വരുന്നു, ആകാശത്ത് വിസ്മയക്കാഴ്ച...
text_fields
മസ്കത്ത്: ആകാശത്ത് വിസ്മയ ക്കാഴ്ചയുമായെത്തുന്ന ജെമിനിഡ് ഉൽക്കാവർഷ പ്രതിഭാസം ഒമാനിലും ദൃശ്യമാകും. ബുധനാഴ്ച അർധരാത്രിയിലും വ്യാഴാഴ്ച പുലർച്ചയും ആയിരിക്കും ഇത് ഏറ്റവും കൂടുതൽ ഉച്ചസ്ഥായിയിലെത്തുക.
ജെമിനിഡ് എന്നറിയപ്പെടുന്ന ഉൽക്കാവർഷത്തിന്റെ പതനമുൾപ്പെടെ നിരവധി ജ്യോതിശാസ്ത്ര സംഭവങ്ങൾക്ക് ഡിസംബർ മാസം സാക്ഷ്യം വഹിക്കുമെന്ന് ഒമാൻ അസ്ട്രോണമിക്കൽ സൊസൈറ്റി ഡയറക്ടർ ബോർഡ് വൈസ് ചെയർമാൻ ഇബ്രാഹിം ബിൻ മുഹമ്മദ് അൽ മഹ്റൂഖി ഒമാൻ വാർത്താ ഏജൻസിയോട് പറഞ്ഞു.
ചന്ദ്രപ്രകാശമില്ലെങ്കിൽ എല്ലാ മണിക്കൂറുകളിലും ഉൽക്കകളെ കാണാൻ സാധിക്കും. 2020ൽ ഒമാനി അസ്ട്രോണമിക്കൽ സൊസൈറ്റിയിലെ അംഗങ്ങൾ 1,063 ഉൽക്കകൾ നിരീക്ഷിച്ചിരുന്നു. അന്ന് പുലർച്ച ഒന്നിനും 1.59നും ഇടയിലായി മണിക്കൂറിനുള്ളിൽ 227 ഉൽക്കകൾ എത്തി. ഇപ്രാവശ്യവും സമാനമായി മണിക്കൂറിൽ 120 ഉൽക്കകൾ എത്തുമെന്നാണ് കരുതുന്നത്.
ധൂമകേതുക്കളിൽനിന്ന് വരുന്ന മറ്റ് ഉൽക്കകളിൽനിന്ന് വ്യത്യസ്തമായി 1982ൽ കണ്ടെത്തിയ ഫേഥോൺ എന്നറിയപ്പെടുന്ന ഛിന്നഗ്രഹത്തിന്റെ അവശിഷ്ടങ്ങളിൽ നിന്നാണ് ജെമിനിഡ് ഉൽക്കാവർഷം ഉണ്ടാകുന്നതെന്ന് ഇബ്രാഹിം ബിൻ മുഹമ്മദ് അൽ മഹ്റൂഖി പറഞ്ഞു. എല്ലാ വർഷവും ഡിസംബർ ഏഴു മുതൽ 17 വരെ ഈ ഛിന്നഗ്രഹത്തിന്റെ അവശിഷ്ടങ്ങൾ ഭൗമാന്തരീക്ഷത്തിൽ എത്താറുണ്ട്. പ്രത്യേക നിരീക്ഷണ ഉപകരണങ്ങൾ ഉപയോഗിക്കാതെ തന്നെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയുന്ന ജ്യോതിശാസ്ത്ര പ്രതിഭാസങ്ങളിലൊന്നായാണ് ഇതിനെ കണക്കാക്കുന്നത്. ഇരുണ്ടസ്ഥലത്ത് നിരീക്ഷിക്കുന്നതായിരിക്കും ഏറ്റവും ഉചിതമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.