ഒമാനിൽ ശക്തമായ മഴ തുടരുന്നു; താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ
text_fieldsമസ്കത്ത്: രാജ്യത്തിന്‍റെ വിവിധ ഗവർണറേറ്റുകളിൽ അതിശക്തമായ മഴ തുടരുന്നു. വാദികൾ നിറഞ്ഞൊഴുകി. റോഡുകളിൽ വെള്ളം കയറി വിവിധ സ്ഥലങ്ങളിൽ ഗതാഗതം തടസ്സപ്പെട്ടു.
ശക്തമായ കാറ്റിന്‍റെയും ഇടിയുടെയും അകമ്പടിയോടെ പെയ്ത മഴയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി. മുസന്ദം, തെക്ക്-വടക്ക് ബത്തിന, മസ്‌കത്ത്, ബുറൈമി, ദാഹിറ, ദാഖിലിയ, തെക്ക്-വടക്ക് ശർഖിയ തുടങ്ങിയ ഗവർണറേറ്റുകളിലെ വിവിധ വിലായത്തുകളിലാണ് പേമാരി കോരി ചൊരിഞ്ഞത്.
വെള്ളം കയറിയതിനെ തുടർന്ന പഴയ മസ്കത്ത് വിമാനത്താവളം കെട്ടിടത്തിലെ വാക്സിനേഷൻ ക്യാമ്പ് താൽകാലികമായി നിർത്തിവെവച്ചു. അൽഗൂബ്രയിൽ വെള്ളക്കെട്ടിൽ കുടുങ്ങിയ അഞ്ചിലധികം ആളുകളെ രക്ഷിച്ചു.
റോഡുകളിൽ വലിയ കല്ലുകളടക്കമുള്ളവ അടിഞ്ഞ് കൂടിയതിനാൽ ശ്രദ്ധയോടെ വാഹനമോടിക്കണമെന്ന് റോയൽ ഒമാൻ പൊലീസ് മുന്നറിയിപ്പ് നൽകി. വാദികൾ മുറിച്ച് കടക്കരുതെന്നും വേണ്ട മുൻകരുതലുകൾ എടുക്കണമെന്നും അധികൃതർ നിർദേശിച്ചു.
അടിയന്തിര സാഹചര്യങ്ങളെ നേരിടാൻ റോയൽ ഒമാൻ പൊലീസിനെയും സിവിൽ ഡിഫൻസ് ആംബുലൻസ് അതോറിറ്റിയേയും വിവിധ സ്ഥലങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. ദോഫാർ, അൽ വുസ്ത ഒഴികെയുള്ള ഗവർണറേറ്റുകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് വിദ്യഭ്യാസ മന്ത്രാലയം കഴിഞ്ഞ ദിവസം അവധി പ്രഖ്യാപിച്ചിരുന്നു.
മസ്കത്ത് അടക്കമുള്ള ഗവർണറേറ്റുകളിലെ നഗരത്തിലെ ഓഫിസുകളിൽ ഹാജർ നില കുറവാണ്. വരും മണിക്കൂറുകളിലും മഴ കനക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.