ചൂട്: മസ്കത്തിൽ ബോധവത്കരണവുമായി തൊഴിൽ മന്ത്രാലയം
text_fieldsമസ്കത്ത്: കനത്ത ചൂടിൽനിന്ന് സംരക്ഷണം ഒരുക്കുന്നതിന്റെ ഭാഗമായി തൊഴിൽ മന്ത്രാലയം മസ്കത്ത് ഗവർണറേറ്റിൽ ബോധവത്കരണ കാമ്പയിന് തുടക്കം കുറിച്ചു. ഒക്യുപേഷനൽ സേഫ്റ്റി ആൻഡ് ഹെൽത്ത് വകുപ്പ് മുഖേന ഗവർണറേറ്റിലെ റുസൈൽ ഇൻഡസ്ട്രിയൽ ഏരിയയിൽ ആണ് ബോധവത്കരണ പരിപാടികൾ നടത്തിയത്.
നിരവധി സ്വകാര്യ മേഖല കമ്പനികളുമായി സഹകരിച്ച് നടത്തുന്ന ഈ സംരംഭം, ചൂടിന്റെ ഭാഗമായുള്ള അപകടങ്ങളെക്കുറിച്ചും അപകടസാധ്യതകൾ ലഘൂകരിക്കുന്നതിനുള്ള പ്രതിരോധ നടപടികളെക്കുറിച്ചും തൊഴിലാളികളെ ബോധവത്കരിക്കുകയാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.
ഉച്ച വിശ്രമ നിയമം നടപ്പാക്കേണ്ടതിന്റെ ആവശ്യകതയിൽ ഊന്നി കഴിഞ്ഞ ദിവസങ്ങളിലും വിവിധ ഗവർണറേറ്റുകളിൽ തൊഴിൽ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ബോധവത്കരണ കാമ്പയിനുകൾ നടപ്പാക്കിയിരുന്നു. ദിവസങ്ങൾക്ക് മുമ്പ് രാജ്യത്ത് പലയിടത്തും 50 ഡിഗ്രി സെൽഷ്യസിനടുത്താണ് താപനില രേഖപ്പെടുത്തിയിരുന്നത്.
അതേസമയം, ഉച്ചവിശ്രമ നിയമ ലംഘനവുമായി ബന്ധപ്പെട്ട് മസ്കത്തിൽ 49 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കത്തുന്ന വെയിലിൽ തൊഴിലാളികൾക്ക് ആശ്വാസമേകാനായുള്ള നിയമം പ്രാബല്യത്തിൽ വന്ന് ഒരു മാസത്തിനിടെയാണ് ഇത്തരം ലംഘനങ്ങൾ കമ്പനികളുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. നിയമം പാലിക്കാത്ത കമ്പനികൾക്ക് പിഴ ചുമത്തി.
തലസ്ഥാന നഗരിയിൽ തൊഴിൽ മന്ത്രാലയം അധികൃതർ 143 ഫീൽഡ് സന്ദർശനങ്ങളും തൊഴിലുടമകൾക്കും ജീവനക്കാർക്കുമായി 72 ബോധവത്കരണ സെഷനുകളും നടത്തി. വടക്കൻ ബാത്തിനയിൽ തൊഴിലുടമകൾക്കും ജീവനക്കാർക്കുമായി 54 ഫീൽഡ് സന്ദർശനങ്ങളും 17 ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചു. ദാഖിലിയ, ദാഹിറ, ദോഫാർ, ബുറൈമി, മുസന്ദം എന്നീ ഗവർണറേറ്റുകളിലും ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.
തൊഴിൽ മന്ത്രാലയം എല്ലാ വർഷവും പ്രഖ്യാപിക്കാറുള്ള ഉച്ച വിശ്രമവേള ജൂൺ ഒന്ന് മുതൽ ആണ് പ്രാബല്യത്തിൽ വന്നത്. ഒമാൻ തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 16 പ്രകാരമാണ് ജൂൺ മുതൽ ആഗസ്റ്റ് വരെയുള്ള കാലയളവിൽ പുറത്ത് ജോലിയെടുക്കുന്ന തൊഴിലാളികൾക്ക് വിശ്രമം നൽകുന്നത്. ഇതുപ്രകാരം പുറത്ത് ജോലികളിലേർപ്പെട്ടിരിക്കുന്ന തൊഴിലാളികൾക്ക് ഉച്ചക്ക് 12.30 മുതൽ 3.30വരെയുള്ള സമയങ്ങളിൽ വിശ്രമം നൽകാൻ കമ്പനിയും തൊഴിൽ സ്ഥാപനങ്ങളും ബാധ്യസ്ഥരാണ്.
തൊഴിലാളികളുടെ ആരോഗ്യ, തൊഴിൽ സുരക്ഷയും മറ്റും പരിഗണിച്ചാണ് അധികൃതർ മധ്യാഹ്ന അവധി നൽകുന്നത്. ഉച്ചവിശ്രമം നടപ്പിലാക്കാൻ തൊഴിൽ സ്ഥാപനങ്ങളുടെയും കമ്പനികളുടെയും സഹകരണം ബന്ധപ്പെട്ടവർ നടത്തിയിട്ടുണ്ട്. അതേസമയം, ഇത് ലംഘിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി. 500 റിയാലിൽ കുറയാത്തതും 1000 റിയാലിൽ കൂടാത്തതുമായ പിഴയും ചുമത്തും.
തൊഴിലാളികളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനായി എല്ലാ നിർമാണ, തുറസ്സായ സ്ഥലങ്ങളിലും ഉച്ചസമയങ്ങളിൽ ജോലി നിർത്തിവെക്കേണ്ടതാണെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ഉച്ച സമയങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ഏതെങ്കിലും തരത്തിലുള്ള ലംഘനങ്ങൾ കണ്ടെത്തിയാൽ തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 118ലെ വ്യവസ്ഥകൾ അനുസരിച്ച് മന്ത്രാലയം നിയമ നടപടികൾ സ്വീകരിക്കും.
നിയമം പാലിക്കുന്നുണ്ടോ എന്ന് ടാസ്ക് ഫോഴ്സ് നിരീക്ഷിക്കും. കേസ് ആവർത്തിക്കുന്ന സാഹചര്യത്തിൽ ജുഡീഷ്യൽ അധികാരികൾക്ക് കൈമാറും. നിയമം പാലിക്കാത്ത സ്ഥാപനങ്ങളെക്കുറിച്ച് ഫോൺ വഴിയോ മന്ത്രാലയത്തിന്റെ വെബ്സൈറ്റുകൾ വഴിയോ അറിയിക്കാവുന്നതാണെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.