വിവിധ ഗവർണറേറ്റുകളിൽ കനത്ത മഴ
text_fieldsമസ്കത്ത്: വായുമർദത്തെ തുടർന്ന് വിവിധ ഗവർണറേറ്റുകളിൽ കനത്ത മഴ തുടരുന്നു. കാറ്റിന്റെയും ഇടിയുടെയും അകമ്പടിയോടെയാണ് മഴ. സുഹാർ, ഖബൂറ, മസ്കത്ത് ഗവർണറേറ്റിലെ വിവിധ സ്ഥലങ്ങളിലാണ് കഴിഞ്ഞ ദിവസം സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചത്. ആലിപ്പഴവും വർഷിച്ചു.
വിവിധ ഇടങ്ങളിലെ വാദികളിൽപെട്ട് വാഹനങ്ങൾ ഒലിച്ചുപോയി. ഇതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പലരും പങ്കുവെച്ചിട്ടുണ്ട്.
മസ്കത്ത് ഗവർണറേറ്റിൽ റോഡിലേക്ക് പാറ ഇടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെടുകയും വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. അമീറാത്ത്-ഖുറിയാത്ത് റോഡിലാണ് സംഭവം. ആർക്കും പരിക്കില്ലെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സി.ഡി.എ.എ) പ്രസ്താവനയിൽ പറഞ്ഞു. രണ്ട് വാഹനങ്ങൾക്കാണ് കേടുപാട്.
വിവിധ ഗവർണറേറ്റുകളിൽ ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ട മഴക്കും ഇടിക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഹജർ പർവതനിരകളിലും സമീപ പ്രദേശങ്ങളിലും ദോഫാർ, അൽ വുസ്ത തെക്ക്-വടക്ക് ശർഖിയ ഗവർണറേറ്റുകളിലുമായിരിക്കും മഴ പെയ്യുക. വാദികൾ നിറഞ്ഞ് ഒഴുകാൻ സാധ്യതയുള്ളതിനാൽ താഴ്ന്ന പ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.