ഉയർന്ന കെട്ടിട വാടക: വ്യാപാര സ്ഥാപനങ്ങൾ പ്രതിസന്ധിയിലേക്ക്
text_fieldsമസ്കത്ത്: ഒമാനിലെ പ്രധാന നഗരങ്ങളിലെ വ്യാപാര സ്ഥാപനങ്ങളുടെ ഉയർന്ന കെട്ടിട വാടക വ്യാപാര മേഖലയെ പ്രതിസന്ധിയിലാക്കുന്നു. കോവിഡ് മൂലമുള്ള സാമ്പത്തിക മുരടിപ്പ് കാരണം വെല്ലുവിളി നേരിടുകയാണ് ഒമാനിലെ വ്യാപാര സ്ഥാപനങ്ങൾ.
വ്യാപാരം മുരടിച്ചതോടെ കെട്ടിക വാടക നൽകാൻ ബുദ്ധിമുട്ടുകയാണ് വ്യാപാരികൾ. കോവിഡ് മഹാമാരിയുടെ ആദ്യ ഘട്ടത്തിലെ ലോക്ഡൗൺ കാലത്ത് കെട്ടിട ഉടമകളോട് വാടക കുറക്കാനും വിട്ടുവീഴ്ച നൽകാനും ആവശ്യപ്പെട്ടതു പോലെയുള്ള നിലപാടുകൾ അധികൃതരുടെ ഭാഗത്തു നിന്നുണ്ടാവണമെന്ന് പല വ്യാപാരികളും പറയുന്നു.
നിലവിലെ ഗുരുതരാവസ്ഥ ഒമാൻ ചേംബർ ഒാഫ് കോമേഴ്സ് വിലയിരുത്തുമെന്നും വ്യാപാരികൾ പ്രതീക്ഷിക്കുന്നു. കോവിഡ് വ്യാപനത്തിന് ശമനം വന്നതോടെ വ്യാപാര മേഖലയിലടക്കമുള്ള നിയന്ത്രണം എടുത്തുകളയാൻ സുപ്രീം കമ്മിറ്റി തീരുമാനിച്ചിരുന്നു. ഇതുപ്രകാരം വ്യാപാര സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുന്നതിൻെറ സമയപരിധിയും ഒഴിവാക്കി. ഇതൊന്നും വ്യാപാര മേഖലയിൽ വലിയ ചലനമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. കഠിന ചൂട്, കോവിഡ് ഭീതി തുടങ്ങിയ കാരണങ്ങളാൽ ജനങ്ങൾ പുറത്തിറങ്ങാൻ തുടങ്ങിയിട്ടില്ല. അതിനാൽ വാരാന്ത്യ അവധി ദിവസങ്ങളിൽ പോലും കച്ചവടം കുറവാണ്. ഇത് റൂവി അടക്കമുള്ള നഗരങ്ങളിലെ വ്യാപാര സ്ഥാപനങ്ങളെ പ്രതികൂലമായി ബാധിച്ചു.
നിലവിലെ അവസ്ഥയിൽ വ്യാപാരം മുന്നോട്ടുപോവാൻ പ്രയാസമാണെന്നാണ് ചില വ്യാപാരികൾ പറയുന്നത്. കോവിഡ്കാല ലോക്ഡൗണിനുശേഷം ഏറെ പ്രതീക്ഷയോടെയാണ് വ്യാപാര സ്ഥാപനങ്ങൾ തുറന്നുപ്രവർത്തിച്ചത്.സ്ഥാപനം തുറന്നുപ്രവർത്തിക്കാൻ തുടങ്ങിയതോടെ വാടക നൽകാൻ നിർബന്ധം പിടിക്കുകയാണ് കെട്ടിട ഉടമകൾ. ചിലർ അടച്ചിട്ട കാലത്തെ കുടിശ്ശികകൂടി ആവശ്യപ്പെടുന്നുണ്ട്. മാസങ്ങളായി വാടക നൽകാൻ കഴിയാതെ വരുകയും കുടിശ്ശിക വർധിക്കുകയും ചെയ്തതോടെ ഗത്യന്തരമില്ലാതെ എല്ലാം ഉപേക്ഷിച്ച് നാട്ടിലേക്ക് മുങ്ങിയവരുമുണ്ട്. പ്രതിസന്ധി പരിഗണിച്ച് വാടകക്ക് ഇളവ് നൽകിയ നിരവധി നല്ല മനസ്സുള്ള കെട്ടിട ഉടമകളുമുണ്ട്.
സന്ദർഭത്തിൻെറ ഗൗരവം കണക്കിലെടുത്ത് മാസവാടക പകുതിയാക്കിയും മറ്റും ചില കെട്ടിട ഉടമകൾ വാടക പുതുക്കി നിശ്ചയിച്ചിരുന്നു. എന്നാൽ, എന്തുവന്നാലും വാടക കുറക്കില്ലെന്ന നിലപാടുള്ള കെട്ടിട ഉടമകളുമുണ്ട്. തങ്ങളുടെ സാമ്പത്തിക പ്രയാസങ്ങൾ കണ്ടറിഞ്ഞ കെട്ടിട ഉടമ വാടക പകുതിയായി കുറച്ചതായി റൂവിയിലെ മലയാളി വ്യാപാര സ്ഥാപന നടത്തിപ്പുകാരൻ പറഞ്ഞു. വ്യാപാര സ്ഥാപനത്തിനും അനുബന്ധ സ്ഥാപനത്തിനുമായി 1200 റിയാൽ ഉണ്ടായിരുന്ന മാസാന്ത വാടക 600 റിയാലായി കുറച്ചതായി അദ്ദേഹം പറഞ്ഞു. എന്നാൽ, നിലവിലെ അവസ്ഥയിൽ ഇൗ വാടക പോലും നൽകാൻ കഴിയുന്നില്ലെന്നാണ് അദ്ദേഹം പറയുന്നത്. കച്ചവടം തീരെ മോശമായിട്ടുണ്ട്. കെട്ടിട വാടകയും ജീവനക്കാരുടെ ശമ്പളവും വൈദ്യുതി ബിൽ അടക്കമുള്ള അനുബന്ധ ചെലവുകളും വ്യാപാരത്തിലൂടെ ലഭിക്കുന്നില്ല. അതിനാൽ എന്ത് ചെയ്യണമെന്നറിയാതെ പ്രയാസപ്പെടുകയാണ്.
റൂവി അടക്കമുള്ള നഗരങ്ങളിലെ ഏതാണ്ടെല്ലാ വ്യാപാര സ്ഥാപനങ്ങളുടെയും അവസ്ഥ ഇങ്ങനെയാണ്. കച്ചവടം കുറഞ്ഞതിനാൽ പലരും പിടിച്ചുനിൽക്കാൻ ശ്രമിക്കുകയാണ്. വാടക അടക്കമുള്ള വിഷയങ്ങളിൽ ഇളവ് നൽകിയില്ലെങ്കിൽ പലർക്കും വ്യാപാര സ്ഥാപനങ്ങൾ അടക്കേണ്ടിവരും. ഇതോടെ ഇത്തരം സ്ഥാപനങ്ങളെ ആശ്രയിച്ച് കഴിയുന്ന നിരവധി പേർക്ക് േജാലിയും നഷ്ടപ്പെടും. ഏതായാലും കെട്ടിട ഉടമകളിൽനിന്നും സ്ഥാപന ഉടമകളിൽനിന്നും അനുകൂല നിലപാടാണ് വ്യാപാരികൾ പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.