കനത്ത മഴ: വാദികളിൽ കുടുങ്ങിയ 30 പേരെ രക്ഷിച്ചു
text_fieldsമസ്കത്ത്: അപ്രതീക്ഷിതമായെത്തിയ കനത്ത മഴയിൽ വിറങ്ങലിച്ച് തലസ്ഥാന നഗരിയായ മസ്കത്തുൾപ്പെടെ വിവിധ ഗവർണറേറ്റുൾ. വിദേശിയായ ഒരാൾ മരിച്ചു. വിവിധ വിലായത്തുകളിലെ വാദികളിലും വാഹനങ്ങളിലുമായി കുടുങ്ങിയ 30ൽ അധികം പേരെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അധികൃതരും റോയൽ ഒമാൻ പൊലീസും ചേർന്ന് രക്ഷിച്ചു. റോഡുകളിൽ വെള്ളം കയറി പലയിടത്തും ഗതാഗത തടസ്സവും നേരിട്ടു. മത്ര സൂഖിൽ മലയാളികളടക്കമുള്ളവരുടെ വ്യാപാരസ്ഥാപനങ്ങളിൽ കനത്തനാശമാണ് നേരിട്ടത്. മസ്കത്ത്, തെക്കുവടക്ക് ബാത്തിന, മുസന്ദം, ദാഖിലിയ, തെക്കൻ ശർഖിയ എന്നീ ഗവർണറേറ്റുകളിലെ വിവിധ പ്രദേശങ്ങളിലാണ് മഴ കോരിച്ചൊരിഞ്ഞത്. ചിലയിടങ്ങളിൽ കനത്ത കാറ്റിന്റെ അകമ്പടിയൊടെയായിരുന്നു മഴ പെയ്തിരുന്നത്. ഞായറാഴ്ച അർധരാത്രിയോടെയാണ് മസ്കത്ത് ഗവർണറേറ്റിൽ അപ്രതീക്ഷിതമായി മഴയെത്തുന്നത്.
മസ്കത്തിലെ മത്ര വിലായത്തിലെ ജിബ്രൂവിലാണ് വിദേശിയായ ഒരാൾ മരിച്ചത്. വാഹനത്തിനുള്ളിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. ഇദ്ദേഹത്തെ രക്ഷിച്ചിരുന്നെങ്കിലും ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്നാണ് മരിച്ചതെന്ന് റോയൽ ഒമാൻ അറിയിച്ചു. മറ്റൊരാളെ രക്ഷിച്ച് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും ചെയ്തു.
ഗൂബ്ര ഏരിയയിൽ വാദിയിൽ വാഹനത്തിനുള്ളിലും മറ്റും കുടുങ്ങിയ സ്വദേശികളെയും വിദേശികളെയും ഉൾപ്പെടെ അഞ്ചുപേരെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി രക്ഷിച്ചു. വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് മത്ര മേഖലയിലെ വീടുകളിൽനിന്ന് നിരവധി ആളുകളെ ഒഴിപ്പിച്ചതായും റിപ്പോർട്ടുണ്ട്. ഈ മേഖലയിൽനിന്ന് വാഹനത്തിനുള്ളിൽ കുടുങ്ങിയ 30ഓളം പേരെ തിങ്കളാഴ്ച രക്ഷപ്പെടുത്തി. വെള്ളക്കെട്ടിനെ തുടർന്ന് അസൈബ-ഗൂബ്ര റോഡ് താൽക്കാലികമായി അടച്ചു. ബൗഷർ - അമിറാത്ത് റോഡിലും നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
ഏറ്റവും കൂടുതൽ മഴ നഖ്ലയിൽ
മസ്കത്ത്: അപ്രതീക്ഷിതമായി പെയ്ത പേമാരിയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് തെക്കൻ ബാത്തിനയിലെ നഖ്ല വിലായത്തിൽ. 55 മില്ലിമീറ്റർ മഴയാണ് ഇവിടെ ലഭിച്ചതെന്ന് അഗ്രികൾചറൽ, ഫിഷറീസ്, ജലവിഭവ മന്ത്രാലയത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. ഞായറാഴ്ച മുതൽ തിങ്കളാഴ്ചവരെയുള്ള കണക്ക് പ്രകാരമാണിത്. 45 മി.മീറ്റർ മഴയുമായി മസ്കത്ത് ഗവർണറേറ്റിലെ ബൗഷർ വിലായത്താണ് രണ്ടാം സ്ഥാനത്ത്. സീബ് വിലായത്താണ് മൂന്നാം സ്ഥാനത്ത്. 22 മില്ലി മീറ്റർ മഴയാണ് ഇവിടെ ലഭിച്ചത്. തെക്കൻ ബാത്തിന ഗവർണറേറ്റിലെ ബാർക്ക 21 മി.മീ, മുസന്ന ഒമ്പത് മി.മീ, മസ്കത്ത് ഗവർണറേറ്റിലെ മത്ര, വടക്കൻ ബാത്തിനയിലെ സുവൈഖ്, തെക്കൻ ബാത്തിനയിലെ അൽഅവാവി എന്നീ വിലായത്തുകളിൽ എട്ട് മില്ലി മീറ്റർ മഴയും ലഭിച്ചു.
മഴ തുടരും, ജാഗ്രത പാലിക്കാം
മസ്കത്ത്: വിവിധ ഗവർണറേറ്റുകളിൽ ചൊവ്വാഴ്ചയും ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അറബിക്കടലിന്റെ തീരപ്രദേശങ്ങളിലും മുസന്ദം, വടക്കുതെക്ക് ബാത്തിന, ദാഖിലിയ, മസ്കത്ത്, തെക്കൻ ശർഖിയ എന്നീ ഗവർണറേറ്റുകളിലെ വിവിധ സ്ഥലങ്ങളിലും ചൊവ്വാഴ്ച മഴ പെയ്തേക്കുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റിയിലെ ഒമാൻ കാലാവസ്ഥ നിരീക്ഷകൻ ഇബ്രാഹീം അൽ ബ്രഷാദി പറഞ്ഞു. മുസന്ദം ഗവർണറേറ്റിലെ തീരപ്രദേശങ്ങളിൽ കടൽ പ്രക്ഷുബ്ധമാകും. തിരമാലകൾ രണ്ടുമീറ്റർ വരെ ഉയർന്നേക്കും. അൽ ദാഹിറ, അൽ വുസ്ത, ദോഫാർ എന്നീ ഗവർണറേറ്റുകളിലെ മരുഭൂ പ്രദേശങ്ങളിൽ പൊടിക്കാറ്റിനും സാധ്യതയുണ്ട്. ഇത് കാഴ്ചയെ ബാധിച്ചേക്കും. വേണ്ട മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.