക്ഷണങ്ങൾ. മുതിർന്നവരെ അപേക്ഷിച്ച് ചൂടിനെ പ്രതിരോധിക്കാനുള്ള കുട്ടികളുടെ കഴിവ് കുറവാണ്.
ഉയർന്ന താപനിലയിൽ അവരെ പുറത്തിറങ്ങാതെ നോക്കുകയും അയഞ്ഞ വസ്ത്രങ്ങൾ ധരിപ്പിക്കാനും മാതാപിതാക്കൾ ശ്രദ്ധിക്കണം. രാവിലെ 10നും വൈകീട്ട് നാലിനും ഇടയിലുള്ള കാലയളവിൽ കുട്ടികൾ നേരിട്ട് സൂര്യപ്രകാശം ഏൽക്കാൻ ഇടവരുത്തരുത്. അന്തരീക്ഷ ഊഷ്മാവ് 30 ഡിഗ്രി സെൽഷ്യസിനുമുകളിൽ ഉയർന്നാൽ കുട്ടികൾ കായിക വിനോദങ്ങളിൽ ഏർപ്പെടുകയും ചെയ്യരുത്.
കുട്ടികളുടെ ആരോഗ്യം ഉറപ്പാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
സൺ പ്രൊട്ടക്ഷൻ ഫാക്റ്റർ (എസ്.പി.എഫ്) കുറഞ്ഞത് 50എങ്കിലുമുള്ള സൺസ്ക്രീനുകൾ ഉപയോഗിക്കുക
ധാരാളം വെള്ളവും ഫ്രഷ് ജ്യൂസും കുടിക്കുക
അയഞ്ഞതും ഇളം നിറത്തിലുള്ളതുമായ വസ്ത്രങ്ങൾ ധരിക്കുക, ഇറുകിയ നൈലോൺ അല്ലെങ്കിൽ പോളിസ്റ്റർ വസ്ത്രങ്ങൾ ഒഴിവാക്കുക
വെയിലത്ത് നടക്കുമ്പോൾ തൊപ്പിയോ കുടയോ ഉപയോഗിക്കുക
എണ്ണമയമുള്ളതും പാക്ക് ചെയ്തതുമായ ഭക്ഷണങ്ങൾ ഒഴിവാക്കുക
കൂടുതൽ പഴങ്ങളും പച്ചക്കറികളും കഴിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.