ഒമാനിൽ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുന്നു
text_fieldsമസ്കത്ത്: രാജ്യത്തെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുന്നു. കാറ്റിന്റെയും ഇടിയുടെയും അകമ്പടിയോടെയാണ് മഴ കോരിച്ചൊരിയുന്നത്. അനിഷ്ടസംഭവങ്ങളൊന്നും എവിടെനിന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇസ്ക്കി, മുദൈബി, ബഹ്ല തുടങ്ങിയ സ്ഥലങ്ങളിലാണ് സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചത്.
പലയിടത്തും ആലിപ്പഴവർഷവും വാദികൾ നിറഞ്ഞൊഴുകുകയും ചെയ്തു. മഴ കിട്ടിയ സ്ഥലങ്ങളിലെല്ലാം രാവിലെ മുതൽക്കേ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. ഉച്ചക്ക് ശേഷമാണ് മഴ കോരിച്ചൊരിഞ്ഞത്. ഉൾപ്രദേശങ്ങളിൽ റോഡുകളിൽ വെള്ളം കയറി നേരിയ തോതിൽ ഗതാഗത തടസ്സവും നേരിട്ടു.
ശനിയാഴ്ച ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ബഹ്ലയിലും ഇസ്കിയിലുമാണ്. 11 മില്ലിമീറ്റർ മഴയാണ് ഇവിടെ കിട്ടിയതെന്ന് കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയം വ്യക്തമാക്കി. നിസ്വ- അഞ്ച് മി.മീ, അൽ ഹംറ -നാല് മി.മീ. ആദം, മുദൈബി- രണ്ട് മി.മീ എന്നിങ്ങനെയാണ് മറ്റിടങ്ങളിൽ ലഭിച്ച മഴയുടെ തോത്. താഴ്ന്ന പ്രദേശങ്ങളിൽനിന്ന് മാറിനിൽക്കണമെന്നും വാദികളിൽ നീന്തുകയോ മുറിച്ച് കടക്കാൻ ശ്രമിക്കുകയോ ചെയ്യരുതെന്ന് കാലാവസ്ഥ വകുപ്പിന്റെ ജനറൽ ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. കുട്ടികളെ വാദികളിലേക്ക് പ്രവേശിക്കുന്നത് തടയുന്നതിനുള്ള മുൻ കരുതലുകൾ സ്വീകരിക്കണമെന്നും നിർദേശിച്ചു. അതേസമയം, ഇന്ത്യയിൽ രൂപപ്പെട്ട ന്യൂനമർദം സുൽത്താനേറ്റിനെ നേരിട്ട് ബാധിക്കില്ലെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. അടുത്ത അഞ്ച് ദിവസങ്ങളിൽ ഒമാനിൽ ഉയർന്ന മേഘങ്ങൾക്ക് സാധ്യതയുണ്ട്. ന്യൂനമർദം മധ്യ ഉത്തരേന്ത്യയെ കേന്ദ്രീകരിച്ച് പടിഞ്ഞാറ് അറബിക്കടലിന്റെ കിഴക്കോട്ട് (ഗുജറാത്ത്) പതിയെ നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.