പെരുമഴയും ദുരന്തങ്ങളും; നെഞ്ചിടിപ്പോടെ പ്രവാസികൾ
text_fieldsമസ്കത്ത്: കേരളത്തിൽ പെയ്തിറങ്ങുന്ന ദുരന്ത മഴയുടെ വാർത്തകൾ നെഞ്ചിടിപ്പോടെയാണ് ഓരോ മലയാളിയും കാണുകയും കേൾക്കുകയും ചെയ്യുന്നത്. പ്രവാസികൾ വൻ ഭൂരിപക്ഷവും കുടുംബങ്ങളെ നാട്ടിലാക്കി വിദേശത്ത് ജോലി നോക്കുന്നവരാണ്. അതിനാൽ നാട്ടിൽ നിന്നെത്തുന്ന ഇത്തരം ദുരന്ത വാർത്തകൾ പലരുടെയും നെഞ്ചിടിപ്പ് വർധിപ്പിക്കും.
ഒമാനിലെ ഇംഗ്ലീഷ് അറബി ദിനപത്രങ്ങൾ പ്രധാന്യത്തോടെയാണ് വയനാട് ദുരന്ത വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ മലയാളികൾക്കൊപ്പം ഇന്ത്യക്കാരും മറ്റു രാജ്യക്കാരും കേരളത്തിന്റെ ദുഃഖത്തിൽ പങ്ക് ചേരുന്നുണ്ട്.
ഒമാൻ ഭരണാധികാരി ഇന്ത്യൻ പ്രസിഡന്റിന് അനുശോചന സന്ദേശം അയച്ചതും ദുരന്തത്തിന്റെ വ്യാപ്തിയാണ് വ്യക്തമാക്കുന്നതെന്ന് മലയാളികൾ പറയുന്നു. ഹോട്ടലുകളിലും സൂഖുകളിലുമടക്കം മലയാളികൾ കൂടിയിരിക്കുന്ന പൊതുസ്ഥലങ്ങളിലെല്ലാം പ്രധാന ചർച്ചാ വിഷയം മഴദുരന്തം തന്നെയാണ്.
വാർത്തകൾ തത്സമയം തന്നെ അറിയാൻ എല്ലാ മലയാളി പ്രവാസികളും സാമൂഹിക മാധ്യമങ്ങൾക്കും വാർത്താ ചാനലുകൾക്കും പിന്നാലെയാണ്. വാട്സാപ്പിലും മറ്റു ഗ്രൂപ്പുകളിലുമായി എത്തുന്ന ദുരന്ത വാർത്തകൾ പലതും കാണാൻ പോലും കഴിയുന്നില്ലെന്നാണ് പ്രവാസികളിൽ പലരും പറയുന്നത്.
പണവും സൗകര്യവും ഉണ്ടായിരുന്നുവെങ്കിൽ വയനാട്ടിൽ പറന്നെത്തി രക്ഷാ പ്രവർത്തനങ്ങളിൽ പങ്കാളിയാവുമെന്നതാണ് ശരശാരി പ്രവാസി മനസ്സ് പറയുന്നത്. രക്ഷാ പ്രവർത്തനങ്ങളിൽ പങ്കാളിയാവാനും സഹായ ഹസ്തമെത്തിക്കാനും കൊതിക്കുന്നതായി പലരും പറയുന്നു.
വയനാട് ദുരന്തത്തിനൊപ്പം കേരളത്തിന്റെ മറ്റ് ഭാഗങ്ങളിൽ കോരിച്ചൊരിയുന്ന മഴയും പ്രവാസികളെ ആശങ്കയിലാക്കുന്നുണ്ട്. വയനാട് ജില്ലയിൽ താമസിക്കുന്നവരും വയനാട് ജില്ലയേട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങളിൽ താമസിക്കുന്ന പ്രവാസികളും ഏറെ ആശങ്കയിലാണ്.
മഴ കനത്ത് പെയ്യുമ്പോൾ നാട്ടിൽ എന്തൊക്കെ ദുരന്തമാണുണ്ടാവുക എന്ന വേവലാതിയിലാണ് പലരും. ഡാമിനടുത്തും അതിന്റെ പരിസര പ്രദേശങ്ങളിലും താമസിക്കുന്നവരും മാനസിക സംഘർഷത്തിലാണ്. പലരും വീട്ടുകാരും ബന്ധുക്കളുമായി നിരന്തരം ബന്ധപ്പെട്ട് കൊണ്ടിരിക്കുകയാണ്.
സംഭവം നടന്ന ദിവസമാണ് മസ്കത്തിലേക്ക് പുറപ്പെട്ടതെന്നും വഴി മധ്യേയാണ് ദുരന്ത വിവരം അറിഞ്ഞതെന്നും മസ്കത്തിലെ ബിസിനസുകാരനായ വയനാട് മേപ്പാടി സ്വദേശി ഉസ്മാൻ പറയുന്നു. എന്നാൽ ദുരന്തം ഇത്ര ഭീകരമായിരിക്കുമെന്ന് അറിഞ്ഞിരുന്നില്ല.
അറിഞ്ഞിരുന്നുവെങ്കിൽ തിരിച്ചു പോവുമായിരുന്നെന്നും വിമാനം കയറില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജോലി സംബന്ധമായ ചില നിർബന്ധിത സാഹചര്യമായത് കൊണ്ടുമാണ് ഇത്തരം അവസ്ഥയിൽ മസ്കത്തിലേക്ക് വന്നത്. ഇപ്പോഴും തിരിച്ചു പോയി ദുരന്ത മേഖലയിൽ ചെല്ലണമെന്നുണ്ട്. പോവാൻ കഴിയാത്തതിൽ വിഷമമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തന്റെ ജില്ലയിലെ ദുരന്തം വല്ലാതെ വിഷമിപ്പിക്കുന്നതായി മസ്കത്തിലെ പ്രമുഖ വ്യാപാര സ്ഥാപനത്തിലെ മനോജറായ പനമരം സ്വദേശി അജ്മൽ പറഞ്ഞു. നാട്ടിൽ പറന്നെത്തണമെന്നും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളിയാവണമെന്നും ആഗ്രഹമുള്ളതായി അദ്ദേഹം പറഞ്ഞു. ദുരന്തം നടക്കുന്ന ദിവസം പുലർച്ചെ തന്നെ ഗ്രൂപ്പുകളിൽ വാർത്തകൾ വന്നിരുന്നു. ദുരന്ത ഭൂമിയിലെ കരച്ചിലുകളും സങ്കടങ്ങളും ഏറെ വേദനിപ്പിച്ചു. എന്നാൽ ദുരന്തം ഇത്ര വലിയതാവുമെന്ന് ഒരിക്കലും കരുതിയില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.