വീണ്ടും മഴ കനത്തു; വാദികൾ നിറഞ്ഞൊഴുകി
text_fieldsമസ്കത്ത്: ഒരു ദിവസത്തെ ഇടവേളക്കുശേഷം വിവിധ ഗവർണറേറ്റുകളിൽ മഴ ശക്തിയാർജിച്ചു. മുസന്ദം, തെക്ക്-വടക്ക് ബത്തിന, ബുറൈമി, ദാഹിറ, ദാഖിലിയ, തെക്ക്-വടക്ക് ശർഖിയ എന്നിവിടങ്ങളിലെ വിവിധ വിലായത്തുകളിലും ജബൽ മേഖലയിലും കനത്ത മഴയാണ് തിങ്കളാഴ്ച അനുഭവപ്പെട്ടത്. പലയിടത്തും വാദികൾ നിറഞ്ഞൊഴുകി.
ഇടിയുടെയും കാറ്റിന്റെയും അകമ്പടിയോടെയാണ് മഴ കോരിച്ചൊരിഞ്ഞത്. ഉൾപ്രദേശങ്ങളിൽ ഗതാഗത തടസ്സവും നേരിട്ടു. മുസന്ദം ഗവർണറേറ്റിലെ ഖസബിൽ രാവിലെ 11ഓടെയാണ് ശക്തമായ മഴ ആരംഭിച്ചതെന്ന് പ്രദേശവാസികൾ പറഞ്ഞു. ഒരു മണിക്കൂർ നിർത്താതെ പെയ്ത മഴയിൽ വാദികൾ പലതും നിറഞ്ഞുകവിഞ്ഞു. രാവിലെ മുതൽതന്നെ ഇവിടെ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. തലസ്ഥാന നഗരിയായ മസ്കത്തിൽ രാവിലെ മുതൽതന്നെ മൂടിക്കെട്ടിയ അന്തരീക്ഷമാണുണ്ടായിരുന്നത്.
അതേസമയം, ശക്തമായ മഴ ബുധനാഴ്ച വരെ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
മുസന്ദം, തെക്ക്-വടക്ക് ബത്തിന, മസ്കത്ത്, ബുറൈമി, ദാഹിറ, ദാഖിലിയ, തെക്ക്-വടക്ക് ശർഖിയ എന്നീ ഗവർണറേറ്റുകളിൽ ചൊവ്വാഴ്ച ശക്തമായ കാറ്റിന്റെയും ഇടിയുടെയും അകമ്പടിയോടെ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ചിലയിടങ്ങളിൽ ആലിപ്പഴവും വർഷിക്കും. വാദികൾ മുറിച്ചുകടക്കരുതെന്നും വേണ്ട മുൻകരുതലുകൾ എടുക്കണമെന്നും അധികൃതർ നിർദേശിച്ചു.
ഇതുവരെ വാദികളിലും മറ്റും കുടുങ്ങിയ 23ലധികം ആളുകളെയാണ് വിവിധ വിലായത്തുകളിൽനിന്നായി രക്ഷിച്ചിരിക്കുന്നത്. കനത്ത മഴയിൽ രാജ്യത്ത് ഇതുവരെ ആറുപേരാണ് മരിച്ചത്. വിവിധ ഇടങ്ങളിൽ 30 മുതൽ 80 മില്ലിമീറ്റർവരെ മഴ പെയ്യും.
കൂടുതൽ മഴ ലഭിച്ചത് സീബ് വിലായത്തിൽ
മസ്കത്ത്: രാജ്യത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചത് മസ്കത്ത് ഗവർണറേറ്റിലെ സീബ് വിലായത്തിൽ. 102 മി.മീറ്റർ മഴയാണ് ഇവിടെ ലഭിച്ചതെന്ന് കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയം അറിയിച്ചു. ഡിസംബർ 30 മുതൽ ജനുവരി ഒന്നുവരെയുള്ള കാലയളവിലെ കണക്കാണിത്. 75 മി.മീറ്റർ മഴ ലഭിച്ച വടക്കൻ ബാത്തിനയിലെ മഹദ വിലായത്താണ് രണ്ടാംസ്ഥാനത്ത്. 51 മി.മീറ്റർ മഴ ലഭിച്ച മസ്കത്തിലെതന്നെ അമീറാത്താണ് മൂന്നാം സ്ഥാനത്ത്. ഷിനാസ് 49, ഇബ്ര 46, ലിവ 44, ഖാബൂറ 43, നഖൽ, ബിദ്ബിദ് 40, സഹം 37, ബുറൈമി 33, സമമൈൽ 32, ഖുറിയാത്ത്, സുവൈഖ് 30, റുസ്താഖ്, യാങ്കുൽ, ജലാൻ ബാനി ബു അലി, ഖസബ് എന്നീ വിലായത്തുകളിൽ 25 മില്ലിമീറ്റർ മഴയും രേഖപ്പെടുത്തി.
വാദികൾ മുറിച്ചുകടക്കരുത് -സി.ഡി.എ.എ
മസ്കത്ത്: വടക്കൻ ഗവർണറേറ്റുകളിൽ മഴ തുടരുന്നതിനാൽ കവിഞ്ഞൊഴുകുന്ന വാദികൾ മുറിച്ചുകടക്കാൻ ശ്രമിക്കരുതെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സി.ഡി.എ.എ) മുന്നറിയിപ്പ് നൽകി. കുട്ടികൾ എത്തുന്നത് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ നിർദേശിച്ചു. നിലവിൽ വിവിധ വിലായത്തുകളിലെ വാദികളിൽ കുടുങ്ങിയ 23 പേരെയാണ് അധികൃതർ രക്ഷിച്ചത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.