ഇവിടെയുമുണ്ട് അരളിപ്പൂവ്; വേണം ജാഗ്രത
text_fieldsമത്ര: കേരളത്തിൽ ഒരു യുവതിയുടെ മരണത്തിനിടക്കിയ അരളിപ്പൂവ് ഒമാന്റെ വിവിധ ഭാഗങ്ങളിലും കണ്ടുവരുന്നുണ്ട്. അതിനാൽ ഈ പുവൂമായി ഇടപഴകുമ്പോൾ ജാഗ്രത പാലിക്കണമെന്ന് പ്രവാസികൾ പറയുന്നു.
മസ്കത്തിലെയും സലാലയിലെയും വിവിധ പ്രദേശങ്ങളിലാണ് പൂവ് കൂടുതലായുള്ളത്. ഏത് കാലവസ്ഥയിലും തഴച്ച് വളരുമെന്നതിനാൽ കാഴ്ചക്ക് മനോഹരമാണ് എന്നതിനാലാണ് ഒമാനിലെ വഴിയോരങ്ങളിലും പൂന്തോട്ടങ്ങളിലും അരളി വ്യാപകമായി വെച്ചുപിടിപ്പിച്ചിട്ടുള്ളത്. അരളിച്ചെടി വായിലിട്ട് ചവച്ച യുവതി മരിക്കാനിടയായതായ വാര്‍ത്ത പരന്നതോടെയാണ് ഇവയുടെ അപകടത്തെ പറ്റി പ്രവാസ ലോകത്തും ചർച്ചയായത്. കഴിഞ്ഞ ദിവസം പത്തനംതിട്ടയിൽ അരളിച്ചെടി തിന്ന പശുവും കിടാവും ചത്തതായും റിപ്പോർട്ടുണ്ടായിരുന്നു.
പൂക്കളമൊരുക്കാനും ഭക്തി ആവശ്യങ്ങള്‍ക്കുമായി ഏറെ ഉപയോഗിക്കുന്ന ഒരു അലങ്കാര ചെടിയാണ് അരളി.
അരളിയുടെ സൗന്ദര്യത്തില്‍ മതിമറന്ന് അറിയാതെപോലും അവ വായിലേക്ക് ഇട്ട് പോകരുതെന്നാണ് വിദഗ്ധർ നൽകിയിരിക്കുന്ന മുന്നറിയിപ്പ്. പുറമെ കാണിക്കുന്ന ഭംഗിക്കപ്പുറം അതിന്റെ അകംനിറയെ വിഷമാണ്. അരളിപ്പൂവില്‍ വിഷാംശം ഉണ്ടെന്ന കണ്ടെത്തലിനെത്തുടര്‍ന്ന് അലങ്കാര നിർമിതികളിൽനിന്ന് ഇവയെ മാറ്റിനിർത്തണമന്നാണ് പലരും പറയുന്നത്.
ചുവപ്പ്, വെളുപ്പ്, പിങ്ക് നിറത്തില്‍ കാണപ്പെടുന്ന അരളിപ്പൂവ് ക്ഷേത്രങ്ങളിലെ ദേവീ പൂജകള്‍ക്കും ഉപയോഗിച്ച് വരാറുണ്ട്. ഉത്തരേന്ത്യന്‍ ജനതയും ആരാധനകളുമായി ബന്ധപ്പെട്ട് അരളിപ്പൂ ഉപയോഗിക്കാറുണ്ട്. ഓണപ്പൂക്കളങ്ങളിലും അരളി ഒഴിച്ചു കൂടാനാവാത്ത ഒരു ചേരുവയാണ്. ഈ ചെടിയില്‍ അടങ്ങിയ വിഷാംശങ്ങളെ പറ്റി വിദഗ്ധർ നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. മൂന്ന് മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന അരളിയുടെ തൊലിക്ക് ചാര നിറമാണ്. കട്ടിയുള്ള കടും പച്ച നിറത്തിലാണ് അരളിയുടെ ഇല കാണപ്പെടുന്നത്. അഞ്ച് ദളങ്ങള്‍ വീതമുള്ള പൂക്കള്‍ തണ്ടില്‍ അറ്റത്ത് തൂങ്ങിക്കിടക്കുന്നതാണ് സസ്യത്തിന്റെ മനോഹാരിത. ചെടിയെ ആകര്‍ഷകമാക്കുന്ന ഘടകവുമതാണ്. വെളുത്ത നിറത്തിലുള്ള കറയും കാണാം. പൂവും തണ്ടും ഇലയും അടക്കം അരളിയുടെ എല്ലാ ഭാഗങ്ങളും വിഷാംശങ്ങള്‍ നിറഞ്ഞതാണ്. ചെറിയ അളവിലെങ്കിലൂം ശരീരത്തിന്റെ അകത്ത് എത്തിപ്പെട്ടാല്‍ വിഷബാധയേല്‍ക്കാന്‍ ഏറെ സാധ്യതയുള്ള ചെടിയാണ് അരളി. അതുകൊണ്ടുതന്നെ വീട്ടിലോ പരിസരങ്ങളിലോ ഈ ചെടി വളരുന്നത് തടയാന്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.