റിഫയിൽ ഹൈടെക് പവർ സ്റ്റേഷൻ ഉപപ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
text_fieldsമനാമ: റിഫ സ്റ്റാറ്റ്കോം സ്റ്റേഷൻ ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ ഉദ്ഘാടനം ചെയ്തു. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ സ്ഥാനാരോഹണത്തിന്റെ രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചാണ് പുതിയ പദ്ധതിയുടെ ഉദ്ഘാടനം നടന്നത്. ഹമദ് രാജാവിന്റെ നേതൃത്വത്തിലുള്ള സമഗ്ര വികസന പ്രക്രിയക്കും തുടർനടപടികൾക്കും അനുസൃതമായി എല്ലാ ഉപഭോക്താക്കൾക്കും മുടങ്ങാതെ വൈദ്യുതി ലഭ്യത ഉറപ്പുവരുത്തുന്നതിനും വൈദ്യുതി ഗ്രിഡിന്റെ സ്ഥിരത നിലനിർത്തുന്നതിനും സ്റ്റാറ്റ്കോം സ്റ്റേഷനുകൾ സഹായകമാണ്.
നൂതന സാങ്കേതിക സംവിധാനങ്ങളിലൂടെ ഉൽപാദനശേഷി വർധിപ്പിക്കാനും കാര്യക്ഷമത വർധിപ്പിക്കാനും ലക്ഷ്യമിട്ടുള്ള സ്റ്റാറ്റ്കോം സ്റ്റേഷനുകൾ ഉൾപ്പെടെയുള്ള ഇലക്ട്രിസിറ്റി ഗ്രിഡ് ഇൻഫ്രാസ്ട്രക്ചർ വികസിപ്പിക്കാനും നവീകരിക്കാനുമുള്ള സർക്കാറിന്റെ താൽപര്യം ഉപപ്രധാനമന്ത്രി എടുത്തുപറഞ്ഞു.
ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ഇ.ഡബ്ല്യു.എ) പ്രസിഡന്റ് കമാൽ ബിൻ അഹമ്മദ് മുഹമ്മദ് പദ്ധതി സംബന്ധിച്ച് ഉപപ്രധാനമന്ത്രിയോട് വിശദീകരിച്ചു.വൈദ്യുതി ട്രാൻസ്മിഷൻ നെറ്റ്വർക്കുകൾ വികസിപ്പിക്കുന്നതിനും നവീകരിക്കുന്നതിനുമുള്ള ഇ.ഡബ്ല്യു.എയുടെ പദ്ധതിയുമായി ബന്ധപ്പെട്ടാണ് സ്റ്റേഷൻ സ്ഥാപിക്കുന്നത്. റിഫ, മനാമ, ഹിദ്ദ് എന്നിവിടങ്ങളിൽ സ്റ്റേഷനുകൾ നടപ്പാക്കുന്നതിന് 38 ദശലക്ഷം ദീനാർ അനുവദിച്ചിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായ ഹിദ്ദ്, മനാമ സ്റ്റേഷനുകൾ ഈ വർഷംതന്നെ ഉദ്ഘാടനം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്.
റിമോട്ട് കൺട്രോൾ, സൂപ്പർവൈസറി കൺട്രോൾ, ഡേറ്റ അക്വിസിഷൻ (എസ്.സി.എ.ഡി.എ) സംവിധാനങ്ങൾ, അത്യാധുനിക സൈബർ സുരക്ഷ സാങ്കേതികവിദ്യകൾ, ഫൈബർ-ഒപ്റ്റിക് കമ്യൂണിക്കേഷൻ നെറ്റ്വർക് എന്നിവ ഉപയോഗിക്കും. ഓരോ സ്റ്റേഷനും 4,000 മുതൽ 5,000 ചതുരശ്ര മീറ്റർ വരെ വിസ്തീർണമുള്ളതാണ്.
വൈദ്യുതി പ്രസരണ, വിതരണ ശൃംഖലകളുടെ കാര്യക്ഷമത, വിശ്വാസ്യത, ഗുണനിലവാരം, അത്യാഹിത ഘട്ടങ്ങളിൽ സുരക്ഷിതമായ പ്രവർത്തനം എന്നിവ പദ്ധതി ഉറപ്പാക്കുന്നു. ഗൾഫ് സഹകരണ കൗൺസിൽ ഇന്റർകണക്ഷൻ അതോറിറ്റി, ഐറിഷ് കൺസൽട്ടൻസിയുമായി സഹകരിച്ചാണ് കൺസൽട്ടൻസി സേവനങ്ങൾ നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.