കനത്ത മഴ: സുഹാറിൽ വെള്ളപ്പൊക്കം
text_fieldsമസ്കത്ത്: ന്യൂനമർദത്തെത്തുടർന്ന് ഞായറാഴ്ച ബാത്തിന ഗവർണറേറ്റിൽ പരക്കെ മഴ. സുഹാർ, ലിവ, ഫലജ് മേഖലകളിൽ കനത്ത മഴയാണ് ഉണ്ടായത്. മഴയെ തുടർന്ന് വിവിധ പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടായി. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലും വ്യാപാര-വാണിജ്യ സ്ഥാപനങ്ങളിലുമെല്ലാം വെള്ളം കയറി. ആളപായങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വിവിധയിടങ്ങളിൽ വാഹനങ്ങളിലും വീടുകളിലും കുടുങ്ങിയവരെ സുരക്ഷാ വിഭാഗം രക്ഷപ്പെടുത്തി.
ഫലജ് അൽ ഖബാഇലിൽ വാദിയിൽ ഒഴുകിപ്പോയ വാഹനത്തിലുണ്ടായിരുന്ന അഞ്ച് പേരെ രക്ഷപ്പെടുത്തി. ലിവയിൽ രണ്ട് വാഹനങ്ങളാണ് വാദിയിൽ ഒഴുക്കിൽപെട്ടത്. ഈ വാഹനങ്ങളിലെ ഡ്രൈവർമാരെ ആർ.ഒ.പിയുടെയും സിവിൽ ഡിഫൻസിെൻറയും സംയുക്ത സംഘം രക്ഷപ്പെടുത്തി. ഫലജ് അൽ ഖബാഈലിൽ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ഒറ്റപ്പെട്ട മൂന്ന് കുടുംബങ്ങളിലെ 17 പേരെയും സുരക്ഷ വിഭാഗം രക്ഷപ്പെടുത്തി. ഒമാനിൽ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഞായറാഴ്ച നൽകിയ മുന്നറിയിപ്പ് സന്ദേശത്തിൽ അറിയിച്ചു. തെക്ക്, വടക്കൻ ബാത്തിന ഗവർണറേറ്റുകളിലും ബുറൈമി ഗവർണറേറ്റിലുമായിരിക്കും മഴ കേന്ദ്രീകരിക്കുകയെന്ന് കാലാവസ്ഥ മുന്നറിയിപ്പിൽ പറയുന്നു.
ജനജീവിതം അവതാളത്തിലാക്കി കഴിഞ്ഞ വ്യാഴാഴ്ച മുതൽ ഒമാെൻറ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. വെള്ളിയാഴ്ച തെക്കൻ ശർഖിയ മേഖലയിലാണ് കനത്ത മഴ പെയ്തത്. ഈ മഴയിൽ ഒഴുക്കിൽപെട്ട് കാണാതായ സ്വദേശികളിൽ ഒരാളുടെ മൃതദേഹം ലഭിച്ചതായി അധികൃതർ അറിയിച്ചു. മൂന്ന് പേരുടെ മൃതദേഹങ്ങൾക്കായുള്ള തിരച്ചിൽ തുടരുകയാണ്. മസ്കത്ത് അടക്കം ഒമാെൻറ വിവിധ ഗവർണറേറ്റുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ പരക്കെ മഴ ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.