ചൂട് ഉയരുന്നു; ജനജീവിതം ദുസ്സഹം
text_fieldsമത്ര: താപനില അനുദിനം ഉയരുന്നത് ജനജീവിതം ദുസ്സഹമാക്കുന്നു. വിവിധ പ്രദേശങ്ങളിൽ 45നു മുകളിലാണ് കഴിഞ്ഞ ദിവസങ്ങളിൽ താപനില രേഖപ്പെടുത്തിയിരിക്കുന്നത്. ഇതുമൂലം പുറംജോലി ചെയ്യുന്ന തൊഴിലാളികള്‍ ഒരേ സമയം അധ്വാനഭാരത്തോടും കൊടുംചൂടിനോടും പൊരുതുന്ന സ്ഥിതിയാണ്. വെയിലത്ത് പണിയെടുക്കേണ്ടിവരുന്ന അര്‍ബാന തൊഴിലാളികളുംം നിർമാണ മേഖലയിലുമൊക്ക ജോലിയിലേർപ്പെടുന്നവരാണ് ഏറെ പ്രയാസത്തിലായത്. രാജ്യത്ത് ഉച്ചവിശ്രമ അവധി ജൂണിലാണ് ആരംഭിക്കുക.
അതിന് ഇനിയും ദിവസങ്ങൾ ശേഷിക്കുന്നുണ്ട്. രാവിലെ പത്തുമണിയാകുമ്പോൾതന്നെ അസ്സഹനീയമായ ചൂടാണ് അനുഭവപ്പെടുന്നതെന്നും ഉച്ചയാകുമ്പോഴേക്കും ക്ഷീണിക്കുന്ന സ്ഥിതിയാണെന്നും പുറത്ത് തൊഴിലെടുക്കുന്നവർ പറയുന്നു. ഇത്തവണ വേനല്‍ സാധാരണയില്‍നിന്നു വ്യത്യസ്തമായി വൈകിയാണ് മസ്കത്തിലെത്തിയത്. സാധാരണ മാര്‍ച്ച് മാസമാണ് വേനല്‍ കനക്കാറുള്ളത്. ഇത്തവണ മേയ് തുടക്കത്തിലാണ് ചൂട് ശക്തിപ്പെട്ടത്. അന്തരീക്ഷോഷ്മാവ് വര്‍ധിച്ചതോടെ മത്രയടക്കമുള്ള സൂഖുകളില്‍ ആളൊഴിഞ്ഞു. പകല്‍നേരങ്ങളില്‍ തീരെ ആളുകള്‍ പുറത്തിറങ്ങാന്‍ മടിക്കുകയാണ്.
ഇതുമൂലം കനത്ത വ്യാപാരമാന്ദ്യം വിപണിയെ പിടികൂടിയിട്ടുണ്ട്. ദിവസങ്ങളായി യാതൊരു വിധത്തിലും കച്ചവടം മുന്നോട്ടുനീങ്ങാത്ത തരത്തിലാണുള്ളത്. പെരുന്നാള്‍ സീസണ് കഴിഞ്ഞ മാന്ദ്യം ഒരുഭാഗത്ത്, ശമ്പളം നേരത്തേ വാങ്ങിയതിനാല്‍ ആളുകളുടെ കൈയില്‍ കാശില്ലാത്തതിനാലുള്ള മന്ദഗതിയോടൊപ്പമാണ് കനത്ത ഉഷ്ണവും വില്ലനാകുന്നത്. ഇത് വിപണിയെ വല്ലാതെ ബാധിച്ചു. അതേസമയം, കഴിഞ്ഞ ദിവസങ്ങളിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ താപ നിലയിൽ പ്രകടമായ മാറ്റം വന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.