കനത്ത മഴ തുടരുന്നു; വാദികൾ നിറഞ്ഞൊഴുകി
text_fieldsമസ്കത്ത്: ന്യൂനമർദത്തിന്റെ ഭാഗമായി രാജ്യത്ത് കനത്ത മഴ തുടരുന്നു. കാറ്റിന്റെയും ഇടിയുടെയും അകമ്പടിയോടെയാണ് മഴകോരിച്ചൊരിയുന്നത്. വിവിധ വിലായത്തുകളിൽ വാദികൾ കവിഞ്ഞൊഴുകുകയാണ്. ഇവ മുറിച്ചുകടക്കരുതെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു. റുസ്താഖ്, ഇബ്രി, ഖുറിയാത്ത്, നഖൽ, ഖസബ്, തെക്കൻ ബൗശർ, തുടങ്ങിയ സ്ഥലങ്ങളിലാണ് ഭേദപ്പെട്ട മഴ ലഭിച്ചത്.
തിങ്കളാഴ്ച രാത്രിയോടെ ആരംഭിച്ച മഴ ചൊവ്വാഴ്ചയും തുടരുകയായിരുന്നു. വാദികളിൽ വാഹനങ്ങൾ കുത്തിയൊലിച്ച് പോകുകയും ചെയ്തു. ഇതിന്റെ വിഡിയോകൾ സാമൂഹമാധ്യമങ്ങളിൽ പലരും പങ്കുവെച്ചിട്ടുണ്ട്. ദാഖിലിയ, വടക്കൻ ശർഖിയ, ദാഹിറ എന്നീ ഗവർണറേറ്റുകളിലും മസ്കത്ത് ഗവർണറേറ്റിന്റെ തെക്കൻ ഭാഗങ്ങളിലുമാണ് മഴ പെയ്തത്. മുൻ കരുതൽ നടപടികളുടെ ഭാഗമായി ഈ പ്രദേശങ്ങളിലെ വിദ്യാഭ്യാസ സ്ഥാനങ്ങൾക്ക് തിങ്കളാഴ്ച ഉച്ചക്കുശേഷം അവധി നൽകി. ചില ക്ലാസുകൾ ഓൺ ലൈനിലേക്ക് മാറ്റുകയും ചെയ്തു. ഉൾപ്രദേശങ്ങളിൽ റോഡുകളിൽ വെള്ളം കയറി നേരിയതോതിൽ ഗതാഗത തടസ്സവും നേരിട്ടു. അനിഷ്ട സംഭവങ്ങളൊന്നും എവിടെനിന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
അതേസമയം, തലസ്ഥാന നഗരിയായ മസ്കത്തിന്റെ നഗര പ്രദേശങ്ങളിൽ മൂടിക്കെട്ടിയ അന്തരീക്ഷമാണെങ്കിലും മഴ ലഭിച്ചില്ല. ചൊവ്വാഴ്ചയും മഴ തുടരുമെന്നാണ് അധികൃതർ നൽകിയിരിക്കുന്ന മുന്നറിയിപ്പ്. എന്നാൽ, ശക്തി കുറയും. ദോഫാർ ഗവർണറേറ്റിലെയും ഹജർ പർവതനിരകളിലും തീരപ്രദേശങ്ങളിലും പർവതപ്രദേശങ്ങളിലും 10 മുതൽ 20 മില്ലി മീറ്റർവരെ മഴ പെയ്തേക്കും. ഒമാൻ കടലിന്റെ തീരപ്രദേശങ്ങളിലേക്കും ഇത് വ്യാപിച്ചേക്കും. മണിക്കൂറിൽ 27മുതൽ 55 കി.മീറ്റർ വേഗത്തിൽ കാറ്റ് വീശാനും സാധ്യതയുണ്ടെന്നും വേണ്ട മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.