അശരണരെ ചേർത്തുപിടിക്കാം
text_fields
"എന്റെ ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരുത്തനു ചെയ്തിടത്തോളം എല്ലാം എനിക്കു തന്നെയാണ് ചെയ്തത്. (വി. മത്തായി 25:40)
ഒരു ക്രിസ്മസ് കാലം വന്നണഞ്ഞു. യേശുനാഥൻ ലോകത്തിനായി അവതരിച്ചു എന്ന സദ്വാർത്തത്തെ നാം കേവലം ആഘോഷങ്ങളിലേക്ക് ചുരുക്കിയിരിക്കയാണ്. ആഘോഷങ്ങൾക്ക് മോടി പിടിപ്പിക്കുന്നതിൽ നാം മത്സരിക്കുകയാണ്. മറ്റുള്ളവരിലേക്ക് ഇറങ്ങി ചെല്ലാൻ ശ്രമിക്കാതെ നമ്മിലേക്ക് തന്നെ പരിമിതപ്പെട്ടുകൊണ്ടിരിക്കുന്നു. എന്നാൽ, ക്രിസ്തുനാഥനെ നമ്മുടെ ഹൃദയത്തിൽ ജനിപ്പിക്കുവാൻ ആഗ്രഹിക്കുന്നുണ്ടോ, ഹൃദയം നാം അവനെ ജനിപ്പിക്കുവാൻ വിട്ടു കൊടുക്കുന്നുണ്ടോ, അതിനായി ഒരുങ്ങുന്നുണ്ടോ എന്നു നാം വിചിന്തനം ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്.
നമ്മുടെ സ്വന്തം ചിന്തകളിൽ, ആവശ്യങ്ങളിൽ മാത്രം നാം ഒതുങ്ങുമ്പോൾ മാനവരാശിയുടെ രക്ഷക്കുവേണ്ടി ലോകത്തിലേക്കയച്ച ദൈവത്തിന്റെ രക്ഷാകര പദ്ധതി തച്ചുടക്കപ്പെടുന്നതായി നാം മനസ്സിലാക്കണം. ക്രിസ്തു നമ്മുടെ ഉള്ളിൽ ജനിക്കുമ്പോൾ സ്വാർഥ ചിന്തകൾ നമ്മിൽ ഇല്ലാതെയാകുന്നു. നമ്മുടെ സഹോദരനെ, സഹജീവിയെ നമ്മെപ്പോലെ കരുതുമ്പോൾ ക്രിസ്മസ് അർഥപൂർണമാകുന്നു.
ഓരോരുത്തൻ സ്വന്തഗുണമല്ല മറ്റുള്ളവന്റെ ഗുണം കൂടെ നോക്കണം എന്ന പ്രബോധനം, ആപ്തവാക്യം നമ്മിൽ പൂരിതമാകുന്നു. ക്രിസ്തു തന്റെ ഐഹിക ജീവിതം അങ്ങനെയുള്ള ദൃഷ്ടാന്തങ്ങളാൽ നമ്മെ സമ്പന്നരാക്കിയിട്ടുണ്ട്, പരിപോഷിപ്പിച്ചിട്ടുണ്ട്. തന്റെ ക്രൂശു മരണവും അതു തന്നെ വെളിപ്പെടുത്തുന്നു.
‘ഞാൻ’ എന്ന മനോഭാവം നമ്മിൽ നിന്ന് മാറി ‘നമ്മൾ’ എന്ന ഭാവം ഉടലെടുക്കുമ്പോൾ, സാഹോദര്യം സ്ഥാപിതമാകുമ്പോൾ ക്രിസ്മസ് ശ്രേഷ്ഠമാകും. അപ്പോൾ ഈ ചെറിയവരിൽ ഒരുവന് ചെയ്തത് എനിക്ക് ചെയ്തിരിക്കുന്നു എന്നു കേൾക്കുവാൻ സാധിക്കും. അശരണരേയും ആലംബഹീനരെയും ചേർത്ത് പിടിക്കുവാൻ ഉതകുന്നതാകട്ടെ നമ്മുടെ ക്രിസ്മസ്സും ആഘോഷങ്ങളും. അതിനായി ക്രിസ്തുവിന്റെ ഭാവം നമ്മിൽ കുടികൊള്ളട്ടെ.
ഫാദർ എബി ചാക്കോ (മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് മഹാഇടവക, റൂവി)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.