കനത്ത മഴ: ശുചീകരണം പുരോഗമിക്കുന്നു
text_fieldsമസ്കത്ത്: ഒമാെൻറ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസവങ്ങളിൽ കനത്ത കാറ്റിലും മഴയിലും മാലിന്യം നിറഞ്ഞ സ്ഥലങ്ങളിൽ ശുചീകരണം പുരോഗമിക്കുന്നു. ബുധനാഴ്ച രാത്രിയും ശക്തമായ കാറ്റും മഴയും അനുഭവപ്പെട്ടിരുന്നു. അൽ ഹജർ പർവതനിരകൾ, ബാത്തിന, ദാഖിറ, അൽ ദാഖിലിയ്യ ഗവർണറേറ്റുകളിലാണ് ശക്തമായ കാറ്റും മഴയും അനുഭവപ്പെട്ടത്.
തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ സുഹാറിലാണ് കൂടുതൽ മഴ ലഭിച്ചതെന്ന് കൃഷി, മത്സ്യ, ജല വിഭവ മന്ത്രാലയം അറിയിച്ചു. സുഹാർ വിലായത്തിൽ ഒമ്പത് മില്ലീ മീറ്ററും ബിദ്ബിദിൽ അഞ്ചും അൽ അമിറാത്ത്, മുസന്ന, ബർക, േബാഷർ വിലയാത്തുകളിൽ നാല് മില്ലീ മീറ്റർ വീതം മഴയുമാണ് രണ്ട് ദിവസങ്ങളിൽ ലഭിച്ചത്.
മഴ നീങ്ങിയതോടെ മുനിസിപ്പാലിറ്റി അധികൃതർ വിവിധ ഗവർണേററ്റുകളിലെ റോഡുകളിലും നടപ്പാതകളിലും കുന്നുകൂടിയ മാലിന്യവും തടസ്സങ്ങളും നീക്കൽ തുടരുകയാണ്. മസ്കത്ത് അടക്കമുള്ള ഗവർണറേറ്റുകളിൽ ശക്തമായ കാറ്റിൽ നിരവധി മരങ്ങൾ കടപുഴകി വീണിരുന്നു. മസ്കത്ത് ഹൈവേകളിൽ നിരവധി മരം വീണെങ്കിലും ഗതാഗതത്തെ ബാധിച്ചില്ല. എന്നാൽ, മറ്റു ഗവർണറേറ്റുകളിൽ അറ്റകുറ്റപ്പണിക്കായി ചില റോഡുകൾ അടച്ചിട്ടിരുന്നു. മഴയും കാറ്റും കാരണം നിരവധി പേർക്ക് പരിക്കേൽക്കുകയും നിരവധി കന്നുകാലികൾ ചാവുകയും ചെയ്തിരുന്നു. കനത്ത കാറ്റിൽ േബാർഡുകളും കെട്ടിടങ്ങളുടെ മേൽകൂരകളും തകർന്നത് അപകടത്തിന് കാരണമായി. വിവിധ ഭാഗങ്ങളിൽ വാദികൾ ഉണ്ടായെങ്കിലും കാര്യമായ അപകടം റിപ്പോർട്ട് ചെയ്തിട്ടില്ല.
നിരവധി ഗവർണറേറ്റുകളിൽ കാറ്റും മഴയും ആലിപ്പഴ വർഷവും കാരണം നിരവധി പേർക്ക് നാശനഷ്ടം ഉണ്ടായി. സീബിലും സമീപ പ്രദേശങ്ങളിലുമുണ്ടായ ശക്തമായ കാറ്റിൽ റോഡിന് ഇരുവശവും ഡസൻ കണക്കിന് മരങ്ങളാണ് കടപുഴകിയത്. കാറ്റുമൂലം ഇൗന്തപ്പനയും മറ്റ് മരങ്ങളും വീണത് കാരണം നിരവധി കെട്ടിടങ്ങൾക്ക് കേടുപാട് പറ്റി. അൽഖൂദ് സൂഖ്, മൊബേല വ്യവസായ മേഖല, താൽക്കാലിക മത്സ്യ മാർക്കറ്റ് എന്നിവിടങ്ങളിലും കാറ്റ് നാശം വിതച്ചു. തിരമാല പൊങ്ങിയുയർന്നത് കാരണം മീൻപിടിത്തക്കാരുടെ വലകളും മറ്റു ഉപകരണങ്ങളും കേടുവന്നു. മഴയും കാറ്റും മൂലം സീബിലെ പൊതുസ്ഥലങ്ങളിലും മറ്റും വീണ മരങ്ങളും മണ്ണും പൊടിയും റോഡിലെ വെള്ളകെട്ടും നീക്കുകയാണ്.
