വിവിധ ഗവർണറേറ്റുകളിൽ കനത്ത മഴ
text_fieldsമസ്കത്ത്: വിവിധ ഗവർണറേറ്റുകളിൽ മഴ തുടരുന്നു. കനത്ത കാറ്റിന്റെ അകമ്പടിയോടെയാണ് മഴ കോരി ചൊരിയ്യുന്നത്. അനിഷ്ട സംഭവങ്ങളൊന്നും എവിടെ നിന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വിവിധ ഇടങ്ങളിൽ വാദികൾ നിറഞ്ഞൊഴുകിയിട്ടുണ്ട്. അൽഖാബിൽ, സമാഇൽ ഇബ്ര, ദിമ അൽ തയ്യാൻ, ഖുറിയാത്ത് തുടങ്ങിയ സ്ഥലങ്ങളിലാണ് ഞായറാഴ്ച ഭേദപ്പെട്ട മഴ ലഭിച്ചത്. മഴ കിട്ടിയ സ്ഥലങ്ങളിൽ എല്ലാം രാവിലെ മുതൽക്കേ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. ദിമ അൽ തയ്യാനിൽ വാദിയിൽ വാഹനം അകപ്പെട്ടു. ഉച്ചയോടെയാണ് പലയിടത്തും മഴ വർഷിക്കാൻ തുടങ്ങിയത്. ഉൾഗ്രാമങ്ങളിലെ റോഡുകളിൽ വെള്ളം കയറി നേരിയ തോതിൽ ഗതാഗത തടസ്സം അനുഭവപ്പെട്ടു. വാദികൾ നിറഞ്ഞൊഴുകുന്നതിനാൽ മുറിച്ചുകടക്കാൻ ശ്രമിക്കരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാജ്യത്തെ മിക്ക ഗവർണറേറ്റുകളിലും ഞായറാഴ്ച രാത്രിവരെ കനത്ത മഴയും ഇടി മിന്നലും കാറ്റും ഉണ്ടാകുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി (സി.എ.എ) മുന്നറിയിപ്പ് നൽകിയിരുന്നു. തെക്ക്-വടക്ക് ശർഖിയ, മസ്കത്ത്, അൽ വുസ്ത, ദാഖിലിയ, തെക്കൻ ബത്തിന, ദാഹിറ എന്നീ ഗവർണറേറ്റുകളിലായിരിക്കും മഴ പെയ്യുക എന്നാണ് അറിയിച്ചിരുന്നത്. ഇടിമിന്നലുള്ള സമയത്ത് ജാഗ്രത പാലിക്കണമെന്നും വാദികൾ മുറിച്ചുകടക്കരുതെന്നും താഴ്ന്ന പ്രദേശങ്ങളിൽനിന്ന് മാറിനിൽക്കണമെന്നും കടലിൽ പോകരുതെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ജഅലാൻ ബനീ ബൂ അലിയിൽ ചുഴലിക്കാറ്റ്; ഒരാൾക്ക് പരിക്ക് നിരവധി വസ്തുവകകൾക്ക് നാശം
മസ്കത്ത്: തെക്കൻ ശർഖിയ ഗവർണറേറ്റിലെ ജഅലാൻ ബനീ ബൂ അലി വിലായത്തിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ ഒരാൾക്ക് പരിക്കേറ്റു. നിരവധി വസ്തുവകകൾക്ക് നാശം നേരിട്ടതായും റിപ്പോർട്ടുണ്ട്. ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് ശക്തമായ ഇടിമിന്നലിനൊപ്പം ചുഴലിക്കാറ്റും അനുഭവപ്പെട്ടതെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രസ്താവനയിൽ പറഞ്ഞു.
ചുഴലിക്കാറ്റിന്റെ വിഡിയോ നിരവധി ആളുകൾ സമൂഹമാധ്യമങ്ങളിലൂടെ ഷെയർ ചെയ്തിട്ടുണ്ട്. ചുഴലിക്കാറ്റിന് അകമ്പടിയായി കനത്ത മഴയും പ്രദേശത്തുണ്ടായിരുന്നു. അരമണിക്കൂറോളം നീണ്ടുനിന്ന മഴയിൽ റോഡുകളിലും മറ്റും വെള്ളം കയറുകയും ചെയ്തു. ഒട്ടകങ്ങളും ആടുകളുമുൾപ്പെടെ നിരവധി വളർത്തുമൃഗങ്ങൾക്കും ജീവഹാനിയുണ്ടായതായി പ്രദേശവാസികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.