മഴ കാരണം വടക്കൻ ബാത്തിന ഗവർണറേറ്റിലെ സഹത്തിലും നിരവധി മരങ്ങളും വൈദ്യുതി തൂണുകളും വീഴുകയും കൃഷിനാശം ഉണ്ടാവുകയും ചെയ്തു. മഴ കാരണം വീടുകളും മറ്റും തകർന്നതിനാൽ നിരവധി േപർക്ക് പരിക്ക് പറ്റിയതയി സഹം ആശുപത്രി ഡയക്ടർ ഡോ. ഹമൂദ് അൽ ഫസാരി പറഞ്ഞു. പരിേക്കറ്റ 13 പേരിൽ ഏഴുപേരെ സുഹാർ ആശുപത്രിയിലേക്ക് മറ്റിയതായും അദ്ദേഹം പറഞ്ഞു. മുനിസിപ്പാലിറ്റിയുടെയും റോയൽ ഒമാൻ പൊലീസിെൻറയും മറ്റുള്ളവരുടെയും കൂട്ടായ ശ്രമഫലമായി അടച്ചിട്ട റോഡുകൾ അറ്റകുറ്റപ്പണിക്ക് ശേഷം തുറന്നതായി വടക്കൻ ബാത്തിന ഗവർണർ ശൈഖ് സൈഫ് അൽ ഷെഹി പറഞ്ഞു. ഖാബൂറ, സുവൈഖ് എന്നിവിടങ്ങളിൽ ചൊവ്വാഴ്ച പെയ്ത മഴയും വൻ നാശം വിതച്ചു.
കാറ്റ് വൻ നാശം വിതക്കുകയും കെട്ടിടങ്ങൾക്ക് നാശനഷ്ടമുണ്ടാക്കുകയും ചെയ്തു. താൽകാലിക കെട്ടിടങ്ങളുടെ മേൽക്കൂര തകർന്നതുകാരണം നിരവധി കന്നുകാലികൾക്ക് ജീവഹാനിയുണ്ടായി. ഇവിടങ്ങളിൽ റോഡ് ശുചീകരണവും തടസ്സം നീക്കലും പുരോഗമിക്കുകയാണ്.
ന്യൂനമർദം പിൻവാങ്ങിത്തുടങ്ങി
മസ്കത്ത്: കഴിഞ്ഞ ദിവസങ്ങളിൽ ഒമാനിൽ കനത്ത മഴക്കും കാറ്റിനും കാരണമായ ന്യൂനമർദം പിൻവാങ്ങിത്തുടങ്ങിയതായി ദേശീയ ദുരന്ത മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു. എന്നാൽ, പ്രാദേശികമായി ഒറ്റപ്പെട്ട മഴക്ക് വരുംദിവസങ്ങളിലും സാധ്യതയുണ്ട്. അൽ ദഖ്ലിയ, അൽ ബാത്തിന, ദോഫാർ, നോർത് അൽ ശർഖിയ്യ എന്നിവിടങ്ങളിലും മസ്കത്തിെൻറയും സൗത്ത് അൽ ശർഖിയ്യയുടെ ചില ഭാഗങ്ങളിലും മഴക്ക് സാധ്യതയുണ്ട്.
വൈദ്യുതി, ടെലികോം സംവിധാനങ്ങൾ പുനഃസ്ഥാപിച്ചു
മസ്കത്ത്: രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ മഴയിൽ തകർന്ന വൈദ്യുതി, ടെലികോം സംവിധാനങ്ങൾ പുനഃസ്ഥാപിച്ചതായി അധികൃതർ അറിയിച്ചു.
ബാത്തിന ഗവർണറേറ്റിലെ മിക്ക വൈദ്യുതി പ്രശ്നങ്ങളും കമ്പനികൾ പരിഹരിച്ചതായി പബ്ലിക് സർവിസസ് അതോറിറ്റി പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ, ഗുരുതരമായ പ്രശ്നങ്ങൾ നേരിട്ട സ്ഥലങ്ങളിൽ പരിഹാരത്തിന് സമയം കൂടുതലെടുക്കുമെന്ന് അധികൃതർ അറിയിച്ചു. ബാത്തിനയിൽ 102 ടെലികോം സ്റ്റേഷനുകളിൽ കേടുപാടുണ്ടായതായും ഇവയിൽ 75 ശതമാനം പരിഹരിച്ചതായും ടെലികമ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.